Tuesday
21 May 2019

ഒറ്റക്കെട്ടായി എല്‍ഡിഎഫ്: തമ്മിലടിച്ച് യുഡിഎഫ് – എന്‍ഡിഎ മുന്നണികള്‍

By: Web Desk | Friday 8 March 2019 10:43 PM IST


ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനിരിക്കുന്നതേയുള്ളൂ. അതിന് മുമ്പ് തന്നെ സീറ്റു വിഭജനം പൂര്‍ത്തിയാക്കിയ എല്‍ഡിഎഫ് ഇന്ന് സ്ഥാനാര്‍ഥികളെ അന്തിമമായി പ്രഖ്യാപിക്കാനിരിക്കുകയും ചെയ്യുന്നു. സിപിഐ മത്സരിക്കുന്ന നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ ദേശീയ നേതൃത്വം ഇന്നലെ പ്രഖ്യാപിച്ചു. സിപിഐ(എം) സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും.  എല്‍ഡിഎഫ് പുതിയ കക്ഷികളെ ഉള്‍പ്പെടുത്തി വികസിപ്പിച്ചെങ്കിലും അസ്വാരസ്യങ്ങളൊന്നുമില്ലാതെയാണ് തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങുന്നത്. മുന്നണിയിലെ ഘടകകക്ഷികളുടെയെല്ലാം പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് രണ്ടാഴ്ചയോളം നീണ്ട കേരള സംരക്ഷണയാത്രകള്‍ സംഘടിപ്പിച്ച ശേഷമാണ് മണിക്കൂറുകള്‍ മാത്രം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഇടതുമുന്നണിയുടെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയത്. പുതിയ കക്ഷികളുടെ കടന്നുവരവോടെ കലഹങ്ങളും കലാപങ്ങളും സ്വപ്‌നം കണ്ടവരെ നിരാശപ്പെടുത്തിയാണ് ഇന്നലെ എല്‍ഡിഎഫ് കണ്‍വീനര്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയ വിവരം അറിയിച്ചിരിക്കുന്നത്. ഘടകകക്ഷി യോഗഹാളിന്റെ വാതിലുകള്‍ക്ക് മുന്നില്‍ എന്തൊക്കെയോ പ്രതീക്ഷിച്ച മാധ്യമങ്ങളും നിരാശരായി. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് മണ്ഡലം തല കണ്‍വന്‍ഷനുകളുമായാണ് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്കിറങ്ങുന്നത്. അഭൂതപൂര്‍വമായ ജനമുന്നേറ്റത്തിന് വഴിയൊരുക്കിയാണ് പതിനാല് ജില്ലകളിലും എല്‍ഡിഎഫ് കേരള സംരക്ഷണയാത്രകള്‍ പര്യടനം നടത്തിയത്. തൃശൂരിലെ സമാപനവും വന്‍ റാലിയോടെയായിരുന്നു. ഇതെല്ലാം നല്‍കുന്ന ആത്മവിശ്വാസവും എല്‍ഡിഎഫ് സര്‍ക്കാര്‍ ആയിരം ദിവസങ്ങള്‍കൊണ്ട് കേരളത്തില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിക്കുന്ന ജനപിന്തുണയുമായാണ് തെരഞ്ഞെടുപ്പ് രംഗത്തേക്കിറങ്ങുന്നത്.
എന്നാല്‍ യുഡിഎഫും എന്‍ഡിഎയും ഇപ്പോഴും തൊഴുത്തില്‍ കുത്തും ആഭ്യന്തര കലഹങ്ങളുമായി ഉഴലുകയാണ്. സ്ഥാനാര്‍ഥികളെ കണ്ടെത്താനായില്ലെന്ന് മാത്രമല്ല മണ്ഡലങ്ങളുടെ കാര്യത്തിലും ഇതുവരെ എങ്ങുമെത്താനായില്ല. സീറ്റ് വിഭജനം മാത്രമല്ല സ്ഥാനാര്‍ഥി നിര്‍ണയവും ഇരുമുന്നണികളെയും കുഴപ്പത്തിലാക്കിയിരിക്കുകയാണ്.

മുന്നണികളില്‍ തമ്മിലടിയാണെങ്കില്‍ പാര്‍ട്ടികളില്‍ ഗ്രൂപ്പുകളായി പിരിഞ്ഞുള്ള അടിയാണ് നടക്കുന്നത്. ഒരു കക്ഷിയും അക്കാര്യത്തില്‍ വേറിട്ടു നില്‍ക്കുന്നില്ല. യുഡിഎഫില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ്, മുസ്‌ലിംലീഗ് കക്ഷികളും തമ്മില്‍ മാത്രമല്ല പ്രശ്‌നങ്ങളുള്ളത്. കഴിഞ്ഞ തവണത്തേതിനെക്കാള്‍ സീറ്റ് വേണമെന്ന ആവശ്യമുയര്‍ത്തിയുള്ള തര്‍ക്കത്തോടൊപ്പം മൂന്ന് കക്ഷികളിലും സ്ഥാനാര്‍ഥികളാകുന്നതിനുള്ള ഉള്‍പ്പോരും നടക്കുന്നുണ്ട്. പല തവണ ചര്‍ച്ചകളും ഉഭയകക്ഷി ചര്‍ച്ചകളും നടത്തിയിട്ടും ഒരു വഴിക്കെത്താനായിട്ടില്ല. മത്സരിക്കേണ്ട മണ്ഡലങ്ങളെകുറിച്ചുള്ള തര്‍ക്കങ്ങളും രൂക്ഷമാണ്.
ഒരു സീറ്റില്‍പോലും ജയിക്കാനാവില്ലെങ്കിലും എന്‍ഡിഎയിലും രൂക്ഷമായ തര്‍ക്കമാണ്. ഒറ്റക്കല്ലില്‍ തീര്‍ത്ത വിഗ്രഹമെന്നൊക്കെ മേനി നടിക്കാറുണ്ടായിരുന്ന ബിജെപിയാകട്ടെ ആകെക്കൂടി ഗ്രൂപ്പ് പോരില്‍ ഉഴലുകയാണ്. ഒന്നല്ല പല ഗ്രൂപ്പുകളാണ് പാര്‍ട്ടിയിലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. സീറ്റ് മോഹവുമായി നടക്കുന്ന പലരെയും ഉല്‍ക്കണ്ഠയിലാക്കിക്കൊണ്ട് ഗവര്‍ണറായി പോയിരുന്ന കുമ്മനം സ്ഥാനം രാജിവച്ച് വരുന്നുവെന്നതാണ് അവസാനത്തെ വാര്‍ത്ത. അദ്ദേഹത്തിന്റെ വരവ് ഗ്രൂപ്പ് പോര് കൊഴുപ്പിക്കുമെന്നുറപ്പാണ്. തന്നെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് കെട്ടുകെട്ടിച്ചവരോടുള്ള പകയുമായാണ് അദ്ദേഹം തിരികെ വരുന്നത്. ബിഡിജെഎസ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികളും ബിജെപിയും തമ്മില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നു. ശബരിമലയും ഇന്തോ – പാക് യുദ്ധാന്തരീക്ഷം തീര്‍ത്ത ദേശീയ വികാരവും വോട്ടാകുമെന്ന് പ്രതീക്ഷിക്കുന്നവര്‍ക്ക് സ്വന്തം പാര്‍ട്ടിയെ ഒറ്റക്കെട്ടായി നയിക്കാന്‍ പോലുമാകാത്ത ദയനീയ കാഴ്ചയ്ക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്.

ഈയൊരു പശ്ചാത്തലത്തിലാണ് ഒറ്റക്കെട്ടായി രംഗത്തിറങ്ങുന്നതെന്നത് എല്‍ഡിഎഫിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ സഹായകമാണ്. എങ്കിലും കേന്ദ്രഭരണത്തിന്റെ പിന്‍ബലവും പണക്കൊഴുപ്പുമായാണ് എന്‍ഡിഎയും യുഡിഎഫും കളത്തിലെത്തുകയെന്ന ബോധ്യത്തോടെയാവണം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ രംഗത്തുണ്ടാവേണ്ടത്.  കുപ്രചരണങ്ങളും തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകളും സാമുദായിക ധ്രുവീകരണശ്രമങ്ങളും ഉള്‍പ്പെടെ നടത്തി വോട്ട് പെട്ടിയിലാക്കാനുള്ള എല്ലാ കുതന്ത്രങ്ങളും ഇരു മുന്നണികളുടെയും ഭാഗത്തുനിന്നുണ്ടാകും. അതിനെയെല്ലാം കരുതലോടെ നേരിടാനുള്ള സന്നദ്ധതയാണ് എല്‍ഡിഎഫിന്റെ കരുത്ത്.  മതേതര മൂല്യങ്ങളോടുള്ള പ്രതിബദ്ധതയും മൂന്ന് വര്‍ഷം പൂര്‍ത്തിയാകാന്‍ പോകുന്ന സംസ്ഥാന സര്‍ക്കാരിന്റെ വികസന നയങ്ങളും പദ്ധതികളും ജനങ്ങള്‍ അംഗീകരിച്ചുകഴിഞ്ഞ സാഹചര്യത്തില്‍ ഒറ്റക്കെട്ടായുള്ള മുന്നേറ്റത്തിലൂടെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചരിത്രമെഴുതാന്‍ എല്‍ഡിഎഫിന് സാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.