‘തിരിച്ചറിയപ്പെട്ട്’ ട്രാന്‍സ്‌ജെന്‍ഡേഴ്‌സും

Web Desk
Posted on April 30, 2018, 7:40 pm

കോഴിക്കോട്: വര്‍ഷങ്ങളോളമുള്ള കാത്തിരിപ്പിന്‍റെയും പ്രയത്‌നത്തിന്‍റെയുമൊടുവില്‍ ജില്ലയിലെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമായി. സംസ്ഥാന സര്‍ക്കാര്‍ സാമൂഹ്യ നീതി വകുപ്പ് മുഖേനയാണ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്തത്. കാര്‍ഡ് വിതരണം കലക്ടര്‍ യു വി ജോസ് നിര്‍വഹിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കമ്യൂണിറ്റി ബേസ്ഡ് ഓര്‍ഗനൈസേഷന്‍ ജില്ലാ പ്രസിഡന്റ് സിസിലി ജോര്‍ജിനു നല്‍കിക്കൊണ്ടാണ് കലക്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്തത്. നാട്ടുകാരും വീട്ടുകാരും ഉപേക്ഷിച്ച് സ്വന്തം കാലില്‍ നില്‍ക്കാന്‍ എന്തെങ്കിലും ജോലി ചെയ്യാന്‍ ശ്രമിക്കുന്ന തങ്ങള്‍ക്ക് തിരിച്ചറിയല്‍ രേഖ ഇല്ലാത്തതിന്‍റെ ബുദ്ധിമുട്ട് നേരിടേണ്ടി വരാറുണ്ടായിരുന്നെന്നും അതിന് പരിഹാരമായതിനാല്‍ ഏറെ സന്തോഷമുണ്ടെന്നും തിരിച്ചറിയില്‍ കാര്‍ഡ് സ്വീകരിച്ച ശേഷം സിസിലി ജോര്‍ജ് പറഞ്ഞു.

ജില്ലാതല സ്‌ക്രീനിംഗ് കമ്മിറ്റി മുമ്പാകെ ഹാജരായ 27 പേര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു. സംസ്ഥാന സര്‍ക്കാറിന്‍റെ ട്രാന്‍സ്‌ജെന്‍റര്‍ പോളിസിയുടെ ഭാഗമായി ഈ വിഭാഗക്കാര്‍ക്ക് മുഴുവന്‍ അപേക്ഷിക്കുന്ന മുറയ്ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം നടത്താന്‍ നടപടികള്‍ സ്വീകരിക്കുതാണെന്നും ട്രാന്‍സ്‌ജെന്‍റര്‍ വിഭാഗക്കാര്‍ക്കും സംസ്ഥാന സര്‍ക്കാറിന്‍റെ വിവിധ ക്ഷേമ പദ്ധതികളായ സ്വയം തൊഴില്‍ ധനസഹായ പദ്ധതി, ഐഡി കാര്‍ഡ് വിതരണം ഡ്രൈവിംഗ് പരിശീലനം, തുടര്‍ വിദ്യാഭ്യാസ സഹായം, സ്‌കോളര്‍ഷിപ്പ് തുടങ്ങിയ സേവന പദ്ധതികള്‍ ഫലപ്രദമായി ജില്ലയില്‍ നടപ്പിലാക്കുന്നതിന് എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ ഉണ്ടാവണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു. ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍, ജില്ലാ സാമൂഹ്യനീതി സീനിയര്‍ സൂപ്രണ്ട് പരമേശ്വരന്‍, ജൂനിയര്‍ സൂപ്രണ്ട് ടി ടി സുനില്‍കുമാര്‍, ഹെഡ് അക്കൗണ്ടന്റ് എം ടി ഹവ്വ, എന്നിവര്‍ പങ്കെടുത്തു. സംസ്ഥാനസര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പു മുഖേനയാണ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്തത്.