ബംഗാളില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ അസാധാരണ നടപടി

Web Desk
Posted on May 15, 2019, 10:48 pm

കൊല്‍ക്കത്ത: ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും (ടിഎംസി) തമ്മിലുടലെടുത്ത സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഒരുദിവസം വെട്ടിക്കുറച്ചു. രണ്ട് ഉന്നത ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്. ആഭ്യന്തര വകുപ്പ് സെക്രട്ടറി, കുറ്റാന്വേഷണ വിഭാഗം അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ എന്നിവരെയാണ് സ്ഥലം മാറ്റിയത്. സംസ്ഥാന ചീഫ് സെക്രട്ടറിക്ക് ആഭ്യന്തരവകുപ്പ് സെക്രട്ടറിയുടെ ചുമതല നല്‍കിയിട്ടുണ്ട്.

ഇന്ന് രാത്രി പത്തിനുശേഷം പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നാണ് കമ്മിഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഞായറാഴ്ച നടക്കുന്ന അവസാന ഘട്ടത്തില്‍ ഒമ്പത് മണ്ഡലങ്ങളിലാണ് ബംഗാളില്‍ വോട്ടെടുപ്പ് നടക്കുന്നത്. നിലവിലുള്ള നിമയമനുസരിച്ച് വെള്ളിയാഴ്ച വൈകിട്ട് അഞ്ചുവരെയാണ് പരസ്യ പ്രചാരണത്തിനുള്ള സമയം.

ബിജെപി അധ്യക്ഷന്‍ അമിത് ഷാ പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലിക്ക് പിന്നാലെയാണ് കൊല്‍ക്കത്തയിലും പരിസരങ്ങളിലും സംഘര്‍ഷം ഉടലെടുത്തത്. രണ്ടു ദിവസമായി തുടരുന്ന സംഘര്‍ഷം സംബന്ധിച്ച് ടിഎംസിയും ബിജെപിയും തെരഞ്ഞടുപ്പ് കമ്മിഷന് പരാതി നല്‍കിയിരുന്നു. സംഘര്‍ഷം സംബന്ധിച്ച് സംസ്ഥാനത്തുള്ള രണ്ട് നിരീക്ഷകര്‍, സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ എന്നിവരില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിരുന്നു. പ്രസ്തുത റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ് അസാധാരണമായ നടപടി കൈക്കൊണ്ടിരിക്കുന്നത്. സംഘര്‍ഷം സംബന്ധിച്ച് ഗവര്‍ണറുടെ റിപ്പോര്‍ട്ടും ഇന്നലെ രാത്രിയോടെ തെരഞ്ഞെടുപ്പ് കമ്മിഷന് ലഭിച്ചിട്ടുണ്ട്.

ഭരണഘടനയിലെയും ജനപ്രാതിനിധ്യനിയമത്തിലെയും വകുപ്പുകളനുസരിച്ച് അസാധാരണമായ നടപടി കൈക്കൊള്ളുകയാണെന്ന് ഉപതെരഞ്ഞെടുപ്പ് കമ്മിഷണര്‍ സന്ദീപ് സക്‌സേന അറിയിച്ചു. പൊതുയോഗങ്ങള്‍, തെരുവ് യോഗങ്ങള്‍, സിനിമ പ്രദര്‍ശനം, ടെലിവിഷന്‍ പ്രചരണം എന്നിങ്ങനെ ഒരു തരത്തിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളും നടത്തരുതെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.

ആദ്യമായാണ് 324-ാം വകുപ്പ് പ്രയോഗിക്കേണ്ടിവന്നിരിക്കുന്നത്. എന്നാല്‍ ഇത് അവസാനത്തേതായിരിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ആഗ്രഹമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐ സി വിദ്യാസാഗറുടെ പ്രതിമ തകര്‍ത്തതുപോലുള്ള സംഭവം അത്യന്തം അപലപനീയമാണ്. സൈദ്ധാന്തികന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ തുടങ്ങിയ നിരവധി നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം വിധവകളുടെ പുനര്‍വിവാഹമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇടപെടുകയും അതിനായി ബോധവല്‍ക്കരണം നടത്തുകയും ചെയ്ത വ്യക്തിയായിരുന്നുവെന്ന് സന്ദീപ് സക്‌സേന പറഞ്ഞു.

അമിത്ഷായുടെ റോഡ്‌ഷോയ്ക്കിടെ ആരംഭിച്ച അക്രമസംഭവങ്ങളുടെ തുടര്‍ച്ചയായാണ് വിദ്യാസാഗറുടെ പ്രതിമ തകര്‍ക്കപ്പെട്ടത്. കാവിവസ്ത്രം ധരിച്ച പ്രവര്‍ത്തകര്‍ കോളജുകളും കടകളും വാഹനങ്ങളും അടിച്ചുതകര്‍ക്കുന്നതിന്റെ വീഡിയോ സഹിതമായിരുന്നു ടിഎംസി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കിയത്. എന്നാല്‍ അമിത് ഷായുടെ പരിപാടിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ അക്രമമുണ്ടാക്കിയെന്നാണ് ബിജെപി ആരോപിക്കുന്നത്.
ബിജെപി ബംഗാളിനെ ഭയക്കുന്നുവെന്നതിനാല്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ പാവയാക്കി കാര്യങ്ങള്‍ തങ്ങള്‍ക്കനുകൂലമാക്കുന്നതിന് ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. ഗുണ്ടകളുമായാണ് അമിത് ഷാ റാലിക്കെത്തിയത്. അവരാണ് നാട്ടില്‍ സംഘര്‍ഷമുണ്ടാക്കിയത്. ഭരണത്തില്‍ നിന്ന് പോകുമെന്നുറപ്പായ സാഹചര്യത്തില്‍ കുഴപ്പമുണ്ടാക്കി ബംഗാളില്‍ ജയിക്കാമെന്നാണ് ബിജെപി വ്യാമോഹിക്കുന്നതെന്ന് അവര്‍ പറഞ്ഞു.

ബംഗാളില്‍ തെരഞ്ഞെടുപ്പ് നടന്ന എല്ലാ ഘട്ടങ്ങളിലും ബിജെപിയും ടിഎംസിയും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. തെരഞ്ഞെടുപ്പ് ദിവസം ബൂത്തുപിടിത്തവും അക്രമവും നടന്ന സംഭവങ്ങളുമുണ്ടായിരുന്നു. പരസ്പരമുള്ള ഏറ്റുമുട്ടലിന് പുറമേ ഇടതുസ്ഥാനാര്‍ഥികള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെയും ഇരു പാര്‍ട്ടികളും അക്രമം അഴിച്ചുവിട്ടിരുന്നു. ഇടതുസ്ഥാനാര്‍ഥി മുഹമ്മദ് സലിം ഉള്‍പ്പെടെയുള്ളവര്‍ അക്രമത്തിനിരയായി.

You May Also Like This: