Web Desk

കൊച്ചി

April 12, 2021, 2:23 pm

തെരഞ്ഞെടുപ്പ് കമ്മീഷന് തിരിച്ചടി; രാജ്യസഭ തെരഞ്ഞെടുപ്പ് മെയ് രണ്ടിനകം നടത്തണമെന്ന് ഹൈക്കോടതി

Janayugom Online

രാജ്യസഭാ തെരഞ്ഞെടുപ്പ് മെയ് രണ്ടിനകം നടത്തണമെന്ന് ഹൈക്കോടതി. തെരഞ്ഞെടുപ്പിന് കാലതാമസം വരുത്തരുതെന്നും അടുത്ത നിയമസഭ സത്യപ്രതിജ്ഞ ചെയ്യും മുൻപ് തെരഞ്ഞെടുപ്പ് നടക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. നിലവിലെ നിയമസഭാ അംഗങ്ങൾക്കാണ് വോട്ടവകാശമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.പുതിയ നിയമസഭ രൂപീകരിച്ചശേഷം രാജ്യസഭ തെരഞ്ഞെടുപ്പ് നടത്തിയാല്‍ മതിയെന്ന് നിയമോപദേശം ലഭിച്ചതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കാലാവധി കഴിഞ്ഞ നിലവിലെ നിയമസഭംഗങ്ങള്‍ വോട്ടുചെയ്യുന്നത് ധാര്‍മ്മികമായി ശരിയല്ലെന്നാണ് നിയമമന്ത്രാലയം അറിയിച്ചതെന്നും കമ്മിഷന്‍ പറഞ്ഞു. എന്നാല്‍ ഈ വാദങ്ങള്‍ ഹൈക്കോടതി തളളി.

കേരളത്തില്‍ നിന്നുളള മൂന്ന് രാജ്യസഭാംഗങ്ങളാണ് ഈ മാസം 21ന് വിരമിക്കുന്നത്. നിലവിലെ നിയമസഭാംഗങ്ങളുമായി തെരഞ്ഞെടുപ്പ് നടത്തിയാല്‍ രണ്ട് പേരെ വിജയിപ്പിക്കാന്‍ഇടതുമുന്നണിക്ക് കഴിയും. നേരത്തെ ഈ നിയമസഭയുടെ കാലാവധിക്കുളളില്‍ തന്നെ വോട്ടെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിരുന്നു. പിന്നീട് തെരഞ്ഞെടുപ്പ് മാറ്റിവച്ചതോടെ കാരണം വിശദമാക്കാന്‍ ഹൈക്കോടതി കമ്മിഷനോട് ആവശ്യപ്പെടുകയായിരുന്നു.

കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് നീട്ടിവച്ചതിന് ചോദ്യം ചെയ്ത് നിയമസഭാ സെക്രട്ടറി, സിപിഐഎം എന്നിവരാണ് ഹർജി നൽകിയത്. തെരഞ്ഞെടുപ്പ് മാറ്റി വച്ചത് നിയമോപദേശം ലഭിച്ചതിന് ശേഷമെന്ന് കമ്മീഷൻ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്തായിരുന്നു രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് മാറ്റി വച്ചത്. പുതിയ നിയമസഭ നിലവിൽ വരുമ്പോൾ ജനഹിതം കൂടി കണക്കിലെടുക്കേണ്ടി വരും. 

കൂടാതെ, രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കാൻ നിയമ മന്ത്രാലയം ശുപാർശ ചെയ്തിരുന്നു. പുതിയ നിയമ സഭ രൂപീകരിച്ച ശേഷം തെരഞ്ഞെടുപ്പ് നടത്തിയാൽ മതിയെന്ന് നിയമോപദേശം ലഭിച്ചിരുന്നുവെന്നും കമ്മീഷൻ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. ഏപ്രിൽ 21 ന് മുൻപ് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഈ മാസം 31 നകം നാമനിർദേശ പത്രിക സമർപ്പണം അടക്കം നടപടികൾ പൂർത്തിയാക്കി അടുത്ത മാസം 12 ന് തെരഞ്ഞെടുപ്പ് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, മാർച്ച് 24ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് മരവിപ്പിക്കുകയായിരുന്നു.

Updat­ing.…

eng­lish summary:Election Com­mis­sion hits back; Rajya Sab­ha polls to be held by May 2
you may also like this video