Web Desk

ന്യൂഡല്‍ഹി

February 03, 2020, 3:42 pm

ഷഹീന്‍ബാഗിലേയും ജാമിയ മിലിയയിലേയും വെടിവയ്പ്പ്: ഡെപ്യൂട്ടി പൊലീസ് കമ്മിഷണറെ തല്‍സ്ഥാനത്തു നിന്നും നീക്കി

Janayugom Online

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഡല്‍ഹി (സൗത്ത് ഈസ്റ്റ്) ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫ് പൊലീസ് ചിന്‍മൊയി ബിസ്‌വാളിനെ തല്‍സ്ഥാനത്തുനിന്നും നീക്കി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ ഷഹീന്‍ബാഗിലും ജാമിയ മിലിയയിലും വെടിവയ്പ്പുണ്ടായതിനെ തുടര്‍ന്നാണ് നടപടി. വെടിവയ്പ്പുണ്ടായ രണ്ടിടവും ചിന്‍മൊയി ബിസ്‌വാളിന്റെ അധികാരപരിധിയില്‍ വരുന്ന സ്ഥലങ്ങളാണ്. മാത്രമല്ല ഞായറാഴ്ച രാത്രി ജാമിയ മിലിയ സര്‍വ്വകലാശാലയ്ക്ക് സമീപം വീണ്ടും പ്രതിഷേധക്കാര്‍ക്ക് നേരെ വെടിവയ്പ്പുണ്ടായിരുന്നു.

2008 ഐപിഎസ് ബാച്ചില്‍പെടുന്ന ഡല്‍ഹി സൗത്ത് ഈസ്റ്റ് ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫ് പൊലീസ് ചിന്‍മൊയി ബിസ്‌വാളിനെ തല്‍സ്ഥാനത്തുനിന്ന് അടിയന്തമായി നീക്കം ചെയ്യുകയാണെന്നും ആഭ്യന്ത മന്ത്രാലയത്തില്‍ ഉടനടി റിപ്പോര്‍ട്ട് ചെയ്യേണ്ടതാണെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട നിര്‍ദേശത്തില്‍ പറയുന്നത്. കുമാര്‍ ഗ്യാനേഷ് എന്ന സീനിയര്‍ ഉദ്യോഗസ്ഥനാണ് ഡിസിപിയുടെ താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുന്നത്.

സ്ഥിരം പോസ്റ്റില്‍ നിയമിക്കാനായി മൂന്ന് ഉദ്യോഗസ്ഥരുടെ പേര് നിര്‍ദേശിക്കാനും തെരഞ്ഞടുപ്പ് കമ്മീഷന്‍ ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി എട്ടിന് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ നിയമവാഴ്ച ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും ഡിസിപിയുടെ ഭാഗത്തു നിന്ന് കൃത്യവിലോപം ഉണ്ടായെന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

Eng­lish Sum­ma­ry: Elec­tion Com­mis­sion removed DCP Chin­moy Bisw­al from his post

YOU MAY ALSO LIKE THIS VIDEO