19 July 2025, Saturday
KSFE Galaxy Chits Banner 2

Related news

July 2, 2025
June 28, 2025
June 28, 2025
June 24, 2025
June 22, 2025
June 18, 2025
June 17, 2025
June 12, 2025
June 10, 2025
May 30, 2025

തെരഞ്ഞെടുപ്പ് കമ്മിഷൻ: ബലിയാടും വിധേയജീവിയും

അബ്ദുൾ ഗഫൂർ
February 23, 2025 4:45 am

‘തെരഞ്ഞെടുപ്പ് കമ്മിഷൻ ഏറ്റവും അനുയോജ്യമായ ബലിയാടായി മാറിയിരിക്കുന്നു’ എന്നുപറഞ്ഞത് സ്ഥാനമൊഴിഞ്ഞ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാറാണ്. ഫെബ്രുവരി 18ന് സ്ഥാനമൊഴിഞ്ഞ അദ്ദേഹം 17ന് യാത്രയയപ്പ് വേളയിലാണ് ഈ പരാമർശം നടത്തിയത്. വോട്ടെടുപ്പോ വോട്ടെണ്ണലോ പുരോഗമിക്കുന്നതിനിടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ ആരോപണങ്ങൾ ഉൾപ്പെടെ ഉന്നയിക്കുന്നുവെന്നും എന്നാൽ കമ്മിഷൻ സംയമന നയം പിന്തുടരുകയായിരുന്നു എന്നുമാണ് അദ്ദേഹത്തിന്റെ വാക്കുകൾ. നാലര വർഷത്തോളം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനിൽ പ്രവർത്തിച്ച വ്യക്തിയാണ് രാജീവ് കുമാർ. 2020 സെപ്റ്റംബർ ഒന്നുമുതൽ 22 മേയ് 14 വരെ കമ്മിഷണറും അതിനുശേഷം ഈ വർഷം ഫെബ്രുവരി 18വരെ മുഖ്യ കമ്മിഷണറുമായിരുന്നു അദ്ദേഹം.
2020ൽ അദ്ദേഹം കമ്മിഷണറാകാനിടയായ സാഹചര്യം ആദ്യം പരിശോധിക്കണം. കമ്മിഷന്റെ നിഷ്പക്ഷതയും സുതാര്യതയും ചോദ്യംചെയ്യപ്പെട്ട നിരവധി സംഭവങ്ങൾ ഉള്‍പ്പെട്ടതായിരുന്നു 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ്. പുൽവാമ ഭീകരാക്രമണത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പിൽ വീരമൃത്യ വരിച്ച സൈനികരെ ഉൾപ്പെടെ ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉൾപ്പെടെയുള്ളവരും പ്രചരണായുധമാക്കി. ഇതിനെതിരെ നിരവധി പെരുമാറ്റച്ചട്ട ലംഘന പരാതികളാണ് അന്നത്തെ കമ്മിഷൻ മുമ്പാകെ ലഭിച്ചത്. മോഡിക്ക് പുറമേ അമിത് ഷാ തുടങ്ങിയവർക്കെതിരെയും പരാതികളുണ്ടായി. മോഡിക്കെതിരെ ആറ് പരാതികളാണ് കിട്ടിയത്. ഇതിൽ അദ്ദേഹത്തെ കുറ്റവിമുക്തനാക്കുന്ന തീരുമാനമാണ് കമ്മിഷൻ കൈക്കൊണ്ടത്.
കമ്മിഷണറായിരുന്ന അശോക് ലവാസ ഇതിനോട് വിയോജിച്ചതായി പിന്നീട് വാർത്തകളുണ്ടായി. അതിനുപിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ നോവൽ ലവാസയ്ക്കെതിരെ ആദായ നികുതി വകുപ്പ് നോട്ടീസ് നൽകുകയും ചില സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തുകയും ചെയ്തു. 2020 ഓഗസ്റ്റിൽ എഡിബിയിൽ ഒരു ദൗത്യം സംഘടിപ്പിച്ച്, ലവാസ സ്ഥാനമൊഴിഞ്ഞപ്പോഴാണ് രാജീവ് കുമാർ തെരഞ്ഞെടുപ്പ് കമ്മിഷണറായെത്തുന്നത്. അതോടെ ലവാസയ്ക്കെതിരായ തുടർനടപടികൾ നിലയ്ക്കുകയും ചെയ്തു. പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളിൽ നഗ്നമായ തെരഞ്ഞെടുപ്പ് ചട്ട ലംഘനങ്ങൾ ബിജെപി നേതാക്കൾ ആവർത്തിച്ചുകൊണ്ടേയിരുന്നപ്പോൾ കമ്മിഷൻ നോക്കുകുത്തിയായി.
അതിനിടെയാണ് 2022 മേയ് 15ന് രാജീവ് കുമാർ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി ഉയർത്തപ്പെടുന്നത്. അതുവരെ നാവ് മാത്രം നഷ്ടമായിരുന്ന തെരഞ്ഞെടുപ്പ് കമ്മിഷൻ ചിറകും വാലുമെല്ലാം പോയ പേക്കോലമാകുന്നതിനാണ് പിന്നീട് നാം സാക്ഷികളായത്. അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ നിരന്തരം വിമർശനങ്ങളുണ്ടായത്. എത്രയോ ഉദാഹരണങ്ങൾ എടുത്തുകാട്ടാനുണ്ട്. ഇപ്പോൾ തങ്ങൾ ബലിയാടുകളായി എന്ന് പരിഭവിക്കുന്ന രാജീവ് കുമാർ അതിന് പ്രധാനമായ കാരണമായുന്നയിക്കുന്നത് വോട്ടിങ് യന്ത്രത്തിനെതിരെ ഉയരുന്ന പരാതികളാണ്. പക്ഷേ അത് രാജീവ് കുമാർ അധികാരത്തിലെത്തിയതിനുശേഷം ഉണ്ടായതല്ല. തുടക്കം മുതൽതന്നെ ഉള്ളതാണെന്ന് ഗൂഗിളിൽ സെർച്ച് ചെയ്താലെങ്കിലും കണ്ടെത്താം. അടുത്തകാലത്തായി ക്രമക്കേടുകൾ കൂടുതൽ പ്രകടമായി എന്നതിനാൽ പരാതികൾ വ്യാപകമായി എന്നേയുള്ളൂ. നേരത്തെ സാങ്കേതികമായ പോരായ്മകളാണ് കൂടുതലെങ്കിൽ പിന്നീട് നടപടിക്രമങ്ങളിലെ വീഴ്ചകളും ക്രമക്കേടുകളും നിരന്തരമുണ്ടായി.
വോട്ടിങ് യന്ത്രത്തെക്കുറിച്ച് മാത്രമല്ല പരാതികൾ ഉയർന്നത്. കമ്മിഷന് വ്യക്തമായ വിശദീകരണം നൽകുവാൻ സാധിക്കാത്ത പുതിയ പരാതികൾ ഇക്കാലത്താണുണ്ടായത്. സമ്മതിദായകരുടെ എണ്ണത്തിൽ അസാധാരണമായ വർധനയുണ്ടാകുക, വോട്ടെടുപ്പിന് ശേഷം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന കണക്കുകളിൽ പൊരുത്തക്കേടുകൾ വരിക, വോട്ടെടുപ്പ് പ്രക്രിയയുടെ എല്ലാ വിവരങ്ങളും നൽകാതിരിക്കുക, അവയിൽതന്നെ പൊരുത്തക്കേടുകളുണ്ടാവുക എന്നിങ്ങനെ വ്യത്യസ്തമായ പരാതികൾക്ക് ഇടയുണ്ടാക്കിയത് രാജീവ് കുമാർ മുഖ്യ കമ്മിഷണറായതിന് ശേഷമായിരുന്നു.
ഏറ്റവും ഒടുവൽ നടന്ന ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഉദാഹരണമായെടുത്താൽ അക്കാര്യം ബോധ്യപ്പെടും. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ആറുമാസത്തിനിടെ നാല് ലക്ഷം വോട്ടർമാരാണ് 70 മണ്ഡലങ്ങളിൽ വർധിച്ചത്. അത് മുൻ തെരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെട്ട ചില മണ്ഡലങ്ങളിലായിരുന്നുവെന്നതും നിലവിലെ ഭൂരിപക്ഷത്തെ മറികടക്കാൻ പോന്നതായിരുന്നു എന്നതും സംശയാസ്പദംതന്നെയാണ്. കെജ്‌രിവാൾ പരാജയപ്പെട്ട ന്യൂഡൽഹി മണ്ഡലത്തിൽ 39,700ലധികം വോട്ടര്‍മാരെ പട്ടികയിൽ നിന്ന് നീക്കുകയും ചെയ്തു. അതിന് മുമ്പ് നടന്ന മഹാരാഷ്ട്ര തെരഞ്ഞെടുപ്പിലും പെരുമാറ്റച്ചട്ട ലംഘനത്തിന് പുറമേ ഇത്തരം നിരവധി പരാതികളുയർന്നിരുന്നു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ ഉയർന്ന പെരുമാറ്റച്ചട്ട ലംഘനത്തിൽ നിന്ന് അദ്ദേഹത്തെ രക്ഷിക്കുന്നതിന് നഗ്നമായ പക്ഷപാതിത്തം കാട്ടിയതിന്റെ കറുത്തപാട് രാജീവ് കുമാറിന്റെ മുഖത്തുനിന്ന് എളുപ്പത്തിലൊന്നും മാഞ്ഞുപോകില്ല. വെറുപ്പും വിദ്വേഷവും വിഷം ചീറ്റിയ ആ പ്രസംഗത്തെ ലോകം മുഴുവൻ അപലപിച്ചതായിരുന്നു. എന്നാൽ വിചിത്രമായ നടപടിയാണ് തെരഞ്ഞെടുപ്പ് കമ്മിഷനിൽ നിന്നുണ്ടായത്. അതുവരെ പെരുമാറ്റച്ചട്ടം ലംഘനം ആർക്കെതിരെയാണോ ആരോപിക്കപ്പെടുന്നത്, ആ വ്യക്തിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുമായിരുന്നു. മോഡി കുറ്റാരോപിതനായപ്പോൾ പാർട്ടിയോട് വിശദീകരണം ചോദിക്കുകയും ഒതുക്കിത്തീർക്കുകയും ചെയ്തു. പിന്നീട് പെരുമാറ്റച്ചട്ട ലംഘന പരാതികളിൽ കമ്മിഷൻ നിഷ്പക്ഷത പാലിച്ചുവെന്നത് ട്രോളായി കരുതരുത്. ആർക്കെതിരെ പരാതി ഉയർന്നാലും പാർട്ടിക്ക് വിശദീകരണ നോട്ടീസ് നൽകുന്ന രീതി അവലംബിച്ചു.
സുതാര്യവും സത്യസന്ധവും നിഷ്പക്ഷമെന്നും ആവർത്തിച്ച് അവകാശപ്പെടുമ്പോഴും അതെല്ലാം തകർന്നടിയുന്ന എത്രയോ ഉദാഹരണങ്ങൾ വേറെയുമുണ്ട്. എന്തിന് കമ്മിഷന്റെ നിഷ്പക്ഷതയിലും സ്വാതന്ത്ര്യത്തിലും പരമോന്നത കോടതി പോലും സംശയമുന്നയിച്ച സാഹചര്യമുണ്ടായി. 2022 മേയിൽ മുഖ്യ കമ്മിഷണറായി രാജീവ് കുമാർ ചുമതലയേറ്റതിന് ശേഷമാണ് ആ വർഷം നവംബർ 24ന്, തെരഞ്ഞെടുപ്പ് കമ്മിഷണർമാരുടെ സ്വാതന്ത്ര്യത്തെ സംബന്ധിച്ച് സർക്കാർ അധരവ്യായാമം നടത്തുക മാത്രമാണെന്ന് ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് കുറ്റപ്പെടുത്തിയത്. കമ്മിഷണർമാരെ നിയമിക്കുന്ന സംവിധാനത്തിൽ പരിഷ്കാരങ്ങൾ ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ പരിഗണിക്കുമ്പോഴായിരുന്നു ബെഞ്ചിന്റെ പരാമർശമുണ്ടായത്. 1990 മുതൽ 1996 വരെ കാലയളവിൽ തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ കൊണ്ടുവന്നതിൽ പ്രസിദ്ധനായ പരേതനായ ടി എൻ ശേഷനെപ്പോലുള്ള മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ അടിയന്തര ആവശ്യമാണെന്നും ജസ്റ്റിസ് ജോസഫ് പറയുകയുണ്ടായി. പ്രധാനമന്ത്രിക്കെതിരെ പരാതിയുണ്ടായാൽ പോലും — അതൊരു ഉദാഹരണം മാത്രമാണ് — നടപടിക്ക് തയ്യാറാകാത്തത് വ്യവസ്ഥയുടെ പൂർണമായ തകർച്ചയല്ലേ എന്നും അദ്ദേഹം ചോദിച്ചിരുന്നു.
വ്യക്തമായ മാനദണ്ഡമുണ്ടാകുന്നതുവരെ പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന സമിതിയാണ് കമ്മിഷണർമാരെ നിയമിക്കേണ്ടത് എന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ കേന്ദ്ര ഭരണകക്ഷിക്ക് ഭൂരിപക്ഷ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ കമ്മിഷണർമാരെ നിയമിക്കുന്നതിനുള്ള നിയമനിർമ്മാണമാണ് പിന്നീട് നാം കണ്ടത്. അതിന്റെ ഫലമായാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും പക്ഷം ചേർന്ന് പ്രവർത്തിച്ച കമ്മിഷണർ ഗ്യാനേഷ് കുമാറിനെ മുഖ്യ കമ്മിഷണറാക്കിയിരിക്കുന്നത്.
സ്വാതന്ത്ര്യമില്ലായ്മയെക്കുറിച്ച് പരമോന്നത കോടതിയും നിഷ്പക്ഷതയും സുതാര്യതയും നഷ്ടമായതിനെക്കുറിച്ച് രാഷ്ട്രീയ പാർട്ടികളും സാമൂഹ്യ സംഘടനകളും വ്യക്തമായ നിരീക്ഷണങ്ങളും നിശിതമായ വിമർശനങ്ങളും ഉന്നയിച്ചിട്ടും തെരഞ്ഞെടുപ്പ് കമ്മിഷനിൽ നിന്ന് നീതിപൂർവകമായ സമീപനങ്ങൾ പിന്നീടും ഉണ്ടായില്ല. ഈയൊരു പരിസരത്തിലാണ് മുഖ്യ കമ്മിഷണർ രാജീവ് കുമാർ വിരമിക്കുമ്പോൾ നടത്തിയ ബലിയാട് എന്ന പ്രയോഗം പൊരുത്തമില്ലാത്തതാണെന്നും യഥാർത്ഥത്തിൽ യജമാനന്മാർക്കുവേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത വളർത്തുജീവികളാണ് കമ്മിഷനെന്നും തിരിച്ചറിയുവാനാകുക.

Kerala State - Students Savings Scheme

TOP NEWS

July 19, 2025
July 19, 2025
July 19, 2025
July 19, 2025
July 19, 2025
July 19, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.