തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഭരണകക്ഷിയുടെ ബി ടീമാവരുത്

Web Desk
Posted on May 16, 2019, 10:47 pm

തെരഞ്ഞെടുപ്പ് കമ്മിഷന്‍ ബിജെപിയുടെയും മോഡിയുടെയും കളിപ്പാവയാണെന്ന അടക്കം പറച്ചില്‍ കാതോടുകാതോരം മാറി ഉച്ചസ്ഥായിയില്‍ മുഴങ്ങുകയാണ് ഇപ്പോള്‍. പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം വെട്ടിച്ചുരുക്കിയ കമ്മിഷന്റെ അസാധാരണ തീരുമാനമാണ് നിഷ്പക്ഷതയിലുള്ള സംശയം ബലപ്പെടുത്തുന്നത്. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ കൊല്‍ക്കത്ത റാലിക്കിടെയുണ്ടായ അക്രമസംഭവങ്ങളെ തുടര്‍ന്ന് പശ്ചിമ ബംഗാളില്‍ ലോക്‌സഭ തെരഞ്ഞെടുപ്പു പ്രചാരണം ഒരു ദിവസം മുമ്പേ അവസാനിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവിട്ടിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഏഴാംഘട്ട പ്രചാരണം അവസാനിക്കേണ്ടത് ഇന്ന് വൈകുന്നേരം അഞ്ചിനാണ്. പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ഇന്നലെ രാത്രി 10ന് അവസാനിപ്പിക്കണമെന്നായിരുന്നു ഉത്തരവ്. ഇന്നലെ മോഡിക്ക് ബംഗാളില്‍ രണ്ട് റാലികളുണ്ടായിരുന്നു. ഇതിന് ശേഷം പ്രചാരണം അവസാനിപ്പിക്കാനാണ് കമ്മിഷന്‍ നിര്‍ദ്ദേശിച്ചത്. ഇത് പക്ഷപാതിത്വത്തിന്റെ വ്യക്തമായ ഉദാഹരണമാണ്.
തെരഞ്ഞെടുപ്പ് കമ്മിഷന്‍ സമ്മര്‍ദ്ദത്തിനടിപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന പ്രതിപക്ഷ ആരോപണത്തെ ഇത് ബലപ്പെടുത്തുന്നു. ബിജെപിയുടെ സഹോദരനാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മിഷനെന്നും തെരഞ്ഞെടുപ്പ് കമ്മിഷനെ ബിജെപിക്ക് വിറ്റുകഴിഞ്ഞെന്നും ഇന്ത്യയില്‍ എല്ലാവര്‍ക്കും ഇത് അറിയാമെന്നും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കുറ്റപ്പെടുത്തിയിട്ടുണ്ട്. നടപടി കമ്മിഷന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്യുന്നുവെന്ന് സിപിഐ അഭിപ്രായപ്പെടുകയുണ്ടായി. കോണ്‍ഗ്രസും നടപടിയില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് എങ്ങനെ എപ്പോള്‍ നടത്തണമെന്നൊക്കെ തീരുമാനിക്കുന്നത് കമ്മിഷനാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അവസാന വാക്ക് കമ്മിഷന്റേതാണെന്ന് സുപ്രീംകോടതി അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധത്തില്‍ ആവര്‍ത്തിച്ചിട്ടുണ്ട്. പക്ഷേ, തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരിക്കലും ഭരണകക്ഷിയുടെ ബി ടീമാവരുത്.
ഇതാദ്യമായാണ് പ്രചാരണ സമയം വെട്ടിക്കുറയ്ക്കുന്ന നടപടി കമ്മിഷന്റെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളത്. കടുത്ത സാഹചര്യങ്ങളില്‍ കടുത്ത നടപടികള്‍ ആവശ്യപ്പെടുന്നുവെന്ന ന്യായീകരണമാകാം കമ്മിഷന്‍ ഇതിന് നല്‍കുന്നത്. പക്ഷേ, എന്തുകൊണ്ട് ഇന്നലെ രാവിലെ മുതല്‍ ഈ വിലക്ക് പ്രാബല്യത്തില്‍ വന്നില്ല എന്ന ചോദ്യത്തിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരം പറയേണ്ടതുണ്ട്. മോഡിയുടെ യോഗങ്ങള്‍ മുടങ്ങാതിരിക്കാനാണ് വിലക്ക് ഇന്നലെ രാത്രി പത്ത്മണി മുതലാക്കിയതെന്ന ആരോപണം തെരഞ്ഞെടുപ്പ് കമ്മിഷന്റെ സ്വതന്ത്ര അസ്ഥിത്വത്തിനു മേല്‍ പതിച്ചിരിക്കുന്ന കരിനിഴല്‍ തന്നെയാണ്.
ഭരണഘടനാ സ്ഥാപനങ്ങളെ ഒന്നൊന്നായി തകര്‍ത്തുവെന്ന രൂക്ഷ വിമര്‍ശനം മോഡി നേരിടുന്നുണ്ട്. നീതിപൂര്‍വ്വവും നിഷ്പക്ഷവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ അതിജീവനത്തിന് അനിവാര്യമാണ്. ആരോപണങ്ങളുടെ പേമാരിക്കിടയില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ ചില ആത്മ പരിശോധനകള്‍ നടത്തേണ്ടതായുണ്ട്. അപ്പോള്‍ രണ്ടു പേരെ അദ്ദേഹം തീര്‍ച്ചയായും ഓര്‍ക്കണം. ടി എന്‍ ശേഷനെയും ജെ എം ലിംഗ്‌ദൊയെയും. ശേഷനാണ് തെരഞ്ഞെടുപ്പ് കമ്മിഷന് പല്ലും നഖവുമുണ്ടെന്ന് ഇന്ത്യയോട് പറഞ്ഞത്. 2001 മുതല്‍ 2004 വരെയാണ് ലിംഗ്‌ദൊ തെരഞ്ഞെടുപ്പ് കമ്മിഷന്റെ തലപ്പത്തുണ്ടായിരുന്നത്. അന്ന് ലിംഗ്‌ദൊയുമായി ഏറ്റുമുട്ടിയ പ്രമുഖന്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര ദാമോദര്‍ ദാസ് മോഡിയായിരുന്നു. 2002 ലെ ഗുജറാത്ത് കലാപത്തിന് ശേഷം മോഡി ഗുജറാത്ത് നിയമസഭ പിരിച്ചുവിട്ടു. സാധാരണഗതിയില്‍ 2003 ഫെബ്രുവരിയിലാണ് ഗുജറാത്ത് നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. പക്ഷേ, കലാപത്തിന്റെ ചൂടാറുംമുമ്പേ തെരഞ്ഞെടുപ്പ് നടന്നാലുള്ള ഗുണം തേടിയാണ് 2002 ജൂലായ് 19 ന് മോഡി നിയമസഭ പിരിച്ചുവിട്ടത്. ഒക്ടോബര്‍ ആദ്യവാരം തെരഞ്ഞെടുപ്പ് വേണമെന്ന് മോഡിയും ബിജെപിയും നിര്‍ബന്ധം പിടിച്ചു. കേന്ദ്രത്തില്‍ അന്ന് വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരാണ്. സ്വാഭാവികമായും മോഡിയുടെ അജണ്ട കേന്ദ്രത്തിന്റേയും കൂടിയായി. ലിംഗ്‌ദൊ പക്ഷേ, വഴങ്ങിയില്ല. കലാപത്തിന്റെ കനലുകള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ലാത്ത അവസ്ഥയില്‍ ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് നടത്തുന്ന പ്രശ്‌നമേയില്ലെന്ന് ലിംഗ്‌ദൊ നിലപാടെടുത്തു. ഗുജറാത്തില്‍ നേരിട്ടെത്തി കാര്യങ്ങള്‍ വിലയിരുത്തിയ ശേഷമാണ് ലിംഗ്‌ദൊ ഈ തീരുമാനത്തിലേക്കെത്തിയത്. സുപ്രീം കോടതിയും ലിംഗ്‌ദോക്കൊപ്പമായിരുന്നു. ലിംഗ്‌ദോയുടെ ക്രിസ്ത്യന്‍ പശ്ചാത്തലം പറഞ്ഞ് അന്നും മോഡി വിഷം വിതറി. ഭരണഘടനാ സ്ഥാപനങ്ങളെ അവഹേളിക്കുന്നത് പക്വമായ ജനാധിപത്യത്തിന് ചേര്‍ന്നതല്ലെന്ന് അന്ന് പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയി ചൂണ്ടിക്കാട്ടി. ഇന്ന് ബിജെപിയില്‍ പാകമായ ശബ്ദങ്ങളില്ല. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിമാരുടെ കൊലവിളികള്‍ മുഴങ്ങുന്ന പാര്‍ട്ടിയാണ് ബിജെപി. അതിന്റെ മറുപുറമാണ് കേന്ദ്രഭരണവും.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യത വീണ്ടെടുക്കാനായില്ലെങ്കില്‍ ജനാധിപത്യം തകരും. രാജ്യത്തിന്റെ തകര്‍ച്ചയ്ക്ക് അത് വഴിയൊരുക്കും. രാജ്യം ഭരിക്കുന്നവര്‍ ഇത് തിരിച്ചറിയണം. ഭരണാധികാരി ഫെഡറല്‍ വ്യവസ്ഥയെ വെല്ലുവിളിച്ച് കൊലവിളി മുഴക്കരുത്. തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെ തെരഞ്ഞെടുക്കുന്നതിനും നിയമനം നടത്തുന്നതിനും അനുയോജ്യമായ മറ്റൊരു സംവിധാനം സ്ഥാപിക്കുന്ന വിഷയം പാര്‍ലമെന്റ് പരിഗണിക്കേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടുത്തുന്നു വര്‍ത്തമാനകാല തെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവര്‍ത്തനങ്ങള്‍.