പി എം മോഡിക്ക് നമോ ടിവിയിലും വിലക്ക്

Web Desk
Posted on April 10, 2019, 6:03 pm

ന്യൂഡല്‍ഹി: നരേന്ദ്ര മോഡിയുടെ കഥ പറയുന്ന പി എം നരേന്ദ്ര മോഡിയെന്ന ചിത്രം നമോ ടിവിയില്‍  പ്രദര്‍ശിപ്പിക്കുന്നതിനും വിലക്ക്.  ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഈ ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നമോ ടിവിയും ഈ വിലക്കിന്‍റെ പരിധിയില്‍പ്പെടുത്തിയിരിക്കുന്നത്. നരേന്ദ്ര മോഡിയുടെയും ബിജെപിയുടേയും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കും നമോ ടിവി ഉപയോഗിക്കുന്നുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയും വരെ ഇത്തരം ചിത്രങ്ങള്‍ റിലീസ് ചെയ്യരുതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. പി എം നരേന്ദ്ര മോഡിക്ക് പുറമെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ ജീവിതം പറയുന്ന ചിത്രങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വിവേക് ഓബ്രോയി നായകനാകുന്നു പി എം നരേന്ദ്ര മോഡി  വ്യാഴാഴ്ച തിയേറ്ററുകളില്‍ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. സിനിമ തടയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് അമന്‍ പന്‍വറും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് സതീഷ് ഗെയ്ക്വാദും സുപ്രിം കോടതിയെ സമീപിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ ആവശ്യപ്പെട്ട് കോടതി ഹര്‍ജി തള്ളിയിരുന്നു.

തെരഞ്ഞെടുപ്പിന് മുമ്പ് വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന് വേണ്ടിയാണ് ചിത്രമെന്ന് പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു. ഇതേത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ക്ക് നോട്ടീസയക്കുകയും ചെയ്തു.  ഇതിനുശേഷമാണ് ചിത്രം തെരഞ്ഞെടുപ്പിന് ശേഷം റിലീസ് ചെയ്താല്‍ മതിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുത്തത്.