തെരഞ്ഞെടുപ്പിൽ വോട്ടർന്മാരുടെ സൗകര്യം മെച്ചപ്പെടുത്താൻ പുതിയ സംരംഭങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ. കഴിഞ്ഞ 100 ദിവസത്തിനുള്ളിൽ 21 സംരംഭങ്ങൾക്കാണ് കമ്മിഷൻ തുടക്കം കുറിച്ചത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ, തെരഞ്ഞെടുപ്പ് കമ്മിഷണർമാരായ ഡോ. സുഖ്ബീർ സിങ് സന്ധു, ഡോ. വിവേക് ജോഷി എന്നിവരുടെ പുതിയ സംരംഭങ്ങൾ അനാവരണം ചെയ്തത്. ഒരു പോളിങ് സ്റ്റേഷനിൽ പരമാവധി വോട്ടർമാരുടെ എണ്ണം 1,500 ൽ നിന്ന് 1,200 ആയി കമ്മിഷൻ പരിഷ്കരിച്ചു. ജനസാന്ദ്രതയേറിയ പ്രദേശങ്ങളിൽ അധിക പോളിങ് സ്റ്റേഷനുകൾ സ്ഥാപിക്കും. ഒരു വോട്ടർക്കും വോട്ടുചെയ്യാൻ രണ്ട് കിലോമീറ്ററിൽ കൂടുതൽ സഞ്ചരിക്കേണ്ടതില്ലെന്ന് ഉറപ്പാക്കാനാണ് കമ്മിഷൻ ലക്ഷ്യമിടുന്നത്.
വോട്ടർമാർക്കായുള്ള അറിയിപ്പുകൾ കൂടുതൽ വ്യക്തതയ്ക്കായി പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്. വോട്ടർ പട്ടികയിലെ സീരിയൽ നമ്പറുകൾ, ഭാഗം എന്നിവ വോട്ടർമാർക്ക് വ്യക്തമായി മനസിലാക്കുന്നതിന് പരിഷ്‌ക്കരിച്ചിട്ടുണ്ട്. ഓരോ പോളിങ് സ്റ്റേഷന്റെയും പ്രവേശന കവാടത്തിൽ മൊബൈൽ ഡെപ്പോസിറ്റ് സംവിധാനം സ്ഥാപിക്കും. സ്ഥാനാർത്ഥികൾ സ്ഥാപിച്ച ബൂത്തുകൾ പോളിങ് സ്റ്റേഷനുകളുടെ 200 മീറ്ററിന് പകരം പോളിങ് സ്റ്റേഷന്റെ പ്രവേശന കവാടത്തിൽ നിന്ന് 100 മീറ്ററിന് അപ്പുറം അനുവദിക്കും. നിലവിലുള്ള 40-ലധികം ആപ്ലിക്കേഷനുകൾ/വെബ്സൈറ്റുകൾക്ക് പകരം താൽപ്പര്യമുള്ള എല്ലാ കക്ഷികൾക്കും എല്ലാ സേവനങ്ങളും ഒരൊറ്റ പോയിന്റിൽ നൽകുക എന്ന ലക്ഷ്യത്തോടെ ഒരു പുതിയ ഇന്റഗ്രേറ്റഡ് കൺട്രോൾ പാനൽ-ECINET വികസിപ്പിച്ചെടുത്തിട്ടുണ്ട്. ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയമാകുമ്പോൾ ബന്ധപ്പെട്ട എല്ലാ കക്ഷികൾക്കും ഉപയോഗിക്കാൻ സഹകമായ വിധം ഡാഷ് ബോർഡ് സജ്ജമാകും. വോട്ടർ പട്ടികയിൽ ഉൾപ്പെട്ട മരണപ്പെട്ട വോട്ടർമാരുടെ വിവരം പരിശോധിച്ചുറപ്പിച്ചു നീക്കം ചെയ്യാൻ നടപടി സ്വീകരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.