കോവിഡ് ഉൾപ്പടെയുള്ള പകർച്ച വ്യാധികൾ ബാധിച്ചവർ, ഏഴു മാസമോ അതിലധികമോ ഗർഭിണികളായവർ, രണ്ടു വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളുടെ അമ്മമാർ, കാൻസർ രോഗികൾ, നിലവിലോ മുമ്പോ ജനപ്രതിനിധികളായിരുന്നവർ, ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കൾ, വൈദികർ, 2021 മാർച്ച് 31 ന് മുമ്പായി ജോലിയിൽ നിന്ന് വിരമിക്കുന്നവർ തുടങ്ങിയവരെ ഇലക്ഷൻ ജോലികളിൽ നിന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ ഒഴിവാക്കി. നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ വികസിപ്പിച്ച ഇ‑ഡ്രോപ്പ് സോഫ്റ്റ്വേർ വഴിയാണ് ഈ വർഷം തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് ജോലികൾക്ക് നിയോഗിക്കുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ശേഖരിക്കുന്നത്. സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ, ഗവൺമെന്റ് സ്കൂൾ അധ്യാപകർ, സംസ്ഥാന കോർപ്പറേഷൻ, പൊതുമേഖല സ്ഥാപനങ്ങൾ, ബോർഡുകൾ തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, സർവകലാശാലകൾ, പി എസ് സി ജീവനക്കാർ, എയ്ഡഡ് കോളജ് ജീവനക്കാർ, ഗവൺമെന്റ് നിയന്ത്രിത സെൽഫ് ഫിനാൻസിങ്ങ് സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരെ ആണ് ഇലക്ഷൻ ഡ്യൂട്ടിക്കായി നിയോഗിക്കുന്നത്.
പോളിങ്ങ് സ്റ്റേഷനുകളിൽ നിയമിക്കുന്ന ഉദ്യോഗസ്ഥരിൽ ഒരാൾ കേരള ഗവൺമെന്റിലെ ഏതെങ്കിലും വകുപ്പുകളിൽ ജോലി ചെയ്യുന്ന ആളായിരിക്കണമെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ നൽകുന്ന നിർദ്ദേശം. വനിത ഉദ്യോഗസ്ഥരെ നിയമിക്കുന്ന പോളിങ്ങ് സ്റ്റേഷനുകളിൽ കുറഞ്ഞത് രണ്ട് സ്ത്രീകൾ എങ്കിലും ഉണ്ടാവണം. പ്രിസൈഡിങ്ങ് ഓഫീസർ ചുമതലയുള്ളത് സ്ത്രീകൾക്കാണെങ്കിൽ ഫസ്റ്റ് പോളിങ്ങ് ഓഫീസർ പുരുഷനായിരിക്കണം. വനമേഖലയിലുള്ള പോളിങ്ങ് സ്റ്റേഷനുകളിൽ പുരുഷന്മാരെ മാത്രമേ നിയോഗിക്കാൻ പാടുള്ളു. ഭാഷാന്യൂനപക്ഷ ബൂത്തുകളിൽ ഒരാളെങ്കിലും ന്യൂനപക്ഷ ഭാഷ അറിയുന്ന ആളായിരിക്കണം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി തിരഞ്ഞെടുക്കുന്ന എല്ലാ ഗസറ്റഡ് ഉദ്യോഗസ്ഥരെയും പ്രിസൈഡിങ്ങ് ഓഫീസർമാരായി തന്നെ നിയമിക്കണം. ഓഫീസുകളിൽ നിന്ന് വിവരങ്ങൾ ഇ‑ഡ്രോപ്പ് സോഫ്റ്റ്വേറിൽ അപ്ലോഡ് ചെയ്യുന്ന സമയത്തു തന്നെ ഇലക്ഷൻ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കാൻ ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്താനും ഓഫീസ് മേധാവികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ENGLISH SUMMARY: Election duty of those infected with contagious diseases has been waived
YOU MAY ALSO LIKE THIS VIDEO