തെരഞ്ഞെടുപ്പ്: ട്രെയിനിലെ അപായ ചങ്ങല താത്കാലികമായി നിര്‍ത്തിവെക്കും

Web Desk
Posted on March 23, 2019, 3:13 pm

തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ട്രെയിനുകളിലെ അപായ ചങ്ങല താത്കാലികമായി നിര്‍ത്തിവെയ്ക്കുമെന്ന് ഇന്ത്യന്‍ റെയില്‍വെ അറിയിച്ചു. ബിഹാറിലേയ്ക്കുള്ള തീവണ്ടികളിലുള്ള അപായ ചങ്ങലയാണ് പ്രവര്‍ത്തനക്ഷമമല്ലാതാകുക. അനധികൃത മദ്യവില്‍പ്പന, വ്യാജമദ്യ വില്‍പ്പന എന്നിവ തടയുന്നതിനാണ് ഇത്തരമൊരു തീരുമാനമെന്നും റയില്‍വേ അധികൃതര്‍ പറഞ്ഞു.

ട്രെയിനിലെ അപായ ചങ്ങല ദുരുപയോഗം ചെയ്താണ് ആളുകള്‍ ഇവിടെ മദ്യവില്‍പ്പന നടത്തുന്നത്. അടിന്തര സാഹചര്യങ്ങളില്‍ ചങ്ങല വലിച്ചാല്‍ ട്രെയിന്‍ വളരെ പെട്ടെന്ന് നിര്‍ത്താം. എന്നാല്‍ ഇത് മദ്യം വില്‍പ്പന ചെയ്യുന്നതിനായി ആളുകള്‍ ദുരുപയോഗം ചെയ്യുന്നു. അവരവര്‍ക്ക് ആവശ്യമുള്ള സ്ഥലങ്ങള്‍ എത്തുമ്പോള്‍ പെട്ടെന്ന് ചങ്ങല പിടിച്ചുവലിക്കുകയും ഇറങ്ങുകയും ചെയ്യുന്നത് ഇവിടെ പതിവായി മാറിയിരിക്കുകയാണെന്നും റെയില്‍വേ പൊലീസ് ഫോഴ്‌സ് ഡയറക്ടര്‍ അരുണ്‍ കുമാര്‍ പറഞ്ഞു.

അതേസമയം ഏതെല്ലാം ട്രെയിനുകളിലാണ് അപായച്ചങ്ങലയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നതെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.