കനത്ത മഴ; കൊച്ചി വെള്ളക്കെട്ടിൽ: വോട്ടെടുപ്പു മന്ദഗതിയിൽ

Web Desk
Posted on October 21, 2019, 12:00 pm

ഷാജി ഇടപ്പള്ളി

കൊച്ചി: ഇന്നലെ രാത്രി മുതൽ ശക്തമായ മഴ തുടരുന്നതോടെ കൊച്ചി നഗരം വെള്ളക്കെട്ടിലായി. താഴ്ന്ന പ്രദേശത്തെ വീടുകളിലും കെട്ടിടങ്ങളിലും വെള്ളം കയറി. റോഡ്, റെയിൽ ഗതാഗതം താറുമാറായി. ഉപതെരഞ്ഞെടുപ്പു നടക്കുന്ന എറണാകുളം മണ്ഡലത്തിൽ വോട്ടിംഗ് മന്ദഗതിയിലായി. പല ബൂത്തുകളിലും വെള്ളം കയറി. ഇതേ തുടർന്ന് അഞ്ചു ബൂത്തുകൾ മാറ്റി സ്ഥാപിച്ചു. ഓടകളും കനാലുകളും നിറഞ്ഞു കവിഞ്ഞതോടെ നഗരത്തിലെ ഉദയ കോളനി, പി ആൻറ് ടി കോളനി തുടങ്ങിയ ഇടങ്ങളിൽ വീടുകളിലേക്ക് മാലിന്യം കലർന്ന വെള്ളം ഇരച്ചു കയറി. കൊച്ചി താലൂക്കിൽ ഒന്നും കണയന്നൂർ താലൂക്കിൽ രണ്ടും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷന്റെ ട്രാക്കിൽ ഉൾപ്പടെ വെള്ളം കയറിയതിനെ തുടർന്ന് റെയിൽ ഗാതഗതം നിറുത്തിവച്ചതായി അധികൃതർ അറിയിച്ചു. ആറ് പാസഞ്ചർ ട്രയിനുകൾ റദ്ദാക്കി. കൊല്ലം പാസഞ്ചർ ട്രയിൻ തൃപ്പൂണിത്തുറയിൽ പിടിച്ചിട്ടു. വേണാട് എറണാകുളം ടൗൺ സ്റ്റേഷൻ വഴി തിരിച്ചുവിട്ടു. ദീർഘദൂര ട്രയിനുകൾ പലതും വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടിരിക്കയാണ്.

സൗത്തിൽ നിന്നു പുറപ്പെടേണ്ട ട്രെയിനുകൾ മണിക്കൂറുകൾ വൈകും. സൗത്ത് സ്റ്റേഷനിൽ എത്തിയവർ മെട്രോയിൽ കയറി നോർത്തിലെത്തി യാത്ര തുടരാൻ ശ്രമിക്കണമെന്നും റെയിൽവേ അധികൃതർ നിർദേശിച്ചു. എറണാകുളം എം ജി റോഡ്, ബാനർജി റോഡ്, റെയിൽവെ. കെ എസ് ആർ ടി സി സ്റ്റേഷനുകൾ, തേവര, പനമ്പിള്ളി നഗർ, പെരുമാനൂർ, വടുതല, പച്ചാളം, ഇടപ്പള്ളി, കതൃക്കടവ്, കലൂർ അങ്ങിനെ നഗരത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും വെള്ളക്കെട്ടു രൂക്ഷം. വലിയ വാഹനങ്ങൾക്ക് മാത്രമാണ് ഗതാഗതം നടത്താൻ കഴിയുന്നത്. കൊച്ചി നഗരസഭ കാനകൾ ശുചീകരിക്കുന്നതിൽ കാണിച്ച ഗുരുതരമായ വീഴ്ചയാണ് ഒരു മഴയിൽ ഇങ്ങിനെ വെള്ളക്കെട്ടിന് വഴിവെച്ചത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് നഗരവാസികളിൽ കാണാനാവുന്നത്. യു ഡി എഫ് സ്ഥാനാർഥി ടി ജെ വിനോദിനെതിരെ പി ആൻറ് ടി കോളനി പരിസരത്ത് പ്രതിഷേധമുയരുകയും ചെയ്തു. ഈ കോളനിവാസികളുടെ പുനരധിവാസവു ബന്ധപ്പെട്ട് കൗൺസിലർ പൂർണിമ നാരായണൻ കൊണ്ടുവന്ന നിർദ്ദേശം നഗരസഭാധികൃതർ മുഖവിലക്കെടുക്കാത്തതിലുള്ള അമർഷവും പ്രകടമാണ്. നാളിതുവരെ വെള്ളം കയറാത്ത നൂറു കണക്കിന് വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും മറ്റു കെട്ടിടങ്ങളിലും ഈ മഴയിൽ മാലിന്യമുൾപ്പടെ കയറിയ സ്ഥിതിയാണ്. ഇരു ചക്രവാഹനങ്ങളും കാറും ഓട്ടോറിക്ഷയും വെള്ളം കയറി റോഡിൽ ഓഫായി കിടന്നതും ഗതാഗത കുരുക്കിനു കാരണമായി. കുഴിയിലും മറ്റും ചാടി ഇരുചക്രവാഹനങ്ങൾ മറിഞ്ഞു പലർക്കും പരിക്കും പറ്റിയിട്ടുണ്ട്. വടുതലയിൽ മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു.

എളംകുളം, പൂണിത്തുറ, എറണാകുളം, ഇടപ്പള്ളി നോർത്ത്, ഇടപ്പള്ളി സൗത്ത് വില്ലേജുകൾ പ്രളയബാധിത മേ ഖലയായി പ്രഖ്യാപിച്ചതായി കളക്ടർ എസ് സുഹാസ് അറിയിച്ചു. ഉപതിരഞ്ഞെടുപ്പ് രാവിലെ ഏഴ് മണിക്ക് ആരംഭിച്ചെങ്കിലും കനത്ത മഴ വില്ലനായതോടെ പോളിംഗ് ബൂത്തുകളിൽ തിരക്ക് കുറവാണ് അനുഭവപ്പെടുന്നത്. അയ്യപ്പൻ കാവ്, കഠാരി ബാഗ് എന്നിവിടങ്ങളിലെ 64, 65, 68, 132, 135 എന്നീ ബൂത്തുകളാണ് മാറ്റി സ്ഥാപിച്ചത്. കലൂർ സബ് സ്റ്റേഷൻ വെള്ളക്കെട്ടിനെ തുടർന്ന് പ്രവർത്തനം തടസപ്പെട്ടു. നഗരത്തിലെ വിവിധ ഇടങ്ങളിൽ വൈദ്യുതി തടസവും ഇതുമൂലമുണ്ട്. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾക്ക് തടസമില്ലെന്ന് സിയാൽ വ്യക്തമാക്കി. വോട്ടെടുപ്പ് സ്ഥിതിഗതികൾ തെരഞ്ഞെടുപ്പു കമ്മീഷണർ ടിക്കാറാം വീണ ജില്ലാ കളക്ടർ സുഹാസുമായി വിലയിരുത്തി. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വോട്ടെടുപ്പു കാരണം എറണാകുളത്തെ പൊതു സ്ഥാപനങ്ങൾക്കും അവധിയായതിനാൽ ജനങ്ങൾക്ക് കുറച്ച് ബുദ്ധിമുട്ടുകൾ ഒഴിവായി.