Saturday
16 Feb 2019

ചാലക്കുടി ഉന്നമിട്ട് ബാബു; പിന്നോട്ടില്ലെന്ന് ധനപാലന്‍

By: Web Desk | Saturday 26 January 2019 10:01 AM IST

ബേബി ആലുവ

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടി സീറ്റ് ഉറപ്പിക്കാന്‍ കരുനീക്കങ്ങളുമായി മുന്‍ മന്ത്രി കെ ബാബു രംഗത്തിറങ്ങി. കഴിഞ്ഞ തവണ മുകളില്‍ നിന്നു കിട്ടിയ ഉറപ്പിന്റെ ബലത്തില്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്നതിനിടയില്‍ പി സി ചാക്കോയുടെ ചരടുവലിയില്‍ അടിതെറ്റി തൃശൂരില്‍ ചെന്നു വീണു തോറ്റ കെ പി ധനപാലന്‍, ഇക്കുറി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന വാശിയോടെ മറുഭാഗത്തുമുണ്ട്. ഇരുകൂട്ടരും എ ഗ്രൂപ്പുകാരാണെന്നുള്ളതാണ് കഥയിലെ കൗതുകകരമായ വശം.
ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ എക്‌സൈസ് വകുപ്പ് ഭരിച്ച് അഴിമതിയില്‍ ആകമാനം മുങ്ങിയയാളെന്ന കുപ്രസിദ്ധിയുള്ള കെ ബാബുവിന് നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് കൊടുക്കാനാവില്ല എന്ന കടുംപിടിത്തവുമായി കെപിസിസി പ്രസിഡന്റായിരുന്ന വി എം സുധീരന്‍ ഉറച്ചു നിന്നപ്പോള്‍, ബാബുവിനു സീറ്റില്ലെങ്കില്‍ താന്‍ മത്സരിക്കാനില്ല എന്ന ഉമ്മന്‍ ചാണ്ടിയുടെ ഭീഷണിയാണ് അന്ന് രക്ഷയായത്. ഉറ്റ അനുയായിയായ ബാബുവിനു തൃപ്പൂണിത്തുറ മണ്ഡലം തന്നെ ഉമ്മന്‍ ചാണ്ടി പൊരുതി നേടിക്കൊടുത്തെങ്കിലും ജനം തോല്‍പ്പിച്ചു. സീറ്റ് നിര്‍ണ്ണയ ചര്‍ച്ചകളില്‍ സുധീരന്‍ കൈക്കൊണ്ട നിലപാടുകളാണ് തന്നെ തോല്‍പ്പിച്ചതെന്ന് ബാബു പിന്നീട് പരസ്യമായി പ്രതികരിക്കുകയും ചെയ്തു. അങ്ങനെ, രക്തസാക്ഷിയായതിന്റെ പരിവേഷവുമായാണ് ചാലക്കുടി സീറ്റിനു വേണ്ടിയുള്ള ബാബുവിന്റെ അണിയറ നീക്കങ്ങള്‍.
ഈ നീക്കത്തിന്റെ ആദ്യ ഘട്ടത്തില്‍ത്തന്നെ, ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തിന്റെ ചുമതലക്കാരന്‍ എന്ന നിയോഗം പാര്‍ട്ടി നേതൃത്വത്തില്‍ നിന്നു തരപ്പെടുത്തി ബാബു ആദ്യ വിജയം കൊയ്തു കഴിഞ്ഞു. പിന്നില്‍ കളിച്ചത് ഉമ്മന്‍ ചാണ്ടി എന്നത് സുവ്യക്തം. ഈ നിയോഗത്തിന്റെ ലേബലില്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന നിയമസഭാ മണ്ഡലങ്ങളിലെ ഗ്രൂപ്പ് പ്രമാണിമാരുമായി ആദ്യറൗണ്ട് ചര്‍ച്ചയുടെ തിരക്കിലാണ് ബാബു. താന്‍ സ്ഥാനാര്‍ത്ഥിയാണ് എന്ന സൂചന ഈ ചര്‍ച്ചകളിലൂടെ അണികളിലേക്കെത്തിക്കുന്നതില്‍ ബാബു വിജയിച്ചിട്ടുണ്ട്.

പ്രവര്‍ത്തക സമിതിയംഗം എ കെ ആന്റണിയുടെ അടുത്ത വിശ്വസ്തനായ കെ പി ധനപാലനും എടുത്തണിയുന്നത് രക്തസാക്ഷി പരിവേഷമാണ്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏതാണ്ട് സുഗമമായി നീങ്ങുമ്പോഴായിരുന്നു ഒട്ടും പ്രതീക്ഷിക്കാതെ ഇരുട്ടടി പോലെ പി സി ചാക്കോയെ മുകളില്‍ നിന്നു കെട്ടിയിറക്കിയത്.ചാക്കോയും തോറ്റു, ധനപാലനും തോറ്റു. ധനപാലന്റെ രക്തസാക്ഷിത്വത്തില്‍ അനുകമ്പയുള്ള വിഭാഗം അദ്ദേഹം സ്ഥാനാര്‍ത്ഥിയാകണമെന്ന അഭിപ്രായമുള്ളവരാണ്. മന്ത്രിപ്പണി പോലുള്ള അധികാരസ്ഥാനങ്ങളിലേക്കൊന്നും എത്താത്ത കോണ്‍ഗ്രസുകാരനായതിനാല്‍ അഴിമതി ആരോപണങ്ങളൊന്നും നിലവില്‍ ധനപാലന്റെ അക്കൗണ്ടിലില്ല. അപ്പുറത്താണെങ്കില്‍ വിജിലന്‍സ് കേസുകള്‍ ആവശ്യത്തിലേറെ. സ്ഥാനാര്‍ത്ഥിത്വത്തിനായുള്ള ഇരുകൂട്ടരുടെയും പരിശ്രമങ്ങള്‍ എ വിഭാഗത്തില്‍ വലിയ ആശയക്കുഴപ്പത്തിനു വഴിവച്ചിട്ടുമുണ്ട്.

സ്ഥാനാര്‍ത്ഥികളെ നൂലില്‍ക്കെട്ടിയിറക്കില്ലെന്ന് എ കെ ആന്റണി പറയുമ്പോഴും, ഡല്‍ഹിയില്‍ പിടിപാടുള്ള ഒരാളുടെ പേരും ചാലക്കുടിയിലേക്കു പറഞ്ഞു കേള്‍ക്കുന്നുണ്ട്. ചാലക്കുടി അടക്കം തൃശൂര്‍ ജില്ലയിലെ മൂന്നു നിയമസഭ മണ്ഡലങ്ങള്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതിന്റെ പേരില്‍ തൃശൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി എന്‍ പ്രതാപന്റെ പേരും ഉയര്‍ന്നു വന്നിട്ടുണ്ട്. ആരു വന്നാലും വരുന്നത് എ ഗ്രൂപ്പുകാരനാകും എന്നതിനാല്‍ തങ്ങള്‍ക്കെന്ത് എന്ന നിസംഗതയിലാണ്, സ്ഥാനാര്‍ത്ഥിയെക്കുറിച്ചുള്ള ചര്‍ച്ച ചൂടുപിടിക്കുമ്പോഴും ഐ വിഭാഗം.

ചാലക്കുടിയിലേതിന്റെ നേര്‍പതിപ്പാണ് എറണാകുളത്തെ ചിത്രവും. സീറ്റ് ഐ വിഭാഗത്തിന്. അതു കൊണ്ട് ആരു സ്ഥാനാര്‍ത്ഥിയാകുന്നതും എ ഗ്രൂപ്പിനു വിഷയമല്ല.’84 മുതല്‍ തെരഞ്ഞെടുപ്പ് രംഗത്തുള്ളയാളാണ് സിറ്റിംഗ് എം പി, കെ വി തോമസ്.ലോക്‌സഭയിലേക്കുള്ള മത്സരത്തില്‍ ഒരു വട്ടമേ തോറ്റിട്ടുള്ളു. ഒരു തവണ കേന്ദ്ര സഹമന്ത്രിയും ഒരു പ്രാവശ്യം സംസ്ഥാന മന്ത്രിയുമായിരുന്നു. ഇപ്രാവശ്യം മാറി ചിന്തിക്കാമെന്നാണ് എറണാകുളം എംഎല്‍എ ഹൈബി ഈഡനെ അനുകൂലിക്കുന്നവരുടെ ശക്തിയായ നിലപാട്. തോമസ് മാഷിന് എക്കാലവും
താങ്ങായുണ്ടായിരുന്നത് ഡല്‍ഹി സ്വാധീനമാണ്.എന്‍എസ്‌യു പ്രസിഡന്റായിരുന്നതു വഴി ഡല്‍ഹിയുമായി ഹൈബിക്കുള്ള ബന്ധമാണ് മറുഭാഗം ചൂണ്ടിക്കാണിക്കുന്നത്.

Related News