27 March 2024, Wednesday

Related news

March 26, 2024
March 26, 2024
March 26, 2024
March 25, 2024
March 24, 2024
March 24, 2024
March 23, 2024
March 23, 2024
March 22, 2024
March 21, 2024

കോണ്‍ഗ്രസ് പ്രസിഡന്‍റ് തെരഞെടുപ്പ്; അത്ഭുതങ്ങള്‍ സംഭവിക്കുമോ

പുളിക്കല്‍ സനില്‍രാഘവന്‍
ന്യൂഡല്‍ഹി
October 17, 2022 11:26 am

കോണ്‍ഗ്രസ് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് തുടക്കമായിരിക്കുന്നു. മലയാളിയായ ശശി തരൂരും, മല്ലികാര്‍ജ്ജുനഖാര്‍ഗെയും തമ്മിലുള്ള മത്സരമാണ്. വീറോടെയും, വാശിയോടെയുമാണ് ഇരു സ്ഥാനാര്‍ത്ഥികളും പ്രചരണരംഗത്ത് സജീവമായത്.

സോണിയ കുടുംബം പരസ്യമായി ആരേയും പിന്തുണയ്ക്കുന്നില്ലെങ്കിലും അവരുടെ താല്‍പര്യം ഖാര്‍ഗെയോടാണ്. അതു അദ്ദേഹം തന്നെ പരസ്യമായി തന്നെ അവകാശപ്പെടുന്നു. വിവിധ പിസിസികളും മല്ലികാര്‍ജ്ജുന ഖാര്‍ഗെക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.ഹൈക്കമാൻഡ് നോമിനി ഖാർഗെ വ്യക്തിബന്ധങ്ങൾ വഴി വോട്ടുറപ്പിച്ചിരിക്കുകയാണ്. അണ്ടർഡോഗ്’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന തരൂർ ഈ തെരഞ്ഞെടുപ്പില്‍ അത്ഭുതങ്ങളൊന്നും പ്രതീക്ഷിക്കുന്നുണ്ടാകില്ല.

എന്നാൽ പ്രവർത്തകരിൽനിന്ന്, പ്രത്യേകിച്ചും യുവാക്കളിൽ നിന്ന് അദ്ദേഹത്തിന് കിട്ടുന്ന സ്വീകാര്യത നേതൃത്വത്തെ ആകുലപ്പെടുത്തുന്നുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ മധുസൂദനൻ മസ്ത്രിക്ക് മുമ്പാകെ പത്രിക സമർപ്പിക്കാൻ കൊട്ടുംകുരവയുമായി എത്തിയാണ് തരൂർ നേതൃത്വത്തെ ആദ്യം അമ്പരപ്പിച്ചത്. തൊട്ടുപിന്നാലെ എല്ലാ ദേശീയ‑പ്രാദേശിക മാധ്യമങ്ങൾക്കും ഇന്റർവ്യൂ. ഇംഗ്ലീഷിലെ മാസ്റ്ററായ തരൂർ ഹിന്ദിയിലാണ് മിക്ക മാധ്യമങ്ങളോടും സംസാരിച്ചത് എന്നതും ശ്രദ്ധേയമായി. ഓരോ ഇന്റർവ്യൂവും തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവയ്ക്കാനും തരൂർ ശ്രദ്ധ കാണിച്ചു. നാളെയ കുറിച്ച് ചിന്തിക്കൂ, എന്ന ഹാഷ് ടാഗോടെ നവമാധ്യമങ്ങളുടെ എല്ലാ സാധ്യതയും ഉപയോഗിച്ചാണ് തരൂരിന്റെ പ്രചാരണം. നേതൃത്വത്തിനെതിരെ, വിമർശനങ്ങൾ അദ്ദേഹം ഉന്നയിച്ചു.

പാർട്ടിയിലെ നിലവിലെ പോക്കിൽ സംതൃപ്തരാണ് എങ്കിൽ ഖാർഗെയ്ക്ക് വോട്ടു ചെയ്യൂ. മാറ്റത്തിനാണെങ്കിൽ തനിക്ക് വോട്ടു ചെയ്യൂ എന്നാണ് തരൂർ പറയുന്നത്. താൻ മാറ്റത്തിന്റെ പ്രതിനിധിയാണ് എന്ന് സ്വയം വിശേഷിപ്പിക്കുന്നതിനൊപ്പം അതിനെ മാധ്യമങ്ങൾ വഴി അവതരിപ്പിക്കാനും തരൂർ ജാഗ്രത കാണിക്കുന്നു. പാർട്ടിക്കുള്ളിൽ പിടുത്തമുണ്ടാക്കാൻ തരൂരിനാകുന്നില്ല എന്നത് യാഥാർത്ഥ്യമായി നിലനിൽക്കുന്നുപതിറ്റാണ്ടുകളായി ചെറുചലനം പോലുമുണ്ടാക്കിയിട്ടില്ലാത്ത കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പാണ് ദേശീയ രാഷ്ട്രീയത്തിലെ ഹോട് ടോപിക്. ആഗോളതലത്തിൽ ആമുഖങ്ങൾ വേണ്ടാത്ത തിരുവനന്തപുരം എംപി ശശി തരൂരിന്റെ വരവാണ് പാർട്ടിക്കകത്തെ സംഘടനാ തെരഞ്ഞെടുപ്പിനെ ഇത്തരത്തിൽ ചടുലമാക്കിയത്.

കാലങ്ങളായി സമവായത്തിന്റെ സാധ്യതകൾ മാത്രം പരീക്ഷിക്കപ്പെട്ടിരുന്ന പോരാട്ടത്തിൽ ഒരിഞ്ചു പോലും പിന്നോട്ടില്ലെന്ന തരൂരിന്റെ നിലപാടാണ് വോട്ടെടുപ്പിലേക്ക് കാര്യങ്ങൾ എത്തിച്ചത്. കോണ്‍ഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ആദ്യമായിട്ടല്ല. പാര്‍ട്ടി പ്രസിഡന്‍റ് സ്ഥാനത്തേക്ക് മഹാത്മാഗൈന്ധിയും,ജവഹാര്‍ലാല്‍ നെഹ്റുവും, പിന്തുണച്ചവര്‍ പരാജയപ്പെട്ട സാഹചര്യവും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചരിത്രത്തിലുണ്ട്.

1939ൽമഹാത്മാഗാന്ധിയുടെ പിന്തുണയോടെ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ച പട്ടാഭി സീതാരാമയ്യ, സുഭാഷ് ചന്ദ്രബോസിനോട് തോറ്റു. ജവഹർലാൽ നെഹ്‌റുവിന്‍റെ പിന്തുണയുണ്ടായിരുന്ന ആചാര്യ കൃപലാനിയാണ് ആ തെരഞ്ഞെടുപ്പിൽ തോറ്റത്. കൃപലാനിയെ മലർത്തിയടിച്ചത് പുരുഷോത്തം ദാസ് ടാണ്ഠനും. അന്ന് സർദാർ പട്ടേൽ വിഭാഗത്തിന്റെ സ്ഥാനാർത്ഥിയായിരുന്നു ടാണ്ഠൻ. കൃപലാനിക്ക് 1092 വോട്ടും ടാണ്ഠന് 1306 വോട്ടുമാണ് കിട്ടിയത്.47 വർഷത്തിന് ശേഷമാണ് പ്രസിഡണ്ട് പദവിയിലേക്ക് അടുത്ത തെരഞ്ഞെടുപ്പ് നടന്നത്, 1997ൽ. സീതാറാം കേസരി, ശരദ് പവാർ, രാജേഷ് പൈലറ്റ് എന്നിവർ മത്സരിച്ച പോരാട്ടത്തിൽ ജയം കേസരിക്കൊപ്പമായിരുന്നു. ഉത്തർപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങൾ ഒഴികെയുള്ള എല്ലാ പിസിസികളും കേസരിയെ പിന്തുണച്ചു.

കിട്ടിയ വോട്ടുകൾ ഇങ്ങനെ; സീതാറാം കേസരി-6224, ശരദ് പവാർ 882, രാജേഷ് പൈലറ്റ് 354. മൂന്നാമത്തെ തെരഞ്ഞെടുപ്പ് രണ്ടായിരത്തിലാണ്. സോണിയാ ഗാന്ധിക്കെതിരെ മത്സരിച്ച ജിതേന്ദ്രപ്രസാദ് ദയനീയമായി തോറ്റു. സോണിയയ്ക്ക് 7400ലേറെ വോട്ടുകൾ കിട്ടിയപ്പോൾ 94 വോട്ടു മാത്രമേ ജിതേന്ദ്രയ്ക്ക് ലഭിച്ചുള്ളൂ. ഏതായാലും, ആരു ജയിച്ചാലും 24 വർഷത്തിന് ശേഷം കോൺഗ്രസിന് ഒരു നെഹ്‌റു-ഗാന്ധിയിതര പ്രസിഡണ്ടിനെ ലഭിക്കും എന്നതാണ് ഈ തെരഞ്ഞെടുപ്പിന്‍റെ സവിശേഷത. അന്ന് കുടുംബത്തെ വെല്ലുവിളിച്ചാണ് യുപിയിലെ ഷാജഹാൻപൂരില്‍ നിന്നുള്ള എം പി ജിതേന്ദ്ര പ്രസാദ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനിറങ്ങിയത്.

സീതാറാം കേസരി പാര്‍ട്ടി നയിക്കുന്ന കാലത്ത് രൂക്ഷമായ പ്രശ്നങ്ങള്‍ക്ക് പരിഹാരമെന്ന നിലയിലായിരുന്നു 1998 ല്‍ സോണിയയെ അധ്യക്ഷ സ്ഥാനെത്തെത്തിച്ചത്. എന്നാല്‍ ജന്മം കൊണ്ട് ഇന്ത്യക്കാരിയല്ലാത്ത, രാഷ്ട്രീയ പരിചയമില്ലാത്ത ഒരാള്‍ നേതൃത്വത്തില്‍ എത്തുന്നതില്‍ എതിര്‍പ്പുയര്‍ന്നു. ശരത് പവാർ, പിഎ സാങ്മ, താരിഖ് അൻവർ എന്നിവർ കലാപത്തിനൊടുവില്‍ പാര്‍ട്ടി വിട്ടു. പാർട്ടിയില്‍ തന്നെ തുട‍ർന്ന് സോണിയയുടെ ഭരണത്തെ എതിർക്കാനായിരുന്നു രാജേഷ് പൈലറ്റിന്‍റെയും ജിതേന്ദ്ര പ്രസാദയുടെയും തീരുമാനം. 

ഒടുവില്‍ അത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിലേക്ക് എത്തി. ഇന്ന് തരൂരും ഖർഗെയും എന്ന പോലെ പുറമേക്കെങ്കിലും സൗഹൃദ മത്സരമെന്ന പ്രതീതിയായിരുന്നില്ല അന്ന്. അധികാര കേന്ദ്രത്തെ വെല്ലുവിളിക്കുന്ന നേതാവെന്ന പ്രതിച്ഛായയാണ് ജിതേന്ദ്ര പ്രസാദ ആഗ്രഹിച്ചിരുന്നത്.ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലത്ത് പേരിനെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷന്മാര്‍ മാറിവരാറുണ്ടായിരുന്നു

യുഎന്‍ ധേബാര്‍ മുതല്‍ കാമരാജ് വരെയുള്ളവര്‍ അക്കാലത്ത്അധ്യക്ഷന്മാരായി.എന്നാല്‍ഇന്ദിരാഗാന്ധിയുടെ കാലം വന്നപ്പോള്‍ പാര്‍ട്ടി അധികാരം നെഹ്‌റു കുടുംബത്തിലേക്ക് കൂടുതല്‍ ഉറപ്പിക്കപ്പെട്ടു. കഴിഞ്ഞ അര നൂറ്റാണ്ടുകാലം നെഹ്‌റു കുടുംബത്തില്‍ നിന്നുള്ളവരോ അവരുടെ അടുപ്പകാരോ മാത്രമേ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വന്നിട്ടുള്ളൂ.1897‑ൽ അമരാവതിയില്‍ വെച്ചു കൂടിയ കോണ്‍ഗ്രസിന്‍റെ സമ്മേളനത്തിലാണ് സി. ശങ്കരന്‍നായര്‍ എന്നചേറ്റൂര്‍ ശങ്കരന്‍നായരെ കോണ്‍ഗ്രസിന്‍റെ പ്രസിഡന്‍റായി തെരഞ്ഞെടുത്തത്. ആസ്ഥാനത്ത് എത്തിയ ഏക മലയാളിയായിരുന്നു അദ്ദേഹം 

Eng­lish Summary:
Elec­tion of Con­gress Pres­i­dent; Can mir­a­cles happen?

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.