October 2, 2022 Sunday

Related news

October 1, 2022
September 26, 2022
September 25, 2022
September 14, 2022
September 7, 2022
September 5, 2022
August 29, 2022
August 27, 2022
August 27, 2022
August 26, 2022

കൊറോണ തിരിച്ചെത്തി; തെരഞ്ഞെടുപ്പ് മാറ്റിവച്ച് ന്യൂസിലൻഡ്

Janayugom Webdesk
ഓക്ലൻഡ്:
August 18, 2020 8:34 am

രാജ്യത്ത് പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ന്യൂസിലൻഡിൽ നടത്താനിരുന്ന ദേശീയ തെരഞ്ഞെടുപ്പ് നീട്ടിവച്ചതായി പ്രധാനമന്ത്രി ജസീന്ത ആർഡൻ വ്യക്തമാക്കി. ഒക്ടോബർ 17 വരെ നാല് ആഴ്ചത്തേക്കാണ് തെരഞ്ഞെടുപ്പ് വൈകിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബർ 19 ന് തെരഞ്ഞെടുപ്പ് നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. 102 ദിവസത്തിന് ശേഷം ആദ്യമായി സമ്പർക്ക രോഗികൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ നടക്കാനിരുന്ന തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നും സ്വന്തം പാർട്ടിയിൽ നിന്നും സർക്കാരിനുമേൽ സമ്മർദ്ദം ചെലുത്തിയിരുന്നു. പാർലമെന്ററി പാർട്ടികളുമായി കൂടിയാലോചിച്ചതിനു ശേഷമാണ് തെരഞ്ഞെടുപ്പ് നീട്ടിവെയ്ക്കാൻ സർക്കാർ തീരുമാനിച്ചതെന്ന് ജസീന്ത ആർഡൻ പറഞ്ഞു. കൊറോണ വൈറസ് രഹിതമായി 102 ദിവസത്തിനുശേഷം, ഓഗസ്റ്റ് 11 ന് ഓക്ലാൻഡിൽ നാല് അജ്ഞാത സംക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. നഗരത്തിൽ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 49 ആയി ഉയർന്നു.

എല്ലാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളും രാജ്യത്ത് നിർത്തിവച്ചിരുന്നു. ന്യൂസിലൻഡിലെ ഏറ്റവും വലിയ നഗരമായ ഓക്ലൻഡിലാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോവിഡ് ഉറവിടം കണ്ടെത്താൻ കഴിയാത്ത പശ്ചാത്തലത്തിൽ ഓക്ക്ലന്റിൽ ലോക്ഡൗൺ നീട്ടാൻ ഒരുങ്ങുകയാണ് സർക്കാർ. കോവിഡ് കേസുകൾ ഇനിയും ഉയരാൻ സാധ്യതയുള്ളതായി ആരോഗ്യവിഭാഗവും അറിയിച്ചിട്ടുണ്ട്. കോവിഡുമായുള്ള ആദ്യ അനുഭവത്തിൽ നിന്നും ഉൾക്കൊണ്ട അനുഭവങ്ങളിൽ നിന്നും ഒരു ക്ലസ്റ്റർ തിരിച്ചറിഞ്ഞു കഴിഞ്ഞാൽ അതിന്റെ വളർച്ച തടയാൻ നമുക്കാവണം. ഇവിടെയും അങ്ങനെ സംഭവിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം എന്ന് പ്രധാനമന്ത്രി ജസീന്ത ആർഡൻ പുതിയ കോവിഡ് വ്യാപനത്തെക്കുറിച്ച് പ്രതികരിച്ചത്. നേരത്തെ കോവിഡ് കൈകാര്യം ചെയ്ത ന്യൂസിലന്റിന്റെ രീതിയെ ലോകം പ്രശംസിച്ചിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി സാധാരണ നിലയിലായിരുന്നു രാജ്യം. ഒരു കേസുകൾ പോലും റിപ്പോർട്ട് ചെയ്യപ്പെടാത്ത 102 ദിവസമായിരുന്നു കടന്നുപോയത്.

എന്നാൽ ചൊവ്വാഴ്ച ഓക്ലന്റിലെ നാലംഗ കുടുബത്തിലാണ് കോവിഡ് രണ്ടാമതും റിപ്പോർട്ട് ചെയ്യുന്നത്. വിദേശ യാത്ര പശ്ചാത്തലമൊന്നും ഇവർക്കുണ്ടായിരുന്നില്ല. വ്യാഴാഴ്ച 13 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതായി ന്യൂസിലാന്റിലെ ആരോഗ്യ ഡയറക്ടർ ഡോ. ആഷ്‌ലി ബ്ലൂംഫീൽഡ് അറിയിക്കുകയായിരുന്നു. നാലംഗ കുടുംബത്തിൽ നിന്നാണ് 13 പേരിലേക്ക് പടർന്നതെന്നാണ് നിഗമനം. അതേസമയം വൈറസ് ഉറവിടം എവിടെ നിന്നാണെന്ന് തിരിച്ചറിയാനാകാത്തതും ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുന്നുണ്ട്. എന്നിരുന്നാലും, വോട്ടെടുപ്പ് വൈകിപ്പിക്കുന്നതിൽ രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾ സ്വാർത്ഥതാൽപര്യം പ്രകടിപ്പിക്കുകയാണെന്ന് ഗ്രീൻ പാർട്ടി നേതാവ് ജെയിംസ് ഷാ പറഞ്ഞു. തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വിജയിക്കുമെന്ന് അഭിപ്രായ വോട്ടെടുപ്പ് വ്യക്തമാക്കുന്നു. കൊറോണ വൈറസ് കൈകാര്യം ചെയ്തതിന് അർഡന് ആഗോളതലത്തിൽ പ്രശംസ ലഭിച്ചതോടെ പാർട്ടിയുടെ ജനപ്രീതി ഗണ്യമായി ഉയർന്നു. ജൂൺ 8 ന് കോവിഡ് 19 പൂർണമായി പിടിച്ചുകെട്ടിയെന്ന പ്രഖ്യാപിച്ചതിന് ശേഷം കർശന നിരീക്ഷണമാണ് രാജ്യത്ത് ഏർപ്പെടുത്തിയിരുന്നത്. ജനുവരിയിൽ മഹാമാരി ആരംഭിച്ചതു മുതൽ ന്യൂസിലൻഡിൽ കൊറോണ വൈറസ് ബാധിച്ച 1,631 കേസുകളും 22 മരണങ്ങളും മാത്രമാണ് റിപ്പോർട്ട് ചെയ്തതെന്ന് ജോൺസ് ഹോപ്കിൻസ് സർവകലാശാല റിപ്പോർട്ടിൽ വ്യക്തമാക്കി.

ENGLISH SUMMARY: elec­tion post­pond­ed in newzealand due to corona

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.