August 15, 2022 Monday

Related news

August 15, 2022
August 15, 2022
August 14, 2022
August 13, 2022
August 13, 2022
August 13, 2022
August 13, 2022
August 13, 2022
August 13, 2022
August 13, 2022

വർഗീയതയെ ജനം തള്ളി; തകർന്നടിഞ്ഞ് ബിജെപി

സുരേന്ദ്രൻ കുത്തനൂർ
തൃശൂർ
May 3, 2021 11:43 am

യുഡിഎഫ് പിന്തുണയോടെ നേമത്ത് അഞ്ചു വർഷം മുമ്പ് ബിജെപി തുറന്ന അക്കൗണ്ട് എൽഡിഎഫ് നേതൃത്വത്തിൽ കേരള ജനത ക്ലോസ് ചെയ്തതോടെ നിയമസഭാ തെരഞ്ഞെടുപ്പിൽ നിലംതൊടാതെ ബിജെപി. ജനങ്ങളുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും ചൂഷണം ചെയ്ത് വിഭാഗീയത വിതയ്ക്കുന്ന സംഘപരിവാറിന്റെ വർഗീയതയ്ക്ക് കനത്ത തിരിച്ചടിയാണ് കേരളം നൽകിയത്. നരേന്ദ്ര മോഡിയും അമിത് ഷായും നിരവധി കേന്ദ്ര മന്ത്രിമാരും കോടികൾ ചെലവഴിച്ച് നടത്തിയ പ്രചരണം കേരളത്തിൽ വിലപ്പോയില്ല.

ബിജെപി സംസ്ഥാന അധ്യക്ഷനെ രണ്ട് സീറ്റിൽ മത്സരിപ്പിച്ച് കേരളം പിടിക്കുമെന്ന പ്രതീതിയുണ്ടാക്കി. 35 സീറ്റ് കിട്ടിയാൽ കേരളം ഭരിക്കുമെന്ന് വീമ്പിളക്കിയ ബിജെപിക്ക് കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചു ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടാക്കാൻ ശ്രമിച്ചിട്ടും ഒരു സീറ്റു പോലും നേടാനായില്ല. ശബരിമലയിൽ സുപ്രീം കോടതി വിധിക്കെതിരെ അക്രമം നടത്തിയവരെ ന്യായീകരിച്ച് ബിജെപിയുടെയും ആർഎസ്എസിന്റെയും പിന്തുണയുള്ള ശബരിമല കർമ്മസമിതിയും സമുദായ സംഘടനയായ എൻഎസ്എസും ഒക്കെ നടത്തിയ പ്രചാരണങ്ങൾ തള്ളിക്കളഞ്ഞാണ് ജനങ്ങൾ വോട്ട് രേഖപ്പെടുത്തിയത് എന്നു വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം.

2016 ൽ ബിജെപി സംസ്ഥാനത്ത് ആദ്യമായി അക്കൗണ്ട് തുറന്ന നേമം, അതേ സ്ഥാനാർത്ഥിയായ വി ശിവൻകുട്ടിയെ നിയോഗിച്ച് തിരിച്ചുപിടിച്ചതോടെ രാഷ്ട്രീയപരമായി ഏറെ തിളങ്ങുന്നതായി ഇടതുവിജയം. കഴിഞ്ഞ തവണ 8671 വോട്ടിന് ഒ രാജഗോപാൽ വിജയിച്ച മണ്ഡലത്തിൽ 5780 വോട്ടിനാണ് ശിവൻകുട്ടി ജയിച്ചത്. കേരളത്തിലെ ഗുജറാത്തെന്ന് ബിജെപി അവകാശപ്പെട്ട നേമത്ത് കുമ്മനം രാജശേഖരനായിരുന്നു ബിജെപിയുടെ സ്ഥാനാർത്ഥി. തുടക്കത്തിൽ കുമ്മനം ലീഡ് ഉയർത്തിയെങ്കിലും അവസാന നിമിഷം ലീഡ് നില മാറിമറിഞ്ഞു. കെ മുരളീധരനിലൂടെ മണ്ഡലം പിടിക്കാൻ യുഡിഎഫ് ശ്രമം നടത്തിയെങ്കിലും മൂന്നാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു.

ഈ തെരഞ്ഞെടുപ്പിൽ 35 സീറ്റിൽ വിജയിക്കുമെന്നും കേരളത്തിൽ ഭരണം നേടുമെന്നുമായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തെരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞത്. പക്ഷേ, ജയിക്കുമെന്ന് അവർ പ്രതീക്ഷ വച്ചിരുന്ന പല സീറ്റുകളിലും വളരെ പിന്നിലേക്ക് പോയി. പാലക്കാട് മെട്രോമാൻ ഇ ശ്രീധരനും തൃശൂരിൽ സുരേഷ് ഗോപിയും ജയിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ബിജെപി. സുരേഷ് ഗോപി ആദ്യമണിക്കൂറുകളിൽ മുന്നിട്ടുനിന്നെങ്കിലും പിന്നീട് മൂന്നാം സ്ഥാനത്തായി. എൽഡിഎഫ് സ്ഥാനാർത്ഥി പി ബാലചന്ദ്രൻ ജയിച്ചപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥി പത്മജ വേണുഗോപാലാണ് രണ്ടാം സ്ഥാനത്തെത്തിയത്.

പാലക്കാട് തുടക്കം മുതൽ ശ്രീധരനായിരുന്നു ലീഡ്. എന്നാൽ അവസാനഘട്ടത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ ലീഡ് നില ഉയർത്തുകയായിരുന്നു. മൂവായിരത്തിലധികം വോട്ടുകൾക്ക് ഷാഫി പറമ്പിൽ വിജയിച്ചതോടെ വോട്ടെണ്ണലിനു മുമ്പ് ‘എംഎൽഎ ഓഫീസ് ’ തുറന്ന ശ്രീധരനും ബിജെപിയും നാണം കെട്ടു. കേന്ദ്ര നേതൃത്വത്തോട് കഴക്കൂട്ടം സീറ്റ് ചോദിച്ച് വാങ്ങിയ ശോഭ സുരേന്ദ്രനും പരാജയം ഏറ്റുവാങ്ങി. എൽഡിഎഫ് സ്ഥാനാർത്ഥി കടകംപളളി സുരേന്ദ്രനാണ് ജയം.

ശബരിമലയിലെ വിശ്വാസവും ആചാരവും ആയുധമാക്കിയാണ് 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ്, അതിന് ശേഷം നടന്ന ഉപതെരഞ്ഞെടുപ്പുകൾ, 2020ലെ തദ്ദേശ തെരഞ്ഞെടുപ്പ്, ഇത്തവണത്തെ പൊതുതെരഞ്ഞെടുപ്പ് എന്നിവയെ യുഡിഎഫും ബിജെപിയും നേരിട്ടത്. ശബരിമല സ്ഥിതി ചെയ്യുന്ന കോന്നിയിലും ബിജെപി ജയസാധ്യത കാണുന്ന കാസർകോട് ജില്ലയിലെ മഞ്ചേശ്വരത്തും ഉൾപ്പെടെ രണ്ട് മണ്ഡലങ്ങളിലാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ മത്സരിച്ചത്. എന്നിട്ടും ജയിക്കാനായില്ലെന്ന് മാത്രമല്ല, മുൻതവണത്തെക്കാൾ മോശമായ പ്രകടനമാണ് കാഴ്ചവയ്ക്കാനായത്. മഞ്ചേശ്വരത്ത് രണ്ടാം സ്ഥാനത്ത് എത്തിയെങ്കിലും കോന്നിയിൽ സുരേന്ദ്രൻ മൂന്നാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു. മഞ്ചേശ്വരത്ത് മുസ്‌ലിം ലീഗ് സ്ഥാനാർത്ഥി എ കെ എം അഷ്റഫിനും കോന്നിയിൽ എൽഡിഎഫിലെ കെ യു ജനീഷ് കുമാറിനുമാണ് വിജയം.

Eng­lish summary:Election Result 2021 

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.