Tuesday
17 Sep 2019

തെരഞ്ഞെടുപ്പ് ഫലം

By: Web Desk | Saturday 25 May 2019 11:17 PM IST


തമിഴ്‌നാട്ടിലെ രണ്ട് ലോക്‌സ്ഭാ മണ്ഡലങ്ങളില്‍ സിപിഐക്കുണ്ടായ വിജയം ഇരുട്ടറയിലെ ഒരു വെളിച്ചം തന്നെയാണ്. തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനായി ബിജെപി തെരഞ്ഞെടുപ്പ് സംവിധാനത്തെ വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്തി. ഇനി നിലവിലുള്ള തെരഞ്ഞെടുപ്പ് സമവാക്യങ്ങളെ തിരുത്തിയെഴുതാനുള്ള ശ്രമങ്ങളാണ്. ഇപ്പോഴും ഒരു ചോദ്യം അവശേഷിക്കുന്നു. ബിജെപിക്ക് ഇപ്പോള്‍ ലഭിച്ച ഭൂരിപക്ഷം ഉപയോഗിച്ച് രാജ്യത്ത് ശ്രദ്ധേയമായ പുരോഗതികള്‍ കൈവരിക്കാന്‍ കഴിയുമോ. വന്‍ഭൂരിപക്ഷം ലഭിച്ചതിലുപരിയായി ഇപ്പോഴും ചിലകാര്യങ്ങള്‍ വ്യക്തമാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്, ആന്ധ്രാ പ്രദേശ്, പുതുച്ചേരി, കേരളം എന്നിവിടങ്ങളില്‍ ബിജെപിക്ക് ഒരു സീറ്റുപോലും നേടാനായില്ല.
അനിശ്ചിതത്വങ്ങള്‍ ഉണ്ടെങ്കിലും ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് വിജയം ഒരു ഇരുതലവാളാണ്. ഇത് നിഷേധിക്കാന്‍ കഴിയില്ല. പരാമാധികാരം എന്ന ഒരൊറ്റ ലക്ഷ്യം മാത്രമാണ് ഇപ്പോഴത്തെ വിജയത്തിന് പിന്നിലുള്ളത്. രാഷ്ട്രീയമായും ആശയപരമായും ഇന്ത്യയെ പുനര്‍നിര്‍മ്മിക്കുക. തങ്ങളുടെ വിഭാഗീയ ആശയങ്ങളുമായി മുന്നോട്ടുപോകുമ്പോള്‍ തടസമായി നില്‍ക്കുന്നതിനെ അധികാരം ഉപയോഗിച്ച് ഒഴിവാക്കുക. കാവിധാരികള്‍ ബഹുസ്വരതയില്‍ വിശ്വസിക്കുന്നില്ല. ഹിന്ദുത്വം എന്ന ഏകത്വത്തിലാണ് ഇവര്‍ വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇവര്‍ ശ്രദ്ധ പതിപ്പിക്കാറില്ല. അതിന് പകരം രാജ്യത്തെ ജനങ്ങളുടെ മൊത്തം ബോധധാരയെ ഒറ്റ ലക്ഷ്യത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളാകും ഇവര്‍ നടപ്പാക്കുന്നത്. ഹിറ്റ്‌ലറുടേയും മുസോളിനിയുടേയും ഫാസിസത്തെ അനുകൂലിക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്ന സംഘപരിവാറാണ് ബിജെപിയെ നിയന്ത്രിക്കുന്നത്. ഹിന്ദു വര്‍ഗീയത ഉണര്‍ത്തുന്ന വിധത്തില്‍ സമൂഹത്തെ പുനര്‍നിര്‍മ്മിക്കുക എന്ന ആശയത്തില്‍ ഊന്നിയുള്ള ദേശീയത സൃഷ്ടിക്കാനാണ് ബിജെപിയുടെ ശ്രമം. മറ്റ് വിഭാഗങ്ങളെ ഹിന്ദുത്വ ആശയങ്ങള്‍ക്ക് മുന്നില്‍ അടിയറവ് പറയുകയല്ലാതെ മറ്റൊരു മാര്‍ഗമില്ലാത്ത അവസ്ഥയില്‍ ഇവര്‍ എത്തിക്കും. രാജ്യത്ത് ഇപ്പോഴുള്ള ബഹുസ്വരതയെ ഇല്ലാതാക്കി ഹിന്ദുത്വമെന്ന ഏകധാരയില്‍ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും ബിജെപി നേതൃത്വം കൊടുക്കുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ മോഡി ഭരണവും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നിറഞ്ഞതായിരുന്നു. രാജ്യത്തെ ജനാധിപത്യ സംവിധാനം, സാംസ്‌കാരിക വൈവിധ്യം, ഭരണഘടന വിഭാവനം ചെയ്യുന്ന സോഷ്യലിസ്റ്റ് തത്വങ്ങള്‍, ജീവിക്കാനുള്ള അവകാശം എന്നിവയൊക്കെ ഇല്ലാതാക്കുന്നു. ഇതിലൂടെ ഭീതിയുടേയും അശാന്തിയുടേയും അന്തരീക്ഷം സൃഷ്ടിക്കുന്നു. തങ്ങളുടെ ഇംഗിതങ്ങള്‍ നേടിയെടുക്കുന്നതിന് അക്രമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന തീവ്ര ഹിന്ദു സംഘടനകള്‍പോലും ഇപ്പോഴുണ്ട്. ഇങ്ങനെയുള്ള പ്രവണതകള്‍ ഇപ്പോള്‍ സര്‍വസാധാരണമായി.
ചില മേഖലകളില്‍ മാത്രം സമ്പത്ത് കുമിഞ്ഞ് കൂടുന്ന പ്രവണതയാണ് ഇപ്പോള്‍ സാമ്പത്തിക മേഖലയില്‍ ദൃശ്യമാകുന്നത്. ഉല്‍പ്പാദനവും അതിന്റെ ഭാഗമായുള്ള ഉപഭോഗവും കുറഞ്ഞതിനെ തുടര്‍ന്ന് വ്യവസായശാലകള്‍ അടച്ചുപൂട്ടുന്നു. 2014ലെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്ക് വിരുദ്ധമായി തൊഴിലില്ലായ്മ വര്‍ധിക്കുന്നു. അവശ്യസാധനങ്ങളുടെ വില ശരവേഗത്തില്‍ കുതിക്കുന്നു. ഇത് ജനങ്ങളുടെ ഉപഭോഗ ക്ഷമതയെ കുറയ്ക്കുന്നു, കമ്പോളത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഉല്‍പ്പാദന മേഖലയിലെ നിക്ഷേപം കുറയുന്നു. ഇതെല്ലാം സമ്പദ് വ്യവസ്ഥയില്‍ ഒരു ജഡത്വാവസ്ഥയാണ് സൃഷ്ടിക്കുന്നത്. നിഷ്‌ക്രിയ ആസ്തികളുടെ വര്‍ധനയുടെ ഭാഗമായി ബാങ്കുകള്‍ കടക്കെണിയിലാകുന്നു. പണപ്പെരുപ്പം വര്‍ധിക്കുന്നു. ഇതെല്ലാം തന്നെ സാമ്പത്തിക കുത്തകവല്‍ക്കരണത്തിലേയ്ക്കാണ് വിരല്‍ചൂണ്ടുന്നത്. ഇത് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാകും സൃഷ്ടിക്കുന്നത്. ബിജെപി ഒരിക്കലും അവരുടെ കടപ്പാടും പ്രതിബദ്ധതയും മറന്നിട്ടില്ല. ആഗോള സാമ്പത്തിക കുത്തകകളെ സേവിക്കുമെന്ന വാക്കുകള്‍ അക്ഷരാര്‍ഥത്തില്‍ പാലിക്കുന്നു. ഒരു ചെറിയ വിഭാഗക്കാരുടെ കൈകളില്‍ സമ്പത്ത് കുമിഞ്ഞ് കൂടുന്നതിനുള്ള എല്ലാ സഹായങ്ങളും ഇവര്‍ ചെയ്യുന്നു. പൊതുമേഖലയെ തകര്‍ക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. മെച്ചപ്പെട്ട നിലയില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാസ്ഥാപനങ്ങളെ കുത്തക മുതലാളിമാരുടെ പക്കല്‍ എത്തിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നു. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള പാദത്തിലെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ കണക്ക് ഈ മാസം 31 ന് പുറത്തുവരും. ഇന്ത്യയുടെ വളര്‍ച്ചാ നിരക്കിലുണ്ടായ കുറവാകും ഇപ്പോഴും ജിഡിപിയില്‍ പ്രകടമാകുന്നത്. വ്യാവസായിക ഉല്‍പ്പാദനസൂചിക 0.1 ശതമാനമായി കുറഞ്ഞു. 21 മാസത്തിനിടെയുള്ള ഏറ്റവും വലിയ കുറവാണിത്. നിക്ഷേപം, ഉപഭോഗം എന്നിവയിലുണ്ടായ കുറവാണ് ഇതിനുള്ള മുഖ്യകാരണം. 2018-19 സാമ്പത്തിക വര്‍ഷത്തിലെ വ്യാവസായിക ഉല്‍പ്പാദന തോത് 3.6 ശതമാനമാണ്. അതിന് മുമ്പ് 4.4 ശതമാനമായിരുന്നു.
റിസര്‍വ് ബാങ്കിന്റെ പരിഹാര നടപടികള്‍ക്കുപരിയായി ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. സ്ഥാപനങ്ങള്‍ നേരിടുന്ന കിട്ടാക്കടം പിരിച്ചെടുക്കുന്നതിനുള്ള നടപടികള്‍ ആര്‍ബിഐ ത്വരിതപ്പെടുത്തിയെങ്കിലും ഫലവത്തായില്ല. ഇതിന്റെ ഭാഗമായി സ്ഥാപനങ്ങള്‍ക്ക് പുതിയ വായ്പകള്‍ അനുവദിക്കാനും കഴിയുന്നില്ല. സാമ്പത്തിക മേഖലയെ മൊത്തം ഗ്രസിക്കുന്ന വിധത്തില്‍ പ്രതിസന്ധി മൂര്‍ച്ഛിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. അതിനിടെ ഭൂരിഭാഗം ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനങ്ങളും പുതിയ വായ്പകള്‍ അനുവദിക്കുന്നത് നിറുത്തിവച്ചു. സ്ഥാപനങ്ങള്‍ എടുത്ത വായ്പകള്‍ പോലും തിരിച്ചടയ്ക്കാന്‍ കഴിയാത്ത അവസ്ഥയാണ്. പൊതുമേഖലാ ബാങ്കുകളില്‍ വീണ്ടും മൂലധന നിക്ഷേപം വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാങ്കിംഗ് ഇതര സ്ഥാപനങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കേണ്ടത് സാമ്പത്തിക വളര്‍ച്ചയ്ക്ക് അനിവാര്യമാണെന്ന് സാമ്പത്തിക, കമ്പോള വിദഗ്ധര്‍ പറയുന്നു.
ഇപ്പോഴും ചില ചോദ്യങ്ങള്‍ക്ക് മറുപടി ആവശ്യമാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ പങ്ക്. രാജ്യത്ത് നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും കമ്മിഷന്റെ പങ്ക് ഏറെ പ്രശംസിക്കപ്പെട്ടതാണ്. എന്നാല്‍ ഇക്കുറി അതല്ല സ്ഥിതി. കമ്മിഷനില്‍ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുന്ന നിരവധി സംഭവങ്ങള്‍ ഇപ്പോള്‍ ഉണ്ടായി. ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍, അതിലെ ക്രമക്കേടുകള്‍ എന്നിവ സംബന്ധിച്ച് 22 പ്രതിപക്ഷപാര്‍ട്ടികള്‍ മുന്നോട്ടുവച്ച ആശങ്കകള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തിരസ്‌കരിച്ചു.