Thursday
23 May 2019

തെരഞ്ഞെടുപ്പ് സുതാര്യവും നീതിപൂര്‍വകവുമാകണം

By: Web Desk | Tuesday 28 August 2018 10:29 PM IST


election-commission-

തെരഞ്ഞെടുപ്പ് കമ്മിഷന്‍ കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തില്‍ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ മടക്കിക്കൊണ്ടുവരണമെന്ന ആവശ്യം ശക്തിയായി ഉയര്‍ന്നു. സിപിഐ ഉള്‍പ്പെടെ ഏഴ് ദേശീയ പാര്‍ട്ടികളും 34 സംസ്ഥാന പാര്‍ട്ടികളുമാണ് യോഗത്തില്‍ പങ്കെടുത്തത്. സിപിഐ, കോണ്‍ഗ്രസ്, തൃണമുല്‍ കോണ്‍ഗ്രസ്, ബിഎസ്പി, ഡിഎംകെ തുടങ്ങി യോഗത്തില്‍ പങ്കെടുത്ത 70 ശതമാനം പാര്‍ട്ടികളും ബാലറ്റ് പേപ്പര്‍ മടക്കിക്കൊണ്ടുവരണമെന്ന ആവശ്യമാണ് ഉയര്‍ത്തിയത്.
ഒരു ജനാധിപത്യ രാജ്യത്തില്‍ തെരഞ്ഞെടുപ്പിനുള്ള പങ്ക് വളരെ വലുതാണ്. സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പും ജനാധിപത്യവും പരസ്പര പൂരകങ്ങളാണ്. തെരഞ്ഞെടുപ്പ് സംവിധാനങ്ങളാകെ നിഷ്പക്ഷമായി പ്രവര്‍ത്തിച്ചാല്‍ മാത്രമേ സ്വതന്ത്രവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് നടക്കുകയുള്ളൂ.
തെരഞ്ഞെടുപ്പ് നിയമങ്ങളെപ്പറ്റി ഭരണഘടനയുടെ 324 മുതല്‍ 329 വരെയുള്ള വകുപ്പുകളിലാണ് പ്രതിപാദിക്കുന്നത്. 1950ലെയും 51ലെയും ജനപ്രാതിനിധ്യ നിയമത്തില്‍ ഇത് കൂടുതല്‍ വ്യക്തമാക്കുന്നു.
തെരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങള്‍ക്കായുള്ള ഗൗരവപൂര്‍ണമായ ചര്‍ച്ച ആദ്യമായി നടക്കുന്നത് 1971 ജൂണിലാണ്. ഒരു സംയുക്ത പാര്‍ലമെന്ററി സമിതി ജഗന്നാഥ് റാവുവിന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ടു. 1972 മാര്‍ച്ചില്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. 1950 ലെയും 51ലെയും ജനപ്രാതിനിധ്യ നിയമങ്ങളില്‍ 1973 ഡിസംബറില്‍ ചില ഭേദഗതികള്‍ കൊണ്ടുവന്നു.
1983 സെപ്റ്റംബറില്‍ അന്നത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ആര്‍ കെ ത്രിവേദി ചില തെരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങള്‍ നിര്‍ദേശിച്ചു. 1984ല്‍ രാജ്യം തെരഞ്ഞെടുപ്പിലേക്ക് പോയതിനാല്‍ ആ പരിഷ്‌കാരങ്ങള്‍ പരിഗണിക്കപ്പെട്ടില്ല.
1990ല്‍ വി പി സിങ് പ്രധാനമന്ത്രിയായിരിക്കെ തെരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങളെ കുറിച്ച് ചര്‍ച്ചചെയ്യാന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം വിളിച്ചു. അന്നത്തെ നിയമമന്ത്രി ദിനേശ് ഗോസ്വാമിയുടെ നേതൃത്വത്തില്‍ ഒരു സംയുക്ത കമ്മിറ്റിയെ നിയോഗിച്ചു. ആ കമ്മിറ്റി 1990 മെയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഗവണ്‍മെന്റ് രണ്ട് ബില്ലുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. 1990 നവംബറില്‍ ഗവണ്‍മെന്റ് രാജിവച്ചതിനാല്‍ ബില്‍ പാസാക്കാനായില്ല.
തെരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങളെ കുറിച്ച് ഗൗരവപൂര്‍ണമായ ചര്‍ച്ച നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായിരുന്ന ഇന്ദ്രജിത് ഗുപ്ത അധ്യക്ഷനായ കമ്മിറ്റിയാണ്. ഈ കമ്മിറ്റി സ്വതന്ത്രവും നീതിപൂര്‍വുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താന്‍ ഒട്ടേറെ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചു. എന്നാല്‍ അവയെപ്പറ്റി ചര്‍ച്ചചെയ്യാനോ തുടര്‍നടപടികള്‍ സ്വീകരിക്കാനോ മാറിമാറിവന്ന ഗവണ്‍മെന്റുകള്‍ ഒരു ശ്രമവും നടത്തിയില്ല. ആ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളൊന്നും ഇന്നും നടപ്പിലായിട്ടില്ല.
ജനങ്ങളുടെ ആഗ്രഹാഭിലാഷങ്ങള്‍ക്കനുസരിച്ചല്ല തെരഞ്ഞെടുപ്പ് സമ്പ്രദായം നിലനില്‍ക്കുന്നതെന്ന ആക്ഷേപം ശക്തമാണിന്ന്. കേന്ദ്രതെരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടമായിരിക്കുന്നു. വോട്ടിംഗ് യന്ത്രങ്ങളില്‍ ക്രമക്കേടുകള്‍ നടത്തി തെരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിക്കുന്നതായി ആരോപണമുണ്ട്.
സുതാര്യവും നീതിപൂര്‍വകവുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനത്തിനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറാവേണ്ടത്. രാജ്യത്തെ ഒട്ടുമിക്ക രാഷ്ട്രീയ പാര്‍ട്ടികളും മുന്നോട്ടുവച്ച ബാലറ്റ്‌പേപ്പര്‍ മടക്കിക്കൊണ്ടുവരണമെന്ന നിര്‍ദേശം ഗൗരവമായി പരിഗണിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്നോട്ടുവരണം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ കേന്ദ്രം ഭരിക്കുന്നവരുടെ ചട്ടുകമാകരുതെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്.
തെരഞ്ഞെടുപ്പ് സുതാര്യവും നീതിപൂര്‍വകവുമാകണമെന്നതിനോടൊപ്പം പ്രാധാന്യമര്‍ഹിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം ജനാഭിലാഷത്തെ പ്രതിഫലിപ്പിക്കുന്നതാകണം എന്ന ആവശ്യവും. ബഹുകക്ഷി ജനാധിപത്യം നിലനില്‍ക്കുന്ന രാജ്യത്ത് വോട്ടുകള്‍ ഛിന്നഭിന്നമാവുക സ്വാഭാവികമാണ്. ഭൂരിപക്ഷം വോട്ടര്‍മാരും എതിര്‍ക്കുന്ന പാര്‍ട്ടികള്‍ അധികാരത്തില്‍ വരുന്നത് ജനാധിപത്യമാണെന്ന് അവകാശപ്പെടാനാവില്ല. ഏതെങ്കിലും രൂപത്തിലുള്ള ആനുപാതിക പ്രാതിനിധ്യമാണ് അതിനുള്ള പ്രതിവിധി. പണക്കൊഴുപ്പും പേശിബലവും നിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പു ഫലം ജനാധിപത്യത്തെ വികലമാക്കുന്നു. ഇത്തരം കാര്യങ്ങള്‍ക്കെല്ലാം മതിയായ പരിഗണന ലഭിക്കുന്ന തെരഞ്ഞെടുപ്പ് പരിഷ്‌കാരമാണ് ഇന്ത്യ ഇന്ന് ആവശ്യപ്പെടുന്നത്.