Wednesday
21 Aug 2019

തെരെഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം: സമൂഹമാധ്യമങ്ങള്‍ കര്‍ശന നിരീക്ഷണത്തില്‍

By: Web Desk | Sunday 21 April 2019 7:02 PM IST


ഷാജി ഇടപ്പള്ളി

കൊച്ചി: വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണം തെരെഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന നിരീക്ഷണത്തില്‍. സ്ഥാനാര്‍ഥികളെ വ്യക്തിഹത്യ നടത്തുന്ന പരാമര്‍ശങ്ങളും പ്രയോഗങ്ങളും സഭ്യമല്ലാത്ത രീതിയിലുള്ള കമന്‍റുകളും അസത്യ പ്രചാരണവും വര്‍ഗീയത പരത്തുന്ന പോസ്റ്റുകളും വോട്ടുപിടുത്തവും വോട്ടെടുപ്പിന് മുന്‍പായി വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ ഇടയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശമനുസരിച്ച് രൂപവത്കരിച്ച മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ സംസ്ഥാനജില്ലാതല കമ്മിറ്റികള്‍ നിരീക്ഷണം കര്‍ശനമാക്കിയിട്ടുള്ളത്. ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്‌സ്ആപ്പ്, വെബ്‌സൈറ്റുകള്‍, എസ്എംഎസുകള്‍ തുടങ്ങിയവയെല്ലാം നിരീക്ഷണവിധേയമാണ്. ഇത്തരത്തിലുള്ള സമൂഹ മാധ്യമങ്ങളില്‍ പെരുമാറ്റ ചട്ട ലംഘനം നടത്തുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കാനാണ് നിര്‍ദേശം. വ്യാജ അക്കൗണ്ടുണ്ടാക്കി പ്രചാരണം നടത്തിയാല്‍ ഇവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാവും.
റേഡിയോ, ടിവി, മറ്റ് ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും പരസ്യം നല്‍കുന്നതിന് മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന വ്യവസ്ഥ ലംഘിച്ച് പരസ്യം നല്‍കുന്നുണ്ടോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിന് ചെലവഴിക്കുന്ന തുകയും സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് ചെലവിന്റെ കണക്കില്‍ ഉള്‍പ്പെടും. അതിനാല്‍ ഇവയെകുറിച്ചുള്ള വിശദമായ നിരീക്ഷണമാണ് കമ്മീഷന്‍ നടത്തിവരുന്നത്.

Related News