Tuesday
20 Aug 2019

തെരഞ്ഞെടുപ്പ് കാലം ഇന്റര്‍നെറ്റ് വമ്പന്‍മാര്‍ക്ക് ചാകരക്കാലം

By: Web Desk | Sunday 19 May 2019 10:22 PM IST


social media

ന്യൂഡല്‍ഹി: ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കാലം ഗൂഗിളും ഫേസ്ബുക്കും അടക്കമുള്ള ഇന്റര്‍നെറ്റ് വമ്പന്‍മാര്‍ക്ക് ചാകരക്കാലം കൂടിയാണ്. ഫെബ്രുവരി മുതല്‍ മെയ് വരെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും 53 കോടി രൂപയുടെ പരസ്യമാണ് ഗൂഗിളിനും ഫേസ്ബുക്കിനുമായി ലഭിച്ചത്. പരസ്യം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍ ബിജെപിയാണ് മുന്നില്‍.
ഫേസ്ബുക്കിന്റെ ആഡ് ലൈബ്രറി റിപ്പോര്‍ട്ട് പ്രകാരം ഫെബ്രുവരി മുതല്‍ മെയ് 15 വരെയുള്ള കാലത്ത് 26.5 കോടി രൂപയുടെ പരസ്യമാണ് ഫേസ്ബുക്കിന് ലഭിച്ചത്. 1.21 ലക്ഷം പരസ്യങ്ങളാണ് ഇക്കാലയളവില്‍ ഫേസ്ബുക്കിലൂടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കിയത്. പരസ്യവരുമാനത്തില്‍ ഫേസ്ബുക്കിനേക്കാള്‍ മുന്നില്‍ ഗൂഗിളാണ്. ഗൂഗിളും യുട്യൂബും വഴി ഫെബ്രുവരി 19 മുതല്‍ 14,837 രാഷ്ട്രീയ പരസ്യങ്ങളാണ് വന്നത്. ഇതുവഴി 27.36 കോടി രൂപ ലഭിക്കുകയും ചെയ്തു.

പരസ്യത്തിനായി കൂടുതല്‍ ചെലവിട്ട പാര്‍ട്ടികളില്‍ ബിജെപിയാണ് മുന്നില്‍. ഫേസ്ബുക്കില്‍ മാത്രം 2500 പരസ്യങ്ങള്‍ക്കുവേണ്ടി അവര്‍ 4.23 കോടി രൂപയാണ് ചെലവിട്ടത്. ബിജെപിയുടെ സപ്പോര്‍ട്ടിംഗ് പേജുകളായ ‘മൈ ഫസ്റ്റ് വോട്ട് ഫോര്‍ മോഡി’, ‘ഭാരത് കി മന്‍കീബാത്ത് ആന്‍ഡ് നാഷണ്‍ വിത്ത് നമോ’ എന്നിവയിലൂടെയുള്ള പരസ്യങ്ങള്‍ക്ക് വേണ്ടിയാണ് നാല് കോടി രൂപയിലേറെ ചെലവിട്ടത്. ഗൂഗിള്‍ പരസ്യങ്ങള്‍ക്കുവേണ്ടി ബിജെപി 17 കോടി രൂപ വേറെയും ചെലവാക്കി.

കോണ്‍ഗ്രസ് ഫേസ്ബുക്കില്‍ 3,686 പരസ്യങ്ങള്‍ക്ക് വേണ്ടി 1.46 കോടി രൂപയാണ് തെരഞ്ഞെടുപ്പ് കാലത്ത് ചെലവഴിച്ചിരിക്കുന്നത്. ഗൂഗിള്‍ വഴി കോണ്‍ഗ്രസ് 2.71 കോടിയുടെ പരസ്യങ്ങളും ചെയ്തു. പ്രാദേശിക പാര്‍ട്ടികളില്‍ 29.28 ലക്ഷം ചെലവിട്ട തൃണമൂല്‍ കോണ്‍ഗ്രസാണ് മുന്നില്‍. ആം ആദ്മി പാര്‍ട്ടി ഫേസ്ബുക്കില്‍ 176 പരസ്യങ്ങള്‍ക്കായി 13.62 ലക്ഷം ചെലവിട്ടിട്ടുണ്ട്.

You May Like This Video:

Related News