Thursday
21 Mar 2019

തെരഞ്ഞെടുപ്പ് കളത്തില്‍ നിറഞ്ഞ് സമൂഹമാധ്യമങ്ങള്‍

By: Web Desk | Tuesday 12 March 2019 10:48 PM IST


സ്വന്തം ലേഖകന്‍

കൊച്ചി: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ പണ്ട് ആദ്യം അത് ഏറ്റെടുക്കുന്നത് ചുവരുകളാണ്. എന്നാല്‍ ഇത്തവണ തെരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങുന്നതിന് മുമ്പുതന്നെ അത് ഏറ്റെടുത്തത് സമൂഹമാധ്യമങ്ങളാണ്.ഫേസ്ബുക്ക്, ട്വിറ്റര്‍ വാട്‌സാപ്പ് എന്നിവിടങ്ങളിലെല്ലാം തെരഞ്ഞെടുപ്പ് ചൂട് പിടിച്ചുകഴിഞ്ഞു. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ഇടതുപക്ഷ മുന്നണി ഒരുമുഴം മുമ്പേ മുന്നേറുമ്പോള്‍ സ്ഥാനാര്‍ഥികളുടെ പ്രചരണം സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിക്കുന്നു. തൃശൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായ രാജാജി മാത്യു തോമസ് ലോക ജനാധിപത്യ യുവജന ഫെഡറേഷന്‍ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തിന്റെ കട്ടിംഗുകള്‍ ഫേസ്ബുക്കിലടക്കം പോസ്റ്റുചെയ്യപ്പെട്ടു കഴിഞ്ഞു.
ആലപ്പുഴയിലെ സ്ഥാനാര്‍ഥി എ എം ആരീഫിനെ സ്വാഗതം ചെയ്ത് ചേര്‍ത്തല എസ്എന്‍ കോളജിലെ വിദ്യാര്‍ഥികള്‍ റോഡുവക്കില്‍ സ്ഥാപിച്ച നിങ്ങ പൊളിയാണ് ബ്രോ എന്ന ബോര്‍ഡും ഏറെ തിളങ്ങുന്നത് ഫേസ്ബുക്കിലാണ്.

troll

ആലപ്പുഴയില്‍ മത്സരിക്കാനില്ലെന്ന കെ സി വേണുഗോപാലിന്റെ തീരുമാനത്തെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ ഏറെ ചിരിയുണര്‍ത്തുന്നവയാണ്. മാവേലിക്കര സ്ഥാനാര്‍ഥി ചിറ്റയം ഗോപകുമാറിനായി വയലാര്‍ ശരത് ചന്ദ്രവര്‍മ്മ എഴുതിയ വരികള്‍ വലിയ ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. വെറ്റില, വെണ്‍മണി വെറ്റമുറുക്കും, കാറ്റല ചുറ്റി പ്രവചിച്ചു. നെറ്റിവിയര്‍ത്തവരൊരുമിക്കും, ചിറ്റയമങ്ങനെ വിജയിക്കും’ ഇത്തരം വരികള്‍ രാഷ്ട്രീയ കലാസാമൂഹിക രംഗത്തുള്ളവര്‍ക്ക് ഇടതുപക്ഷത്തോടുള്ള സമീപനമാണ് വ്യക്തമാകുന്നത്. അദ്ദേഹത്തിന്റെ പ്രചരണത്തിനായി ഗണേഷ്‌കുമാര്‍ എംഎല്‍എ സാരഥിയായി വാഹനം ഓടിക്കുന്നതെല്ലാം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു.

TROLL

അടൂരില്‍ കൊടിക്കുന്നില്‍ സുരേഷ് തിരിഞ്ഞുനോക്കിയിട്ടില്ലെന്ന ആരോപണവുമായി പ്രചരിക്കുന്ന കാര്‍ട്ടൂണുകളും ഏറെ ലൈക്ക് വാങ്ങുന്നുണ്ട്. ഇതോടൊപ്പം തന്നെ കോണ്‍ഗ്രസിലെ തമ്മില്‍ തര്‍ക്കവും പിന്നില്‍കുത്തും എല്ലാം ട്രോളുകളായി എത്തിക്കഴിഞ്ഞു. കെ എം മാണിയും പി ജെ ജോസഫും എല്ലാം ട്രോളുകളിലെ സ്ഥിരം സാന്നിധ്യമാണ്. മണ്ഡലം ഏതായാലും മണ്ഡലകാലം മറക്കാതിരുന്നാല്‍ മതി എന്നു തുടങ്ങുന്ന പോസ്റ്ററുകള്‍ ബിജെപിക്കാര്‍ പുറത്തിറക്കിയപ്പോള്‍ വലിയ രീതിയിലുള്ള പരിഹാസമാണ് ലഭിച്ചത്.

ശബരിമല വിഷയം ഇലക്ഷന്‍ പ്രചരണത്തിന് ഉപയോഗിക്കരുത് എന്ന തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദ്ദേശം ബിജെപിക്ക് തിരിച്ചടിയായിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കഴിയുമ്പോഴെങ്കിലും സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് നിശ്ചയിക്കുമോ എന്നുള്ള ചോദ്യങ്ങളും അവര്‍ക്കെതിരെയുള്ള വിമര്‍ശനങ്ങളും സമൂഹമാധ്യമങ്ങളിലെ പ്രമുഖ ട്രോളുകളാണ്.

Read this also

വര്‍ഗീയതയുടെ കാര്യത്തില്‍ ബിജെപിക്കും കോണ്‍ഗ്രസിനും ഒരേ സ്വരം: കാനം രാജേന്ദ്രന്‍

തുറന്ന് അഭിപ്രായം പറയുമ്പോള്‍ തെറികൊണ്ട് അഭിഷേകം ചെയ്യുന്നവരും സമൂഹമാധ്യമങ്ങളില്‍ കുറവല്ല. രണ്ടുതലമുറയ്ക്ക് എതിരായി വന്ന ലീഗ് സ്ഥാനാര്‍ഥി കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ച് വി പി സാനുവിന് ഫേസ്ബുക്കില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച മുന്‍ കെ എസ് യു മലപ്പുറം ജില്ല കമ്മറ്റി അംഗം ജസ്‌ല മാടശ്ശേരിക്ക് തെറിയഭിഷേകവും അസഭ്യവുമാണ് പ്രതിഫലം. ഇതൊന്നും ആരെയും തളര്‍ത്തുന്നില്ല. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഒരു മണ്ഡലത്തില്‍ മാത്രമാണ് സമൂഹമാധ്യമങ്ങള്‍ നിര്‍ണ്ണായക പങ്ക് വഹിച്ചതെന്ന് പഠനങ്ങള്‍ തെളിയിച്ചു.

troll
എന്നാല്‍ ഇത്തവണ ഏറ്റവും കൂടുതലുള്ള വോട്ടര്‍മാരുടെ പ്രായപരിഗണന കണക്കിലെടുക്കുമ്പോള്‍ അവരില്‍ ഭൂരിഭാഗവും സോഷ്യല്‍ മീഡിയ അംഗങ്ങളാണ്. അതുകൊണ്ടുതന്നെ കളത്തിലെ താരങ്ങളിലൊരാള്‍ സമൂഹമാധ്യമങ്ങള്‍ തന്നെയായിരിക്കും.

You may like this