ബേബി ആലുവ
തെരഞ്ഞെടുപ്പ് പ്രകടനപത്രിക എന്നാലെന്തെന്ന്, ചുരുങ്ങിയ പക്ഷം മട്ടാഞ്ചേരിക്കാർക്കെങ്കിലും കേട്ടുകേൾവിയില്ലാതിരുന്ന കാലം. അക്കാലത്ത് മട്ടാഞ്ചേരിയിൽ മുനിസിപ്പൽ കൗൺസിലുണ്ട്. മുനിസിപ്പൽ തെരഞ്ഞെടുപ്പ് വന്നപ്പോൾ, ചക്കരയിടുക്കിലെ കപ്പൽക്കമ്പനിയിൽ കണക്കെഴുത്തുകാരനായ ജോർജ്ജ് ചടയംമുറി തിരുമല ദേവസ്വം ഹൈസ്കൂൾ സ്ഥിതി ചെയ്യുന്ന വാർഡിൽ കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായി. എതിരാളി കോൺഗ്രസ് പക്ഷത്തെ ഡോ. കെ പി തയ്യിൽ എന്ന പ്രഗത്ഭൻ. കെട്ടുകണക്കായ ആപ്പിൾ ഫോട്ടോ മാർക്ക് ബീഡിയുടെ പ്രചോദനത്തിൽ, രാപകൽ കുത്തിയിരുന്ന് ചടയംമുറി ഒരു ഇലക്ഷൻ മാനിഫെസ്റ്റോ എഴുതിയുണ്ടാക്കി അച്ചടിപ്പിച്ചു. ഒന്നിന് ഒന്നരയണ വില. ചടയംമുറിയും സഹായി ടി എം അബുവും പത്രിക വിൽക്കാനിറങ്ങി. ഒരു നാൾ, പട്ടണത്തിലെ മത്സ്യ‑മാർക്കറ്റുകളുടെ നിയന്ത്രണം കയ്യാളിയിരുന്നയാളും തെരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥികളെ നിശ്ചയിച്ചിരുന്നയാളും സർവ്വോപരി കോൺഗ്രസുകാരനുമായ കെ എച്ച് മമ്മു ഹാജിയുടെ മുമ്പിലും ഇരുവരും പത്രികയുമായി എത്തി.
മമ്മുഹാജി പത്രിക വാങ്ങി കൗതുകപൂർവം ഓരോ താളും മറിച്ച്, കോട്ടിന്റെ കീശയിൽ നിന്ന് ഒന്നരയണയെടുത്ത് കൊടുത്തിട്ടു പറഞ്ഞു: ചടയംമുറി പാടുപെട്ടാണ് ഇതുണ്ടാക്കിയത്. ഞമ്മള് ഒരു കാര്യം പറയാ. ഇതീപ്പറയുന്ന എല്ലാക്കാര്യങ്ങളും ഞമ്മക്ക് സമ്മതമാണ്. ഇതൊക്കെ ഞങ്ങള് നടത്തിക്കോളാ. ചടയംമുറി അങ്ങട്ട് പിന്മാറ്… അടുത്തതായി സമീപിച്ചത് ഹൈസ്കൂൾ ഹെഡ്മാസ്റ്ററെയാണ്. ചടയംമുറിയെയും അബുവിനെയും അതിശയിപ്പിച്ചുകൊണ്ട് അദ്ദേഹം, ഇത്തരത്തിൽ ഒരു ഇലക്ഷൻ മാനിഫെസ്റ്റോ തയ്യാറാക്കിയതിൽ ചടയംമുറിയെ അഭിനന്ദിച്ചു. ഇതൊരു പുതുമയുള്ള വലിയ കാര്യമാണെന്നും പൗരബോധമുള്ള ഒരാളെന്ന നിലയിൽ തന്റെ പിന്തുണ സ്ഥാനാർത്ഥിയായ ചടയംമുറിക്കുണ്ടെന്നും കൂട്ടിച്ചേർത്തു. പത്രികയുടെ കൂടുതൽ കോപ്പികൾ വാങ്ങി, ഇലക്ഷൻ മാനിഫെസ്റ്റോ എന്നാൽ എന്തെന്ന് വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിനു വേണ്ടി തന്റെ കുറിപ്പോടുകൂടി, എല്ലാ ക്ലാസ് ടീച്ചർമാർക്കും കൊടുത്തയയ്ക്കുകയും ചെയ്തു ആ ഹെഡ്മാസ്റ്റർ. കരം അടയ്ക്കുന്നവർക്കോ അല്ലാത്തപക്ഷം പത്താംതരം പാസായവർക്കോ ആയിരുന്നു വോട്ടവകാശം.
കോൺഗ്രസുകാർ കള്ളവോട്ട് ധാരാളമായി ചെയ്തു. റിട്ടേണിങ് ഓഫീസറോട് പരാതി പറഞ്ഞും പ്രതിഷേധിച്ചുമൊക്കെ നോക്കിയിട്ടും രക്ഷയില്ല. ഒടുവിൽ, ഉദ്യോഗസ്ഥരുമായി തെറ്റി ബഹളംവച്ച് ചടയംമുറി ബൂത്തിനു പുറത്തിറങ്ങി. പോളിംഗ് ബഹിഷ്കരിച്ച്, പാർട്ടിയാപ്പീസിൽ നിന്നു കൊടികളെടുപ്പിച്ച് സഖാക്കളെയും കൂട്ടി ഉഗ്രനൊരു പ്രതിഷേധ പ്രകടനം നടത്തി. അതൊരവസരമാക്കി കോൺഗ്രസുകാർ കള്ളവോട്ടുകൾ തുരുതുരാ ചെയ്യിച്ചു. തെരഞ്ഞെടുപ്പിനു ശേഷം കാര്യങ്ങൾ വിശദമാക്കി ചടയംമുറി ഇഎംഎസ്സിനു കത്തെഴുതി. അതിനുള്ള ഇഎംഎസ്സിന്റെ മറുപടിക്കത്തിലെ ഉള്ളടക്കം ആരെയും കാണിക്കാതെ കുറച്ചു ദിവസം ചടയംമുറി ഗോപ്യമായി കൊണ്ടു നടന്നു എന്ന്, തന്റെ ‘ഓർമ്മ — ഇന്നലെകളിലൂടെ ’ എന്ന പുസ്തകത്തിൽ ടി എം അബു എഴുതുന്നു. ഒടുവിൽ കത്ത് പാർട്ടിക്കമ്മിറ്റിയിൽ വച്ചു. പ്രതിഷേധിച്ചത് ശരി, ഇറങ്ങിപ്പോയത് തെറ്റ് ‑ഇതായിരുന്നു ഇഎംഎസ്സിന്റെ കത്തിലെ ഉള്ളടക്കം.
you may also like this video;