Friday
18 Oct 2019

തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിനെതിരല്ല: മുഖ്യമന്ത്രി

By: Web Desk | Saturday 25 May 2019 6:46 PM IST


തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിനെതിരായ ജനവിധിയോ വികാരമോ അല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫിനെ സംബന്ധിച്ച് ഈ ഫലം താല്‍കാലികമായ തിരിച്ചടിയാണ്. ഇത് സ്ഥിരമാണെന്ന തെറ്റിദ്ധാരണ ആര്‍ക്കും വേണ്ട.

നരേന്ദ്രമോഡിയുടെ ഭരണം വീണ്ടും വരരുതെന്ന് ആഗ്രഹിക്കുന്ന ജനങ്ങളില്‍ ഒരു വിഭാഗം കേരളത്തില്‍ കോണ്‍ഗ്രസിന് വോട്ടു ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ ഭാവിയില്‍ ഉത്കണ്ഠയുള്ളവരാണവര്‍. അവരില്‍ നല്ല ഭാഗം എല്‍ഡിഎഫിന് വോട്ടു ചെയ്യുന്നവരുമാണ്. ബിജെപിക്ക് ബദലായ ഭരണത്തിന് നേതൃത്വം കൊടുക്കാന്‍ കഴിയുക കോണ്‍ഗ്രസ്സിനാണെന്ന് അവര്‍ ചിന്തിച്ചിട്ടുണ്ടാകും. അതുകൊണ്ടാണ് കോണ്‍ഗ്രസ്സ് ഉള്‍പ്പെടുന്ന യുഡിഎഫിന് വോട്ടുചെയ്യുക എന്ന നിലപാട് അവര്‍ എടുത്തത്.

എല്‍ഡിഎഫിന് നേരിട്ട തിരിച്ചടിക്ക് ഇടയാക്കിയ ഒട്ടേറെ ഘടകങ്ങളുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തില്‍ മനസ്സിലാക്കാന്‍ കഴിയാത്ത ചില ഘടകങ്ങളും അതിലുണ്ടായിരുന്നു. ഇതെല്ലാം എല്‍ഡിഎഫ് വിശദമായി പരിശോധിക്കും.

ലോക്‌സഭയിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. അതുകൊണ്ട് കോണ്‍ഗ്രസ്സിന് വോട്ടുചെയ്യാമെന്ന ചിന്ത ജനങ്ങളിലുണ്ടായി. രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം ഈ ചിന്തയ്ക്ക് അനുകൂലമായി വന്നു. രാഹുല്‍ഗാന്ധി മത്സരിക്കാന്‍ തീരുമാനിച്ചപ്പോള്‍ തന്നെ ഞങ്ങള്‍ ചോദിച്ചിരുന്നു, ആരോട് മത്സരിക്കാനാണ് രാഹുല്‍ ഇവിടെ വരുന്നതെന്ന്. ഇടതുപക്ഷത്തെയാണ് തകര്‍ക്കേണ്ടത് എന്ന സന്ദേശം നല്‍കാനാണ് രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം ഉപകരിക്കുകയെന്ന് അന്നേ പറഞ്ഞതാണ്. രാഹുല്‍ഗാന്ധി ഇവിടെ വന്നത് ജയിക്കാനുള്ള സീറ്റു തേടിയാണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും മനസ്സിലായി. അമേഠിയില്‍ പരാജയപ്പെടുമെന്ന ഭീതികൊണ്ടാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ വന്നതെന്ന കാര്യം അന്ന് അത്രത്തോളം ഞങ്ങള്‍ പറഞ്ഞിട്ടില്ല. ബിജെപിക്ക് സഹായകമാകും എന്നതിനാലാണ് അതു പറയാതിരുന്നത്.

കോണ്‍ഗ്രസിന് ഇന്ത്യയില്‍ 13 സംസ്ഥാനങ്ങളില്‍ ഒരു സീറ്റുപോലുമില്ല. 9 സംസ്ഥാനങ്ങളില്‍ ഒരു സീറ്റുമാത്രമാണ് കിട്ടിയത്. കോണ്‍ഗ്രസ്സിന് വലിയ സാധ്യതയുണ്ടെന്ന് അവകാശപ്പെട്ടിരുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഖഢ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് ഭരണത്തിലേറിയിട്ട് ആഴ്ചകള്‍ പോലുമായിട്ടില്ല. അവിടെ എന്താണ് സംഭവിച്ചത്? മധ്യപ്രദേശില്‍ ഒരു സീറ്റ്, രാജസ്ഥാനില്‍ ഒന്നുമില്ല. ഛത്തിസ്ഖഢില്‍ രണ്ട് സീറ്റ് – ഇതാണ് കോണ്‍ഗ്രസിന്റെ അവസ്ഥ.

ലോക്‌സഭാ തെരഞ്ഞെടുപ്പായതുകൊണ്ട് കോണ്‍ഗ്രസ്സിനെയാണ് പിന്തുണയ്‌ക്കേണ്ടതെന്ന ചിന്ത ഇവിടെയുണ്ടായിരുന്നു. അതു കാരണം ഇടതുപക്ഷത്തിന് സാധാരണനിലയില്‍ ലഭിക്കുമായിരുന്ന ഒരു പങ്ക് വോട്ട് കോണ്‍ഗ്രസ്സിലേക്ക് പോയി. ഫലം വരുമ്പോള്‍ ബിജെപിയേക്കാള്‍ കൂടുതല്‍ സീറ്റ് കോണ്‍ഗ്രസ്സിന് ലഭിച്ചില്ലെങ്കില്‍ രാഷ്ട്രപതി ബിജെപിയെ തന്നെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കും എന്ന പ്രചാരണവും ഇതിനിടയിലുണ്ടായി. കോണ്‍ഗ്രസ്സിനാണ് വോട്ടു ചെയ്യേണ്ടതെന്ന ചിന്തയെ ഈ പ്രചാരണവും സ്വാധീനിച്ചു.

ശബരിമല വിഷയം എല്‍ഡിഎഫിന് പ്രതികൂലമായി ബാധിച്ചുവെന്നു കരുതുന്നില്ല. ഈ വിഷയം ബാധിക്കുമായിരുന്നെങ്കില്‍ അതിന്റെ ഏറ്റവുമധികം ഗുണഫലം കിട്ടേണ്ടിയിരുന്നത് ബിജെപിക്കായിരുന്നു. എന്നാല്‍ ബിജെപി സ്ഥാനാര്‍ത്ഥി പത്തനംതിട്ടയില്‍ മൂന്നാം സ്ഥാനത്തേക്കു പോയി. പത്തനംതിട്ട എന്തായാലും പിടിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് അവര്‍ രംഗത്തുണ്ടായിരുന്നത്.

സുപ്രീം കോടതിയുടെ ശബരിമലവിധി നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയായിരുന്നു. അതില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ഒരു സര്‍ക്കാരിനും കഴിയില്ല. ആരു മുഖ്യമന്ത്രിയായാലും അതേ ചെയ്യാനാകു. നിരോധനാജ്ഞ അടക്കമുള്ള നടപടികള്‍ കൈക്കൊള്ളണമെന്ന് കേന്ദ്രസര്‍ക്കാരാണ് ആവശ്യപ്പെട്ടത്. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വലിയ തെറ്റിദ്ധാരണ സൃഷ്ടിക്കാനുള്ള ശ്രമവുമുണ്ടായി. അതിന്റെ ഭാഗമായി എന്തൊക്കെ സംഭവിച്ചിട്ടുണ്ടെന്ന് വിശദമായി പരിശോധിക്കും.

സര്‍ക്കാര്‍ രാജിവെക്കണമെന്ന പ്രതിപക്ഷ ആവശ്യം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍, അധികാരത്തിലിരിക്കുന്ന സര്‍ക്കാരിന് നേതൃത്വം കൊടുക്കുന്ന കക്ഷിയും മുന്നണിയും പരാജയപ്പെട്ടാല്‍ പ്രതിപക്ഷം സാധാരണയായി ഉന്നയിക്കുന്നതാണ് രാജി ആവശ്യമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. എല്‍ഡിഎഫിന്റെ ബഹുജനപിന്തുണയ്ക്ക് ഒരു തരത്തിലുള്ള ഉലച്ചിലും തട്ടിയിട്ടില്ല. ജനവിധി സര്‍ക്കാരിന് എതിരെയുള്ള വിമര്‍ശനമായി പൊതുസമൂഹവും കാണുന്നില്ല. സര്‍ക്കാരിന് ഇപ്പോഴും ജനങ്ങളുടെ നല്ല അംഗീകാരമുണ്ട്. ഈ ജനപിന്തുണ തെളിയിക്കേണ്ട ഘട്ടങ്ങളിലെല്ലാം കേരളം തെളിയിക്കും. എന്‍.എസ്.എസ് സമദൂരസിദ്ധാന്തം പാലിച്ചുവെന്നാണ് തോന്നുന്നതെന്ന് മറ്റൊരു ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി.

YOU MAY ALSO LIKE THIS VIDEO:

Related News