രാജസ്ഥാനില്‍ 72.87 ശതമാനവും തെലങ്കാനയില്‍ 67 ശതമാനവും പോളിങ്

ന്യൂഡല്‍ഹി: രാജസ്ഥാന്, തെലങ്കാന നിയമസഭകളിലേക്കുള്ള പോളിങ് അവസാനിച്ചു. രാജസ്ഥാനില്‍ 72.87 ശതമാനവും തെലങ്കാനയില്‍ 67 ശതമാനവും പോളിങാണ് രേഖപ്പെടുത്തിയത്. ഇരു സംസ്ഥാനങ്ങളിലും വോട്ടിങ് യന്ത്രങ്ങളുടെ തകരാറുകള്‍ പലയിടത്തും സുഗമമായ പോളിങ്ങിന് തടസ്സമായി. രാജസ്ഥാനിലെ വോട്ടിങ് യന്ത്രം ഒരു വീട്ടില്‍ കണ്ടെത്തിയതായി ആക്ഷേപമുയര്‍ന്നിട്ടുണ്ട്. അജ്മീര്‍ ജില്ലയില്‍ ആദര്‍ശ് നഗറിലെ വീട്ടില്‍ ഇ വി എം ഇരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അരവിന്ദ് കെജ്രിവാള് ട്വിറ്ററിലൂടെ പുറത്തുവിട്ടു.
അഹോറില് ജനങ്ങളും ഉദ്യോഗസ്ഥരുമായി വാക്കേറ്റമുണ്ടായി. ഹൈദരാബാദിലെ ഹയാത്ത് നഗറില്‍ ഒരു മണിക്കൂറോളം വൈകിയാണ് പോളിങ് തുടങ്ങിയത്. വോട്ടേഴ്സ് ലിസ്റ്റില്‍ പേരില്ലാത്തതിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ പലയിടത്തും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അന്തര്‍ദേശീയ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ട ലിസ്റ്റില്‍ പേരില്ലാത്തതിനാല്‍ വോട്ട് ചെയ്യാന്‍ കഴിയാത്തതിന്റെ പ്രതിഷേധം ട്വിറ്ററില്‍ രേഖപ്പെടുത്തി.
രാജസ്ഥാനില്‍ വോട്ടെടുപ്പിനിടെ വ്യാപക ആക്രമങ്ങളാണ് ഉണ്ടായത്. രാജസ്ഥാനിലെ സികാര്‍ ഫത്തേപുരിലെ സുഭാഷ് സ്കൂളിലെ പോളിങ് ബൂത്തിന് സമീപം ചേരിതിരിഞ്ഞായിരുന്നു ആക്രമണം. നിരവധി വാഹനങ്ങള്‍ അക്രമികള്‍ തീവച്ച് നശിപ്പിച്ചു. 200 അംഗ നിയമസഭയിലെ 199 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. പോളിങ് ബൂത്തുകള്‍ക്ക് മുമ്പില്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ ഭീഷണി മുഴക്കിയതായി പരാതി ഉയര്‍ന്നിരുന്നു.
ആല്‍വാര്‍ ജില്ലയിലെ രാംഘട്ട് സീറ്റിലെ സ്ഥാനാര്‍ഥി മരിച്ചതിനാല്‍ വോട്ടെടുപ്പ് നടന്നില്ല. കനത്ത സുരക്ഷയിലാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടന്നത്. 11,0000 ഓളം സുരക്ഷാ സേനയെയാണ് വിന്യസിച്ചിരുന്നത്. ചിലയിടങ്ങളില്‍ വോട്ടിങ് മെഷിനുകള്‍ തകരാറിലായത് വോട്ടര്‍മാരുടെ പ്രതിഷേധത്തിന് ഇടയാക്കി.
വോട്ടിങ് യന്ത്രം തകരാറിലായതിനാല്‍ ബിക്കാനീര്‍ ജില്ലയില്‍ മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അര്ജുന് റാം മേഗ്വാളിന് മൂന്നര മണിക്കൂറോളം ക്യൂ നില്‍ക്കേണ്ടി വന്നു. രാവിലെ എട്ടു മണിക്ക് പോളിംഗ് ബൂത്തിലെത്തിയ മന്ത്രി 11.30 ഓടെയാണ് വോട്ട് ചെയ്ത് മടങ്ങിയത്.
മുഖ്യമന്ത്രി വസുന്ധര രാജെയും രജപുത്ര നേതാവ് മാനവേന്ദ്ര സിങും ഏറ്റുമുട്ടിയ ഝാല്റാപാഠനും , പിസിസി അധ്യക്ഷന്‍ സച്ചിന് പൈലറ്റും മന്ത്രി യൂനുസ് ഖാനും ഏറ്റുമുട്ടിയ ടോങ്ക് മണ്ഡലവുമായിരുന്നു ഏറ്റവും ശ്രദ്ധനേടിയത്. ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ മാനവേന്ദ്ര സിംഗ് ഇവിടെ സ്ഥാനാര്‍ത്ഥിയായപ്പോള്‍ പോരാട്ടവും കനത്തു.