11 October 2024, Friday
KSFE Galaxy Chits Banner 2

Related news

October 10, 2024
October 10, 2024
October 8, 2024
October 8, 2024
October 8, 2024
October 8, 2024
October 1, 2024
September 30, 2024
September 30, 2024
September 21, 2024

രണ്ട് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ്; കശ്മീരില്‍ മൂന്ന് ഘട്ടം

Janayugom Webdesk
ന്യൂഡല്‍ഹി
August 16, 2024 11:35 pm

കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീരിലെയും ഹരിയാനയിലെയും തെരഞ്ഞെടുപ്പ് തീയതികള്‍ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 30ന് മുമ്പ് ജമ്മു കശ്മീരില്‍ തെരഞ്ഞെടുപ്പു നടത്തണമെന്ന സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി.
ജമ്മു കശ്മീരിലെ 90 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു തീയതികളാണ് കമ്മിഷന്‍ പ്രഖ്യാപിച്ചത്. മൂന്നു ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ആദ്യ ഘട്ടത്തില്‍ 24, രണ്ടാം ഘട്ടത്തില്‍ 26, മൂന്നാം ഘട്ടത്തില്‍ 40 മണ്ഡലങ്ങളിലായിരിക്കും തെരഞ്ഞെടുപ്പ്. സെപ്റ്റംബര്‍ 18, 25, ഒക്ടോബര്‍ ഒന്ന് തീയതികളില്‍ വോട്ടെടുപ്പ് നടക്കും. ഒക്ടോബര്‍ നാലിലാണ് വോട്ടെണ്ണല്‍. യഥാക്രമം 20, 29 അടുത്തമാസം അഞ്ച് തീയതികളിലായാണ് വിജ്ഞാപനം പുറപ്പെടുവിക്കുക. പ്രത്യേക പദവി റദ്ദാക്കിയതിനു ശേഷം നടക്കുന്ന ആദ്യ പൊതുവിധിയെഴുത്താണ് ഇക്കുറി നടക്കുന്നത്. ജമ്മു കശ്മീരില്‍ 87.09 ലക്ഷം വോട്ടർമാരാണുള്ളത്.
ഹരിയാനയിലെ തെരഞ്ഞെടുപ്പ് വിജ്ഞാപനം സെപ്റ്റംബര്‍ ഒമ്പതിന് പുറത്തിറക്കും. ഒക്ടോബര്‍ ഒന്നിന് പോളിങ്ങും നാലിന് വോട്ടെണ്ണലും നടക്കും. ഹരിയാനയില്‍ 17 സീറ്റുകള്‍ എസ്‌സി വിഭാഗത്തിനായി നീക്കിവച്ചപ്പോള്‍ ജമ്മു കശ്മീരില്‍ എസ്‌സിക്ക് ഏഴ് സീറ്റുകളും എസ്‌ടി വിഭാഗത്തിനായി ഒമ്പത് സീറ്റുകളുമാണ് സംവരണം ചെയ്തിരിക്കുന്നത്. 

നവംബർ 26ന് കാലാവധി അവസാനിക്കുന്ന മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടായില്ല. കേരളത്തിലെ വയനാട് ലോക്‌സഭാ മണ്ഡലത്തിലും പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപിച്ചില്ല.
അതിനിടെ ജമ്മു കശ്മീരിൽ പൊലീസ് തലപ്പത്ത് വൻ അഴിച്ചുപണി നടത്തി. ജില്ലാ പൊലീസ് മേധാവിമാരെയും നിരവധി മുതിർന്ന ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റി. മുതിർന്ന ഐപിഎസ് ഓഫിസർ നളിൻ പ്രഭാതിനെ സംസ്ഥാന പൊലീസ് സേനയുടെ സ്പെഷ്യൽ ഡയറക്ടർ ജനറലായി നിയമിച്ചതിന് തൊട്ടുപിന്നാലെയാണ് നടപടി.
ജമ്മു, റംബാൻ, കഠ്‌വ, റിയാസി, ഉധംപുർ, ദോഡ, പൂഞ്ച് ജില്ലകളിലും കശ്മീർ താഴ്‌വരയിലെ ഷോപിയാൻ, ഗന്ദർബാൽ എന്നിവിടങ്ങളിലെയും പൊലീസ് മേധാവിമാര്‍ക്കാണ് മാറ്റം. ജമ്മു കശ്മീർ പൊലീസിന്റെ ഇന്റലിജൻസ് വിഭാഗത്തിനും പുതിയ മേധാവിയെ നിയമിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.