തെരഞ്ഞെടുപ്പും മത, ജാതി, സാമുദായിക സംഘടനകളും

Web Desk
Posted on October 19, 2019, 12:22 am

ജാതി, മത, സാമുദായിക താല്‍പര്യങ്ങളും സംഘടനകളും എക്കാലത്തും രാഷ്ട്രീയ പ്രക്രിയയില്‍ തങ്ങളുടെ സ്വാധീനവും പലപ്പോഴും നിയന്ത്രണവും ഉറപ്പിക്കാന്‍ ജനാധിപത്യ രാഷ്ട്രീയ പ്രക്രിയയില്‍ ഒളിഞ്ഞും തെളിഞ്ഞും ഇടപെടുന്നത് കേരളത്തിലും ഇന്ത്യയിലും അസാധാരണമല്ല. തെരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സ്ഥാനാര്‍ഥികളും സാമുദായിക നേതാക്കളെയും മതാധിപരെയും സന്ദര്‍ശിക്കുകയും വോട്ടും പിന്തുണയും അഭ്യര്‍ഥിക്കുക എന്നതും സാധാരണയാണ്. അതില്‍ അസ്വാഭാവികത ഉണ്ടെന്നും കരുതേണ്ടതില്ല. രാഷ്ട്രീയത്തില്‍ നേരിട്ട് പങ്കൊന്നുമില്ലാത്ത ഗവണ്‍മെന്റേതര സംഘടനകളോടും പൗരസംഘടനകളോടും അവയുടെ നേതാക്കളോടും അത്തരം സമീപനം പിന്തുടര്‍ന്നു പോന്നിട്ടുമുണ്ട്. എന്നാല്‍ മത, ജാതി, സാമുദായിക സംഘടനകള്‍ സ്വയം വോട്ടുബാങ്കായി കരുതുന്നതും തെരഞ്ഞെടുപ്പു പ്രവര്‍ത്തനത്തില്‍ സ്വന്തം ബാനറില്‍ നേരിട്ട് ഇടപെടുന്നതും അസാധാരണവും അനുചിതവുമാണെന്നു മാത്രമല്ല അത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്‌നമായ ലംഘനവുമാണ്.

രാജ്യത്തിന്റെ മതേതര ഭരണഘടനയുടെ അന്തഃസത്തക്കുതന്നെ നിരക്കാത്ത നടപടിയായെ അതിനെ കാണാനാവൂ. 2017 ജനുവരി രണ്ടിന്റെ സുപ്രീം കോടതി വിധി ഇക്കാര്യത്തില്‍ സംശയാതീതമായി വ്യക്തത വരുത്തുന്നുണ്ട്. മതത്തിന്റെയോ ജാതിയുടെയോ സമുദായങ്ങളുടേയോ പേരില്‍ വോട്ട് അഭ്യര്‍ഥിക്കുന്നത് ഇന്ത്യന്‍ തെരഞ്ഞെടുപ്പ് നിയമങ്ങള്‍ക്ക് വിരുദ്ധവും തെറ്റായ കീഴ്വഴക്കവുമാണെന്ന ചര്‍ച്ച സുപ്രീം കോടതിയില്‍ ഉയര്‍ന്നുവരുകയും അത് ഭരണഘടനാ ബെഞ്ചിന്റെ തീര്‍പ്പിന് വിടുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഭരണഘടനാ ബെഞ്ച് ഇക്കാര്യത്തില്‍ വിധി പ്രഖ്യാപിച്ചത്. ഏഴംഗ ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷവിധി മത, ജാതി, സമുദായ സംഘടനകളുടെ പേരില്‍ വോട്ട് അഭ്യര്‍ഥിക്കുന്നത് തെറ്റായ കീഴ്വഴക്കമാണെന്ന ഭൂരിപക്ഷ വിധി ഉണ്ടായത്. കേരളത്തില്‍ ഇപ്പോള്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ചില മത, സമുദായ സംഘടനകളും അവയുടെ ചില നേതാക്കളും ഈ തെരഞ്ഞെടുപ്പില്‍ നടത്തിയത് സുപ്രീം കോടതി വിധിയുടെയും ഭരണഘടനാ തത്വങ്ങളുടേയും തെരഞ്ഞെടുപ്പു ചട്ടങ്ങളുടെയും നഗ്‌നമായ ലംഘനമാണ്.

ജനാധിപത്യ ഇന്ത്യയുടെയും ഭരണഘടനയുടെയും ആത്മാവാണ് മതനിരപേക്ഷത. മത, ജാതി, സമുദായ സംഘടനകളുടെ എല്ലാം അന്തര്‍ധാര അതാത് വിഭാഗങ്ങളുടെ ഈശ്വര വിശ്വാസവും അതില്‍ അധിഷ്ഠിതമായ ആചാരക്രമവുമാണ്. ഈശ്വ വിശ്വാസമാകട്ടെ വ്യക്തിയുടെ തെരഞ്ഞെടുപ്പാണ്. വ്യക്തിയുടെയോ വ്യക്തികള്‍ ഉള്‍പ്പെട്ട സംഘടനകളുടേയോ അത്തരം വിശ്വാസങ്ങളിലും പ്രവര്‍ത്തനങ്ങളിലും ഗവണ്‍മെന്റ് ഇടപെടേണ്ടതുമില്ല. ഏതെങ്കിലും കാര്യത്തില്‍ ഗവണ്‍മെന്റ് ഇടപെടേണ്ടി വരുന്നത് അത് മനുഷ്യാവകാശങ്ങളിലും സമൂഹത്തിന്റെ സമാധാനപരമായ നിലനില്‍പിനും ഭീഷണിയാകുമ്പോഴാണ്. തെരഞ്ഞെടുപ്പുകളാവട്ടെ മത, ജാതി, സമുദായ വിശ്വാസങ്ങള്‍ക്ക് അതീതമായി രാഷ്ട്രത്തെ ഒട്ടാകെ ബാധിക്കുന്ന പ്രക്രിയയാണ്. അതില്‍ മതങ്ങള്‍ക്കും ജാതി-സമുദായ സംഘടനകള്‍ക്കും ഇടപെടാന്‍ യാതൊരു അവകാശവും ഇല്ല. തെരഞ്ഞെടുപ്പു പ്രക്രിയയില്‍ അത്തരം സംഘടനകളോ അവയുടെ പേരില്‍ ആ സംഘടനയുടെ നേതാക്കളോ ഇടപെടുന്നത് ഭരണഘടനയ്ക്കും തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും വിരുദ്ധമാണ്. കേരളത്തില്‍ ഈ വരുന്ന ഇരുപത്തിയൊന്നിനു നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ പ്രക്രിയയിലാണ് മത, സാമുദായിക സംഘടനകളുടെ പേരില്‍ അവയുടെ ചില നേതാക്കള്‍ പരസ്യമായ ഇടപെടല്‍ നടത്തിയിരിക്കുന്നത്. അത്തരം ഇടപെടല്‍ നടത്തിയ സംഘടനകളുടെ രൂപീകരണ ലക്ഷ്യങ്ങള്‍ക്കോ അവയുടെ അംഗീകൃത ഭരണഘടനയ്‌ക്കോ ചട്ടങ്ങള്‍ക്കോ നിരക്കാത്ത നടപടികളാണ് അത്തരക്കാരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. അത് ഭരണഘടനാ തത്വങ്ങളുടേയും തെരഞ്ഞെടുപ്പു ചട്ടങ്ങളുടെയും ലംഘനം മാത്രമല്ല സ്വന്തം മത, സാമുദായിക സംഘടനകളുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ക്കുതന്നെയും വിരുദ്ധമാണ്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടിട്ടുണ്ടെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം വ്യക്തമാക്കുന്നത്. അത്തരം സംഘടനകളുടെയും നേതാക്കളുടെയും തെറ്റായ നടപടികള്‍ക്കെതിരെ കമ്മിഷന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് ജനാധിപത്യ കേരളം പ്രതീക്ഷിക്കുന്നത്.

തെരഞ്ഞെടുപ്പ് കാലത്തോ അല്ലാതെയോ മത, ജാതി, സാമുദായിക സംഘടനകളെയും നേതാക്കളെയും സന്ദര്‍ശിക്കുന്നതോ തങ്ങളുടെ നയപരിപാടികള്‍ക്ക് അവരുടെ പിന്തുണ രാഷ്ട്രീയ പാര്‍ട്ടികള്‍ അഭ്യര്‍ഥിക്കുന്നതോ അത്തരം സംഘടനകളുടെ തെരഞ്ഞെടുപ്പ് പ്രക്രിയയിലെ ഇടപെടലുമായി തുലനം ചെയ്യാനൊ ശ്രമിക്കുന്നത് അസ്ഥാനത്താണ്. മത, ജാതി, സാമുദായിക സംഘടനകള്‍ സ്വയം വോട്ടുബാങ്കായി കരുതുന്നതും പൊതു സമൂഹത്തിന്റെ ഭൗതിക താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി തങ്ങളുടെ നിക്ഷിപ്ത വിഭാഗീയ താല്‍പര്യങ്ങള്‍ക്കുവേണ്ടി വിലപേശുന്നതുമാണ് ഭരണഘടനയ്ക്കും തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്കും വിരുദ്ധമാകുന്നത്. രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ സ്ഥാനാര്‍ഥികളും മതത്തിന്റെയും ജാതിയുടെയും സമുദായത്തിന്റെയും പേരില്‍ വോട്ട് അഭ്യര്‍ഥിക്കുന്നതും അതിന്റെ അടിസ്ഥാനത്തില്‍ വോട്ടുബാങ്കുകളുമായി വിലപേശുന്നതും അത്തരം നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി രഹസ്യധാരണകളും കരാറുകളും ഉണ്ടാകുന്നതും ഗുരുതരമായ കുറ്റകൃത്യമാണ്. ഒരു ജനാധിപത്യ സമൂഹത്തില്‍ തെരഞ്ഞെടുപ്പുകളെ ധാര്‍മികവും സുതാര്യവും നീതിപൂര്‍വവുമായി നിലനിര്‍ത്താന്‍ തെരഞ്ഞെടുപ്പു കമ്മിഷനടക്കം ഭരണഘടനാസ്ഥാപനങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്. അത് അര്‍ഹിക്കുന്ന കാര്‍ക്കശ്യത്തോടെ നടപ്പിലാക്കാന്‍ നമുക്ക് കഴിയുമോ എന്നതാണ് തെരഞ്ഞെടുപ്പു പ്രക്രിയ നേരിടുന്ന വെല്ലുവിളി.