10 February 2025, Monday
KSFE Galaxy Chits Banner 2

Related news

February 9, 2025
February 8, 2025
February 8, 2025
February 5, 2025
February 5, 2025
January 7, 2025
December 15, 2024
December 11, 2024
December 11, 2024
December 10, 2024

തെരഞ്ഞെടുപ്പുകള്‍ മാറ്റില്ല: വാക്സിനേഷന്‍ വേഗത്തിലാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍

Janayugom Webdesk
ന്യൂഡല്‍ഹി
December 27, 2021 10:45 pm

അടുത്തവര്‍ഷം തുടക്കത്തില്‍ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടക്കേണ്ട നിയമസഭ തെരഞ്ഞെടുപ്പുകള്‍ മാറ്റേണ്ടതില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍.

ഒമിക്രോണ്‍ വകഭേദം പടരുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പുകള്‍ മാറ്റിയേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ ഇന്നലെ ചേര്‍ന്ന തെരഞ്ഞെടുപ്പ് കമ്മിഷന്‍-ആരോഗ്യവകുപ്പ് യോഗം തെരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ടുപോകുന്നതിനാണ് തീരുമാനം കൈക്കൊണ്ടത്. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ സംസ്ഥാനങ്ങളിലാണ് 2022 തുടക്കത്തില്‍ തെരഞ്ഞെടുപ്പ് നടക്കേണ്ടത്. ഗോവയില്‍ മാര്‍ച്ച് 15 നും മണിപ്പൂരില്‍ മാര്‍ച്ച് 19 നും യുപിയില്‍ മെയ് 14 നും നിയമസഭകളുടെ കാലാവധി അവസാനിക്കും.

തെരഞ്ഞെടുപ്പ് നടക്കേണ്ട സംസ്ഥാനങ്ങളിലെ സ്ഥിതി തൃപ്തികരമാണെന്നാണ് യോഗത്തില്‍ വിലയിരുത്തലുണ്ടായത്.

ഈ സംസ്ഥാനങ്ങളിലെ കോവിഡ്-ഒമിക്രോണ്‍ വ്യാപനം, വാക്സിനേഷന്‍ എന്നിവ സംബന്ധിച്ച പൂർണ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷൻ ആരോഗ്യ സെക്രട്ടറിയിൽ നിന്ന് ശേഖരിച്ചു. വാക്‌സിന്‍ ആദ്യ ഡോസ് വിതരണത്തിന്റെ അവസ്ഥ തൃപ്തികരമാണെന്നും ഈ സംസ്ഥാനങ്ങളില്‍ 70 ശതമാനം പേർക്കും ആദ്യ ഡോസ് ലഭിച്ചതായും യോഗത്തിൽ ചൂണ്ടിക്കാട്ടി.

ഉത്തര്‍പ്രദേശില്‍ 83 ശതമാനവും പഞ്ചാബിൽ 77 ശതമാനവും ആളുകൾക്ക് ആദ്യ ഡോസ് ലഭിച്ചു, ഗോവയിലും ഉത്തരാഖണ്ഡിലും 100 ശതമാനം പേരും ആദ്യ ഡോസ് സ്വീകരിച്ചിട്ടുണ്ട്. മണിപ്പൂരിൽ 70 ശതമാനമാണ് ആദ്യ ഡോസ് ലഭിച്ചവരുടെ കണക്ക്. അഞ്ച് സംസ്ഥാനങ്ങളിലും രണ്ടാം ഡോസ് വാക്സിനേഷന്‍ പരമാവധി വേഗത്തിലാക്കണമെന്നും കമ്മിഷന്‍ ആരോഗ്യവകുപ്പിനോട് നിര്‍ദേശിച്ചു.

അതേസമയം ഒമിക്രോണ്‍ വ്യാപന നിരക്ക് കൂടുന്നത് ആരോഗ്യ സെക്രട്ടറി ശ്രദ്ധയില്‍പ്പെടുത്തി. ഈ വിഷയത്തില്‍ കമ്മിഷന്‍ തുടര്‍ചര്‍ച്ചകള്‍ നടത്തും. ഉത്തര്‍പ്രദേശില്‍ മൂന്ന് ദിവസം ക്യാമ്പ് ചെയ്ത് സ്ഥിതിഗതികള്‍ അവലോകനം ചെയ്യും. തുടര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടികളുമായും ചര്‍ച്ച നടത്തിയാകും അന്തിമ തീരുമാനമെടുക്കുക. പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷൻ സന്ദർശിച്ച് മുന്നൊരുക്കങ്ങൾ വിലയിരുത്തിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് മാറ്റുന്ന കാര്യം പരിഗണിക്കണമെന്ന് ഉത്തര്‍പ്രദേശ് കോടതിയും കേന്ദ്രസര്‍ക്കാരിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന പൊതുയോഗങ്ങളിലും റാലികളിലും ലക്ഷക്കണക്കിന് ആളുകൾ ഒത്തുകൂടുന്നതും കോവിഡ് പ്രതിരോധ നിയമങ്ങള്‍ പാലിക്കപ്പെടുന്നില്ല എന്നതും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Eng­lish Sum­ma­ry: Elec­tions will not change: Elec­tion Com­mis­sion urges speedy vaccination

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.