Saturday
07 Dec 2019

തെരഞ്ഞെടുപ്പ് വേളയില്‍ വിറ്റഴിഞ്ഞത് 4,444 കോടിയുടെ ഇലക്ടറല്‍ ബോണ്ട്

By: Web Desk | Monday 17 June 2019 11:29 PM IST


Electoral-Bond-

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നല്‍കുന്നതിനായി വിവിധ വ്യക്തികള്‍ വാങ്ങിയത് 4,444 കോടി രൂപയുടെ തെരഞ്ഞെടുപ്പ് ബോണ്ടുകള്‍.
വിവരാവകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷയില്‍ എസ്ബിഐ നല്‍കിയ കണക്കുകള്‍ പ്രകാരമാണിത്. 2019 മാര്‍ച്ച് ഒന്നിനും മെയ് 10നും ഇടയിലാണ് ഇത്രയും തുകയുടെ ഇലക്ടറല്‍ ബോണ്ടുകള്‍ എസ്ബിഐയില്‍ നിന്ന് ആളുകള്‍ വാങ്ങിയത്.
2018 മാര്‍ച്ച് ഒന്ന് മുതല്‍ 2019 മെയ് 10 വരെയുള്ള 14 മാസത്തിനിടയില്‍ തെരഞ്ഞെടുപ്പ് ഫണ്ടിലേക്കായി 5,800 കോടി രൂപയുടെ ബോണ്ടുകള്‍ വാങ്ങിയതായും ആര്‍ടിഐ മറുപടിയില്‍ പറയുന്നു. ഇതിന്റെ മുക്കാല്‍ ഭാഗവും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിലാണ് വാങ്ങിയിരിക്കുന്നത്. നീമുച്ച് സ്വദേശിയായ ചന്ദ്രശേഖര്‍ ഗൗഡ് ആണ് വിവരാവകാശ അപേക്ഷ നല്‍കിയത്.
ഇവയില്‍ 1,407 കോടി രൂപയുടെ ബോണ്ടുകള്‍ വാങ്ങിയത് ആരാണെന്ന് വ്യക്തമല്ലെന്നും എസ്ബിഐ പറയുന്നു. ഈ ബോണ്ടുകള്‍ ഏത് പാര്‍ട്ടിക്കാണ് സംഭാവന ചെയ്തതെന്ന കാര്യവും വ്യക്തമല്ല.
രാജ്യത്തെ 29 എസ്ബിഐ ബ്രാഞ്ചുകളില്‍ നിന്ന് മാത്രമേ ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങാനും പണമാക്കി മാറ്റാനും പാടുള്ളൂ എന്നാണ് നിയമം. 1,000, 10,000, ഒരു ലക്ഷം, 10 ലക്ഷം, ഒരു കോടി രൂപയ്ക്കുള്ള ബോണ്ടുകളാണ് അനുവദിക്കുന്നത്.
1951ലെ ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 39എ പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ട പാര്‍ട്ടികള്‍ക്കാണ് ഇലക്ടറല്‍ ബോണ്ടുകള്‍ സ്വീകരിക്കാന്‍ യോഗ്യത. തൊട്ടുമുമ്പത്തെ പൊതുതെരഞ്ഞെടുപ്പില്‍ ഒരു ശതമാനം വോട്ടെങ്കിലും ലഭിച്ചിരിക്കണമെന്ന നിബന്ധനയുമുണ്ട്. ഓരോ സാമ്പത്തിക പാദത്തിന്റെയും ആദ്യ പതിനഞ്ച് ദിവസമാണ് ഇലക്ടറല്‍ ബോണ്ടുകളുടെ കാലാവധി. ഇതിനുള്ളില്‍ ബോണ്ടുകള്‍ പണമാക്കി മാറ്റണം.
2017ല്‍ ഒന്നാം മോഡി സര്‍ക്കാരിലെ ധനകാര്യമന്ത്രി ആയിരുന്ന അരുണ്‍ ജെയ്റ്റ്‌ലിയാണ് ഇലക്ടറല്‍ ബോണ്ട് സംവിധാനം കൊണ്ടുവന്നത്. 2018 മാര്‍ച്ച് 18ന് ഈ ഫിനാന്‍സ് ബില്‍ ഒരു ചര്‍ച്ചയുമില്ലാതെ പാര്‍ലമെന്റ് പാസാക്കുകയായിരുന്നു.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നത് സുതാര്യമാക്കുകയെന്ന പേരില്‍ കൊണ്ടുവന്ന പരിഷ്‌കാരം രാഷ്ട്രീയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് ഫണ്ട് സമാഹരണം കൂടുതല്‍ നിഗൂഢമാക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
2018 ജനുവരി രണ്ടിനാണ് തെരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്തത്. കടലാസ് കമ്പനികള്‍ക്ക് വരെ സംഭാവനകള്‍ നല്‍കാന്‍ കഴിയുന്ന അവസ്ഥയാണ് ഇതോടെ സൃഷ്ടിക്കപ്പെട്ടത്. ഓരോ കമ്പനിയും എത്ര പണം ഏതൊക്കെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കി എന്ന് വെളിപ്പെടുത്തേണ്ട. ട്രസ്റ്റുകള്‍ക്കും ഇക്കാര്യം വെളിപ്പെടുത്തേണ്ടതില്ല.
കഴിഞ്ഞ വര്‍ഷം ഇലക്ടറല്‍ ബോണ്ട് വഴി സമാഹരിക്കപ്പെട്ട തുകയില്‍ 90 ശതമാനവും ബിജെപിക്കായിരുന്നു ലഭിച്ചത്. 2018 ല്‍ മാത്രം ബിജെപിക്ക് ഇങ്ങനെ ലഭിച്ചത് 1,300 കോടിയിലധികം രൂപയാണ്. തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ക്കെതിരായി സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സംഭാവനയായി സ്വീകരിക്കുന്ന ബോണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

Related News