11 September 2024, Wednesday
KSFE Galaxy Chits Banner 2

Related news

April 20, 2024
April 4, 2024
April 3, 2024
March 20, 2024
March 18, 2024
March 16, 2024
March 13, 2024
February 15, 2024
November 3, 2023
November 3, 2023

ഇലക്ടറൽ ബോണ്ടുകൾ; നടക്കുന്നത് ശതകോടികളുടെ ഇടപാട്

Janayugom Webdesk
ന്യൂഡൽഹി
January 25, 2022 11:13 pm

രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാനുള്ള കടപത്രങ്ങളുടെ (ഇലക്ടറൽ ബോണ്ട്) ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള രണ്ട് ഹർജികൾ സുപ്രീം കോടതിയിൽ വിധി കാത്തിരിക്കുമ്പോഴും, നാല് വർഷത്തിനിടെ വിറ്റഴിഞ്ഞ ബോണ്ടുകളിൽ 92 ശതമാനവും ഒരു കോടി രൂപയുടേതായിരുന്നുവെന്ന് രേഖകൾ. ഈ പദ്ധതിയിലൂടെയുള്ള ഉറവിടം വെളിപ്പെടുത്തേണ്ടതില്ലാത്ത രാഷ്ട്രീയ സംഭാവനകളിൽ ഭൂരിഭാഗവും വമ്പൻലാഭം പ്രതീക്ഷിക്കുന്ന വൻകിട കമ്പനികളുടേതാണെന്നും വിവരാവകാശ രേഖകൾ വെളിപ്പെടുത്തുന്നു. 

എസ്‍ബിഐയുടെ ശാഖകൾ വഴി ഇതുവരെ 19 തവണ ഇലക്ടറൽ ബോണ്ടുകൾ വിറ്റഴിച്ചിട്ടുണ്ട്. ഈ വർഷം ജനുവരി ഒന്നു മുതൽ 10 വരെയാണ് അവസാന ഘട്ട വില്പന നടന്നത്. വിവരാവകാശ പ്രവർത്തകൻ റിട്ട. കമഡോർ ലോകേഷ് കെ ബത്ര ശേഖരിച്ച കണക്കുകൾ പ്രകാരം, കഴിഞ്ഞ നാല് വർഷത്തിനിടെ 7,995 കോടി രൂപയുടെ 15,420 ബോണ്ടുകൾ വിറ്റു. ഇതിൽ 7,974 കോടിയുടെ 15,274 ബോണ്ടുകൾ പണമാക്കിമാറ്റി. കേവലം 20 കോടി മൂല്യമുള്ള ബോണ്ടുകൾ മാത്രമാണ് പണമില്ലാതെ അവശേഷിച്ചത്. ഇവ പിന്നീട് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയെന്ന് 2021 ഒക്ടോബർ 28 ന് ബത്ര സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് നവംബർ 18 ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നല്കിയ മറുപടിയിൽ പറയുന്നു. 

2018 മുതൽ 2021 വരെ 18 ഘട്ടങ്ങളിലായിരുന്നു 17 ശാഖകൾ വഴി ഇലക്ടറൽ ബോണ്ടുകളുടെ വില്പന. മുംബൈ 26.86 ശതമാനം, കൊൽക്കത്ത 25.04, ന്യൂഡൽഹി 14.33, ഹൈദരാബാദ് 13.86 എന്നീ നാല് നഗരങ്ങളിലാണ് 80 ശതമാനം ബോണ്ടുകളും വിറ്റുപോയത്. ഏകദേശം 18 ശതമാനം ബോണ്ടുകൾ ചെന്നൈ, ഭുവനേശ്വർ, ഗാന്ധിനഗർ, ബംഗളുരു എന്നീ നാല് നഗരങ്ങളിൽ വിറ്റു. 13 നഗരങ്ങളിലാണ് അവ പണമാക്കിമാറ്റിയത്. ഏറ്റവും വലിയ തുക ന്യൂഡൽഹി മെയിൻ ബ്രാഞ്ചിലും (5,502 കോടി), ഹൈദരാബാദ് മെയിൻ ബ്രാഞ്ച് 825 കോടി, കൊൽക്കത്ത 561 കോടി, ഭുവനേശ്വർ 554 കോടി എന്നിങ്ങനെ പണമാക്കി മാറ്റി.
വിറ്റുപോയ ഇലക്ടറൽ ബോണ്ടുകളിൽ ഭൂരിഭാഗവും ഒരു കോടിയുടെ മൂല്യമുള്ളതാണെന്നും എസ്‍ബിഐ വെളിപ്പെടുത്തി. 10 ലക്ഷം വീതമുള്ള 5,680 ബോണ്ടുകളും ഒരു ലക്ഷം വീതമുള്ള 2,155 ബോണ്ടുകളും 10,000 രൂപയുടെ 122 എണ്ണവും 1000 രൂപയുടെ 55 ബോണ്ടുകളും വിറ്റിട്ടുണ്ട്. വിവിധ മൂല്യമുള്ള 6,64,250 ഇലക്ടറൽ ബോണ്ട് ഫോമുകൾ മൊത്തം അച്ചടിച്ചിട്ടുണ്ടെന്നും രേഖകളിൽ പറയുന്നു. 

രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകാനുള്ള കടപത്രങ്ങളാണ് ഇലക്ടറൽ ബോണ്ടുകൾ. പാർട്ടികൾക്ക് സംഭാവന നൽകാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രത്യേക ശാഖകളിൽ നിന്നും നിശ്ചിതതുകയ്ക്കുള്ള ബോണ്ടുകൾ വാങ്ങാം. ഏതൊരു ഇന്ത്യൻ പൗരനും സ്ഥാപനത്തിനും ഇത്തരത്തിൽ സംഭാവനകൾ നല്കാം. ആരാണ് പണം നല്കിയത് എന്ന് പാർട്ടികൾ വെളിപ്പെടുത്തേണ്ടതില്ല. പാർട്ടികൾക്ക് അവരുടെ ഔദ്യോഗിക ബാങ്ക് അക്കൗണ്ടുകൾ വഴി സംഭാവന ചെയ്യപ്പെട്ട തുക പിൻവലിക്കാം. 2017ൽ അരുൺ ജെയ്റ്റ്‍ലിയാണ് ഈ പദ്ധതി അവതരിപ്പിച്ചത്. 2018 മാർച്ച് 18 ന് ഈ ഫിനാൻസ് ബിൽ ചർച്ചയില്ലാതെ പാസാക്കി.
eng­lish summary;Electoral bonds; Bil­lions of trans­ac­tions are going on
You may also like this video;

TOP NEWS

September 11, 2024
September 11, 2024
September 11, 2024
September 11, 2024
September 11, 2024
September 11, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.