19 July 2025, Saturday
KSFE Galaxy Chits Banner 2

Related news

July 19, 2025
July 18, 2025
July 17, 2025
July 11, 2025
July 10, 2025
July 10, 2025
July 8, 2025
July 8, 2025
July 8, 2025
July 7, 2025

ബിഹാറിലെ വോട്ടര്‍പട്ടിക പരിഷ്കരണം; ദുരൂഹത വര്‍ധിക്കുന്നു

രേഖകള്‍ വേണ്ടെന്ന് സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫിസ്
വേണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ 
Janayugom Webdesk
ന്യൂഡല്‍ഹി
July 6, 2025 10:59 pm

ബിഹാറിലെ വോട്ടര്‍പട്ടിക തീവ്ര പരിഷ്കരണ നിര്‍ദേശങ്ങളില്‍ ദുരൂഹത വര്‍ധിക്കുന്നു. കേന്ദ്ര — സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫിസുകളുടെ അറിയിപ്പുകളില്‍ സര്‍വത്ര ആശയക്കുഴപ്പം. ഫോം പൂരിപ്പിച്ച് നല്‍കിയാല്‍ മതിയെന്നും രേഖകള്‍ ഹാജരാക്കേണ്ടതില്ലെന്നും അറിയിച്ചുകൊണ്ട് ബിഹാര്‍ ചീഫ് ഇലക്ടറല്‍ ഓഫിസ് മാധ്യമപരസ്യം പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് പിന്നാലെ നടപടിക്രമങ്ങളില്‍ മാറ്റമില്ലെന്ന് തിരുത്തി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ വാര്‍ത്താക്കുറിപ്പ് ഇറക്കുകയായിരുന്നു. ജൂണ്‍ 24നാണ് പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരിക്കല്‍ പ്രക്രിയ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചത്. ഓഗസ്റ്റ് ഒന്നിന് കരട് പട്ടിക പ്രസിദ്ധീകരിക്കും. അനര്‍ഹരെ പട്ടികയില്‍ നിന്ന് ഒഴിവാക്കാനാണ് സമഗ്ര പരിഷ്കരണമെന്നാണ് കമ്മിഷന്റെ വാദം. ജൂണ്‍ 24ലെ കണക്കനുസരിച്ച് ബിഹാറില്‍ 7.9 കോടി വോട്ടര്‍മാരുണ്ട്. ഇവരില്‍ 4.96 കോടി വോട്ടര്‍മാര്‍ 2003ലെ പട്ടികയിലുള്ളവരാണ്. ഇവരൊഴിച്ചുള്ളവര്‍ 25ന് ജനനത്തീയതിയോ സ്ഥലമോ ഉള്‍പ്പെടെ പൗരത്വം തെളിയിക്കാനാവശ്യമായ രേഖകള്‍ ഹാജരാക്കണം. വീടുകള്‍ തോറും ഉദ്യോഗസ്ഥരെത്തി രേഖകള്‍ പരിശോധിക്കും. ഈ രേഖകളുടെ അടിസ്ഥാനത്തിലായിരിക്കും ഓഗസ്റ്റ് ഒന്നിന് കരട് പട്ടിക പ്രസിദ്ധീകരിക്കുന്നത്. ഈ നിര്‍ദേശങ്ങള്‍ക്ക് മാറ്റമില്ലെന്നും ഇതിന് വിരുദ്ധമായി വരുന്ന പ്രസ്താവനകളും പരസ്യങ്ങളും പൊതുജനങ്ങളെ ആശയക്കുഴപ്പത്തിലാക്കാനാണെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ പറയുന്നു.

രേഖകളില്ലാതെ ഫോമുകള്‍ പൂരിപ്പിച്ച് നല്‍കിയാല്‍ മതിയെന്നും പ്രാദേശിക അന്വേഷണത്തിന്റെയോ മറ്റ് രേഖകളുടെയോ തെളിവുകളുടെയോ അടിസ്ഥാനത്തിൽ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസര്‍ക്ക് തീരുമാനമെടുക്കാമെന്നുമാണ് ബിഹാര്‍ ചീഫ് ഇലക്ടറല്‍ ഓഫിസ് പരസ്യത്തില്‍ പറഞ്ഞിരുന്നത്. വിഷയം നിയമപോരാട്ടത്തിലേക്ക് നീങ്ങിയതിന് പിന്നാലെയായിരുന്നു പത്രപരസ്യം പുറത്തുവന്നത്. എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെ നിരവധി പേര്‍ ഇത് എക്സില്‍ പങ്കിട്ടിരുന്നു. ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കാനുള്ള ബിജെപിയുടെ അജണ്ടയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടപ്പിലാക്കുന്നതെന്ന വിമര്‍ശനം പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇന്ത്യ സഖ്യം ഈ വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ നേരിട്ടുകണ്ട് ആശങ്കകള്‍ അറിയിച്ചുവെങ്കിലും പരിഷ്കരണ നടപടികളുമായി മുന്നോട്ടുപോവുകയായിരുന്നു. വോട്ടര്‍ പട്ടികയില്‍ തുടരാന്‍ പൗരത്വം തെളിയിക്കാനുള്ള 11 രേഖകളില്‍ നിന്ന് വോട്ടര്‍ ഐഡി, റേഷന്‍ കാര്‍ഡ്, ആധാര്‍ എന്നിവ ഒഴിവാക്കിയതിലൂടെ കോടിക്കണക്കിന് വോട്ടര്‍മാര്‍ പുറത്താകുമെന്നാണ് ആശങ്ക. സംസ്ഥാന സര്‍ക്കാരിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ ജോലി ചെയ്യുന്നതിന്റെ തിരിച്ചറിയല്‍ രേഖ, ജനന സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട്, മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ 11 രേഖകളാണ് പട്ടികയിലുള്ളത്. ബിഹാറിന്റെ സാമൂഹിക, സാമ്പത്തിക പശ്ചാത്തലത്തിൽ കമ്മിഷൻ നിർദേശിച്ച 11 പൗരത്വ തിരിച്ചറിയൽ രേഖകൾ സംഘടിപ്പിക്കുക എളുപ്പമാവില്ലെന്നാണ് ഉയരുന്ന വിമർശനം. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെടുന്ന രേഖകള്‍ ഹാജരാക്കാത്തവരെ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കുമെന്ന സാഹചര്യവുമുണ്ട്. 

Kerala State - Students Savings Scheme

TOP NEWS

July 19, 2025
July 19, 2025
July 19, 2025
July 19, 2025
July 19, 2025
July 19, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.