Janayugom Online
electric bus in kozhikode

വൈദ്യുതി ബസ് കോഴിക്കോട്ട്

Web Desk
Posted on June 28, 2018, 1:19 pm

കേരളത്തിൽ ആദ്യമായി പരീക്ഷണടിസ്ഥാനത്തിൽ സർവീസ് നടത്തുന്ന പരിസ്ഥിതി സൗഹൃദ വൈദ്യുതി ബസിന്റെ കോഴിക്കോട് മേഖലാതല ഫ്ലാഗ് ഓഫ് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവ്വഹിച്ചു.

കൊച്ചി, തിരുവനന്തപുരം നഗരപ്രദേശങ്ങളിൽ പരീക്ഷണടിസ്ഥാനത്തിൽ നടത്തിയ സർവീസുകൾ വിജയകരമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം, കൊച്ചി, കൊല്ലം, തൃശുർ, കോഴിക്കോട് എന്നീ നഗരങ്ങളിൽ അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന ഹരിത ട്രിബ്യൂണൽ വിധിയിൽ അപ്പീൽ നൽകിയപ്പോൾ സർക്കാർ പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ നിരത്തിലിറക്കുന്നതിന് മാർഗങ്ങൾ ആരായുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ വൈദ്യുതി ബസ്  പരീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കൊച്ചിയിൽ ഒരു റൂട്ടിൽ കെ എസ് ആർ ടി സി  സി എൻ ജി സർവീസ് വിജയകരമാണ്. കെ എസ് ആർ ടി സിയെ ലാഭത്തിലാക്കാനുള്ള പരിശ്രമങ്ങൾക്ക് ജീവനക്കാർ നല്ല പിന്തുണ നൽകുന്നുണ്ട്. കോഴിക്കോട് ഡിപ്പോ, പ്രതിദിന  വരുമാനത്തിൽ ഗണ്യമായ വർധനവ് കൈവരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു

കോഴിക്കോട് കെ എസ് ആർ ടി സി ഡിപ്പോ അങ്കണത്തിൽ നടന്ന ഫ്ലാഗ് ഓഫ് ചടങ്ങിൽ എ പ്രദീപ് കുമാർ എം എൽ എ അധ്യക്ഷത വഹിച്ചു. വി കെ സി മമ്മദ് കോയ വാർഡ് കൗൺസിലർ ലളിത പ്രഭ, കെ എസ് ആർ ടി സി മേഖലാ മാനേജർ ജോഷി ജോൺ, ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ എന്നിവർ സംസാരിച്ചു. ബേപ്പൂരിലേക്ക് നടത്തിയ ആദ്യ പരീക്ഷണ സർവീസിൽ മന്ത്രിയും എം എൽ എ മാരും യാത്ര ചെയ്തു.

ബേപ്പൂർ, കുന്ദമംഗലം, ബാലുശേരി, കൊയിലാണ്ടി രാമനാട്ടുകര, അടിവാരം എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തും