26 March 2024, Tuesday

വണ്ടിയിനി വഴിയിൽ നിൽക്കില്ല: വൈദ്യുതി ചാർജിംഗ് സ്റ്റേഷൻ ഉദ്ഘാടനം 9 ന്

Janayugom Webdesk
കോഴിക്കോട്
October 7, 2021 8:28 pm

ദൂരേയ്ക്കുള്ള ഓർഡറുകൾ ലഭിക്കുമ്പോൾ പേടി കൊണ്ട് ഓട്ടം പോവാതിരിക്കുകയായിരുന്നു നഗരത്തിലെ ഇലക്ട്രിക് ഓട്ടോറിക്ഷ ഡ്രൈവർമാർ. വഴിയിൽ വെച്ച് വണ്ടി നിന്നുപോയാൽ എന്തു ചെയ്യുമെന്ന ആശങ്ക കൊണ്ടായിരുന്നു ദൂര യാത്രകൾ ഏറ്റെടുക്കാൻ ഇവർ മടിച്ചിരുന്നത്. ഈ പ്രശ്നത്തിന് പരിഹാരമാകുകയാണ്. ഇനി വണ്ടി ചാർജ് തീർന്ന് പാതി വഴിയിൽ നിന്നുപോകില്ല. വൈദ്യുതത്തൂണിൽ നിന്ന് ഇലക്ട്രിക് ഓട്ടോകൾക്കും സ്കൂട്ടറുകൾക്കും ചാർജ് ചെയ്യാൻ സൗകര്യം ഒരുക്കിയത് നഗരത്തിൽ പത്തിടങ്ങളിൽ. സ്റ്റാർട്ടപ്പ് കമ്പനിയായ ചാർജ് മോഡുമായി ചേർന്നാണ് കെ എസ് ഇ ബി പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്തു തന്നെ പരീക്ഷണാടിസ്ഥാനത്തിൽ കോഴിക്കോട്ട് നടപ്പാക്കുന്ന ചാർജിംഗ് പോയിന്റുകൾ ഒൻപതിന് പ്രവർത്തനം തുടങ്ങും. ഒൻപതിന് രാവിലെ 9.30ന് ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി കെ കൃഷ്ണൻകുട്ടി പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കും.
സരോവരം ബയോ പാർക്കിന് സമീപം, എരഞ്ഞിപ്പാലം, വാണിജ്യ നികുതി ഓഫീസ് പരിസരം, ചെറൂട്ടി നഗർ ജംഗ്ഷൻ, മുത്തപ്പൻകാവ്, മൂന്നാലിങ്കലിന് സമീപം, ശാസ്ത്രി നഗർ, വെള്ളയിൽ ഹാർബർ പ്രവേശന കവാടം, കസ്റ്റംസ് ക്വാർട്ടേഴ്സ് പരിസരം, മേയർ ഭവൻ പരിസരം എന്നിവടങ്ങളിലാണ് ചാർജിംഗ് പോയിന്റുകൾ ഒരുക്കിയത്. വൈദ്യുതി തൂണിൽ ചാർജിംഗ് പോയിന്റുണ്ടാവും. മൊബൈൽ ആപ്പ് വഴി പണമിടപാട് നടത്താൻ പറ്റുന്ന രീതിയിലാണ് സൗകര്യമൊരുക്കുന്നത്. ചാർജ് മോഡ് എന്ന മൊബൈൽ ആപ് ഡൗൺലോഡ് ചെയ്താൽ ഏറ്റവും അടുത്തുള്ള തിരക്കില്ലാത്ത ചാർജിംഗ് പോയിന്റ് എവിടെയാണെന്ന് മനസ്സിലാക്കാനും എത്ര യൂണിറ്റ് വേണമെന്ന് രേഖപ്പെടുത്താനുമെല്ലാം സാധിക്കും. സംസ്ഥാനത്തു തന്നെ പരീക്ഷണാടിസ്ഥാനത്തിൽ കോഴിക്കോട്ടാണ് ആദ്യം പദ്ധതി നടപ്പിലാക്കുന്നത്. അന്തരീക്ഷ മലിനീകരണം. പരമാവധി കുറയ്ക്കാൻ ഉതയുന്ന വൈദ്യുതി വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയെന്നത് സർക്കാറിന്റെ മുഖ്യപരിഗണനയിലുള്ള കാര്യമാണ്. കോഴിക്കോട് നഗരത്തിൽ മാത്രം നിലവിൽ നൂറ്റമ്പതോളം ഇ ‑ഓട്ടോകളുണ്ട്. ജില്ലയിലാകെ 250 ഓട്ടോകളാണ് ഓടുന്നത്. വണ്ടി ഫുൾ ചാർജ് ചെയ്താൽ 130 കിലോമീറ്റർ ഓടാനാവും. ഏതാണ്ട് നാലു മണിക്കൂർ സമയം വേണം ഇത്തരത്തിൽ ചാർജാവാൻ. നിലവിൽ സ്വകാര്യ ചാർജിംഗ് സ്റ്റേഷനുകളെയാണ് ഇവർ ആശ്രയിക്കുന്നത്. എന്നാൽ ഇവിടങ്ങളിൽ വലിയ തുക ഈടാക്കുന്നത് വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു. ഇതിന് പരിഹാരമായാണ് വൈദ്യുതി തൂണുകളിൽ ഘടിപ്പിക്കുന്ന തരത്തിലുള്ള പോൾ മൗണ്ടഡ് ചാർജിംഗ് സ്റ്റേഷനുകൾ ഒരുങ്ങുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.