Site iconSite icon Janayugom Online

ഇലക്ട്രിക് സ്കൂട്ടര്‍ തീപിടിത്തം: അന്വേഷിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

വൈദ്യുത ഇരുചക്ര വാഹനങ്ങൾ തീപിടിക്കുന്ന എല്ലാ സംഭവങ്ങളിലും അന്വേഷണം നടത്തുമെന്ന് റോഡ് ട്രാൻസ്പോർട്ട് സെക്രട്ടറി ഗിരിധർ അരമനി. വൈദ്യുത വാഹനങ്ങളുടെ ഡിസൈൻ, ഉല്പാദനം, വിതരണം, ബാറ്ററി ഉല്പാദനം എന്നിവയെല്ലാം പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്വേഷണ ശേഷം ആവശ്യമെങ്കിൽ വാഹന നിർമ്മാതാക്കൾക്ക് വേണ്ട നിർദേശങ്ങൾ നൽകുമെന്നും ഗിരിധർ അരമനി പറഞ്ഞു. ബാറ്ററികൾ തീപിടിച്ച് പൊട്ടിത്തെറിക്കുന്ന സാഹചര്യത്തിൽ കമ്പനികളോട് മുൻകരുതൽ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര റോഡ് ഗതാഗത‑ഹൈവേ മന്ത്രി നിതിൻ ഗഡ്കരി ആവശ്യപ്പെട്ടിരുന്നു. പോരായ്മകളുള്ള വാഹനങ്ങൾ അടിയന്തരമായി തിരിച്ചുവിളിക്കണമെന്നും കമ്പനികളോട് മന്ത്രി അഭ്യർത്ഥിച്ചിരുന്നു. 

നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ ശിക്ഷാനടപടിയുണ്ടാകും. തമിഴ്‍നാട്ടില്‍ വീണ്ടും കഴിഞ്ഞദിവസവും ഇലക്ട്രിക് സ്ക്കൂട്ടറിന് തീ പിടിച്ച സംഭവമുണ്ടായിരുന്നു. കൃഷ്ണഗിരിയിലെ ഹൊസുര്‍ വ്യവസായ കേന്ദ്രത്തിലായിരുന്നു സംഭവം. വാഹനത്തിന്റ സീറ്റിനടിയില്‍ നിന്ന് പെട്ടെന്ന് തീ പിടിക്കുകയായിരുന്നുവെന്നും സംഭവത്തില്‍ ഉടമക്ക് പരിക്കേറ്റിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ഒലയുടെ ഇലക്ട്രിക് സ്കൂട്ടർ പുനെയിൽ തീപിടിച്ചതിനെ തുടർന്ന് കേന്ദ്രസർക്കാർ നിലവില്‍ അന്വേഷണം നടത്തിവരുന്നുണ്ട്. കേന്ദ്ര അഗ്നി-സ്ഫോടന സുരക്ഷ വിഭാഗത്തിനാണ് അന്വേഷണച്ചുമതല. തീപിടിത്തമുണ്ടായ സാഹചര്യത്തിൽ 1,444 ഇലക്ട്രിക് സ്കൂട്ടറുകൾ ഒല തിരിച്ചുവിളിച്ചിട്ടുണ്ട്. ഒകിനാവ ഓട്ടോടെക് 3000 സ്കൂട്ടറുകളും പ്യുർ ഇവി 2000 യൂണിറുകളും തിരികെവിളിച്ചിരുന്നു.

Eng­lish Summary:Electric scoot­er fire: Govt to probe
You may also like this video

Exit mobile version