കുട്ടമ്പുഴയില്‍ കാട്ടാനയെ ഷോക്കേറ്റ് ചരിഞ്ഞ നിലയില്‍ കണ്ടെത്തി

Web Desk
Posted on August 07, 2019, 4:13 pm

കൊച്ചി: കോതമംഗലത്തിന് സമീപം കുട്ടമ്പുഴയില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. കുട്ടമ്പുഴ പഞ്ചായത്തിലെ നൂറേക്കര്‍ ഭാഗത്താണ് കൊമ്പനാനയുടെ ജഡം കണ്ടെത്തിയത്. ആനയ്ക്ക് 10 വയസ് പ്രായമുള്ളതായി വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റാണ് ആന ചരിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാന പുരയിടത്തിന് സമീപത്തെ തെങ്ങ് കുത്തിമറിച്ചിട്ടപ്പോള്‍ വൈദ്യുതി ലൈനിലേക്ക് മറിഞ്ഞു വീണാണ് ഷോക്കേറ്റതെന്ന് കരുതുന്നു. 

രാത്രി തെങ്ങ് മറിച്ചിടുന്ന ശബ്ദവും ആനയുടെ അലര്‍ച്ചയും കേട്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ശബ്ദം കേട്ട ഭാഗത്ത് രാവിലെ നാട്ടുകാര്‍ ചെന്ന് നോക്കിയപ്പോഴാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ കുട്ടമ്പുഴ റേഞ്ച് ഓഫീസില്‍ വിവരം അറിയിച്ചു. റേഞ്ച് ഓഫീസര്‍ എസ്. രാജന്റെ നേതൃത്വത്തില്‍ വനപാലകര്‍ സംഭവസ്ഥലതെത്തി പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയാക്കി. കുട്ടമ്പുഴ, പൂയംകുട്ടി ഭാഗങ്ങളില്‍ പുഴ കടന്ന് കാട്ടാനകള്‍ ജനവാസ മേഖലകളിലേക്ക് എത്തുന്നത് സ്ഥിരം സംഭവമാണ്. മിക്കയിടത്തും ഫെന്‍സിങ് ഇല്ലാത്തത് വന്യ മൃഗങ്ങള്‍ ജനവാസ കേന്ദ്രങ്ങളില്‍ കടക്കുന്നത് പതിവാണ്. വന്യമൃഗങ്ങളില്‍ നിന്ന് സ്വത്തിനും ജീവനും സംരക്ഷണം നല്‍കുവാന്‍ ഉള്ള നടപടികള്‍ സ്വീകരിക്കണം എന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.