വൈദ്യുതി ഭേദഗതി ചട്ടങ്ങള്‍ കുഴപ്പങ്ങളിലേക്കും കലാപത്തിലേക്കും നയിക്കും

Web Desk
Posted on October 21, 2018, 10:06 pm

രാജ്യത്തെ വൈദ്യുതി ചട്ടം 2003 ഭേദഗതി ചെയ്തുകൊണ്ടുള്ള കരടിന്‍മേല്‍ തല്‍പര കക്ഷികള്‍ക്ക് ഭേദഗതി നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള കാലാവധി ഏതാണ്ട് അവസാനിക്കുകയാണ്. സെപ്റ്റംബര്‍ ഏഴിന് പ്രസിദ്ധീകരിച്ച സങ്കീര്‍ണമായ കരട് ചട്ടത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍, വൈദ്യുതി വിതരണ കമ്പനികള്‍, ഉപഭോക്താക്കള്‍ തുടങ്ങിയവര്‍ക്ക് പ്രതികരിക്കാന്‍ ലഭിച്ചിരുന്നത് കേവലം 45 ദിവസങ്ങളാണ്. വൈദ്യുതി വിതരണം പോലെ ആധുനിക ജീവിതത്തില്‍ തന്ത്രപ്രധാനമായ ഒന്നിനെപറ്റി പഠിക്കാനും പ്രതികരിക്കാനും അത്രയും ദിവസങ്ങള്‍ തുലോം അപര്യാപ്തമാണ്. വൈദ്യുതി ഉല്‍പാദനം മുതല്‍ വിതരണം വരെ എല്ലാ തലങ്ങളെയും ബാധിക്കുന്ന ഒരു നിയമനിര്‍മാണത്തിനാണ് കേന്ദ്രസര്‍ക്കാര്‍ മുതിരുന്നത്. രാജ്യത്ത് നിലനിന്നിരുന്ന വൈദ്യുതി നിരക്കുകള്‍, തന്ത്രപ്രധാന മേഖലകള്‍ക്കും സാമ്പത്തികമായി പിന്നാക്കാവസ്ഥ അനുഭവിക്കുന്നവര്‍ക്കും ദളിതര്‍, ആദിവാസികള്‍ തുടങ്ങി അധസ്ഥിത ജനവിഭാഗങ്ങള്‍ക്കും വൈദ്യുതി താരിഫില്‍ ലഭിച്ചുവന്നിരുന്ന സൗജന്യങ്ങള്‍, ആനുകൂല്യങ്ങള്‍, വൈദ്യുതി മേഖലയുടെ മേല്‍ കേന്ദ്ര‑സംസ്ഥാന ഗവണ്‍മെന്റുകള്‍ തമ്മിലുള്ള അവകാശ‑അധികാര വിഭജനം തുടങ്ങിയവയെ എല്ലാം നിര്‍ണായകമായി സ്വാധീനിക്കുന്ന ഒന്നാണ് നിര്‍ദിഷ്ട ഭേദഗതി ബില്‍. അത്തരമൊരു നിയമഭേദഗതി പ്രക്രിയയില്‍ പാര്‍ലമെന്റിന്റെ ഊര്‍ജകാര്യ സ്ഥിരം സമിതിയുടെ പങ്കുതന്നെ അവ്യക്തമാണ്. ജനജീവിതത്തെ ആകെ ബാധിക്കുന്ന ഏതു നിയനിര്‍മാണ നിര്‍ദേശങ്ങളിലും അതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിവരിക്കുക അനിവാര്യമാണ്. എന്നാല്‍ ജനകോടികളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഒറ്റനോട്ടത്തില്‍ വ്യക്തമാകുന്ന വൈദ്യുതി ഭേദഗതി ചട്ട നിര്‍ദേശങ്ങളില്‍ അങ്ങനെ ഒന്നില്ലെന്നത് യാദൃശ്ചികമല്ല. വൈദ്യുതി ഉല്‍പാദനം, അതിന്റെ സുഗമമായ പ്രസരണം, കാര്യക്ഷമമായ വിതരണം, ജനങ്ങള്‍ക്ക് താങ്ങാവുന്നതും മേല്‍പറഞ്ഞ ചുമതലകള്‍ നിര്‍വഹിക്കുന്ന സര്‍ക്കാര്‍-സ്വകാര്യ ഏജന്‍സികള്‍ക്ക് നിലനില്‍ക്കാവുന്നതുമായ താരിഫ് എന്നിവയെ സംബന്ധിക്കുന്ന നിയമനിര്‍മാണ നിര്‍ദേശങ്ങളില്‍ നിന്നും ഉദ്ദേശ്യലക്ഷ്യങ്ങള്‍ ഒഴിവാക്കപ്പെട്ടിരിക്കുന്നുവെന്നത് തുറന്നുകാട്ടുന്നത് പ്രസ്തുത നിര്‍ദേശങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്ന ദുരുപദിഷ്ടിതയും ദുഷ്ടലാക്കും തന്നെയാണ്.

ഇന്ത്യയെപോലെ ഒരു വികസ്വര രാഷ്ട്രത്തില്‍ വൈദ്യുതിയുടെ പങ്കും പ്രാധാന്യവും ആവര്‍ത്തിച്ച് എടുത്തുപറയേണ്ടതില്ല. അത് ലാഭകരമായ ഒരു വ്യവസായ സംരംഭം എന്നതിലുപരി രാഷ്ട്രത്തിന്റെ വികാസത്തിന്റെയും ജനക്ഷേമത്തിന്റെയും അടിത്തറയായി വര്‍ത്തിക്കുന്ന ഒരു പൊതുസേവന തുറയാണ്. ആ സങ്കല്‍പത്തില്‍നിന്നും വൈദ്യുതിരംഗത്തെ അടര്‍ത്തിയെടുത്ത് കോര്‍പറേറ്റ് ലാഭതാല്‍പര്യങ്ങള്‍ക്ക് അടയറവയ്ക്കാനുള്ള നീക്കം ആരംഭിച്ചിട്ട് കാല്‍നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. പി വി നരസിംഹറാവു-ഡോ. മന്‍മോഹന്‍സിങ് കൂട്ടുകെട്ട് തുടക്കംകുറിച്ച ആഗോളീകരണ, ഉദാരീകരണ, കോര്‍പറേറ്റ് വല്‍ക്കരണ സാമ്പത്തിക നയങ്ങളിലാണ് അത് വേരുറപ്പിച്ചിട്ടുള്ളത്. ആ പ്രക്രിയയുടെ അനന്തര ഫലമായിരുന്നു കോണ്‍ഗ്രസ്-യുപിഎ ഭരണത്തിന് അറുതിവരുത്തിയ കല്‍ക്കരിഖനി കുംഭകോണ പരമ്പരകള്‍. അതിന്റെ തുടര്‍ച്ചയാണ് നരേന്ദ്രമോഡി സര്‍ക്കാര്‍ രാജ്യത്തിനുമേല്‍ ഇപ്പോള്‍ അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുന്ന വൈദ്യുതി ചട്ട ഭേദഗതി നിര്‍ദേശങ്ങള്‍. രാജ്യത്തിന്റെ വൈദ്യുതിവല്‍ക്കരണ പ്രക്രിയയെ ബഹുദൂരം മുന്നോട്ടുനയിച്ച പൊതുമേഖല വൈദ്യുതോര്‍ജ ഉല്‍പാദക പൊതുമേഖല സ്ഥാപനങ്ങള്‍, പ്രസരണ സംവിധാനങ്ങള്‍, സംസ്ഥാനാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന വൈദ്യുതി വിതരണ കമ്പനികള്‍ എന്നിവയെ തകര്‍ക്കുകയും അവ കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറുകയുമാണ് നിര്‍ദിഷ്ട ദേഭഗതി ചട്ടങ്ങളുടെ ലക്ഷ്യം. മേല്‍പറഞ്ഞ ഉത്തരവാദിത്തങ്ങള്‍ മത്സരാടിസ്ഥാനത്തിലാക്കുക എന്ന പേരില്‍ എല്ലാ രംഗങ്ങളിലും സ്വകാര്യമേഖലക്ക് യഥേഷ്ടം കടന്നുകയറാന്‍ ഭേദഗതി ചെയ്യപ്പെടുന്ന ചട്ടങ്ങള്‍ വഴിയൊരുക്കും. ഫലത്തില്‍ അത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സംവിധാനങ്ങളുടെ ഉന്‍മൂലനത്തിലായിരിക്കും കലാശിക്കുക. വൈദ്യുതിരംഗം സ്വകാര്യ മേഖലയ്ക്ക് തീറെഴുതിയ രാഷ്ട്രതലസ്ഥാനവും മുംബൈ നഗരവുമടക്കം ആ നയങ്ങളുടെ ജീവിക്കുന്ന രക്തസാക്ഷികളാണ്. അതിന് താങ്ങാനാവാത്ത വില നല്‍കേണ്ടിവരുന്നത് പട്ടിണി പാവങ്ങള്‍ മുതല്‍ സ്ഥിരവരുമാനക്കാരായ ഇടത്തരക്കാര്‍വരെ ജനകോടികളും.

വൈദ്യുതി സൗജന്യങ്ങളും ആനുകൂല്യങ്ങളും അനുഭവിക്കുന്ന തന്ത്രപ്രധാന സാമ്പത്തിക മേഖലയാണ് കാര്‍ഷികരംഗം. കര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഭേദഗതിചട്ടം പ്രാബല്യത്തില്‍ വരുന്നതോടെ ഉപഭോക്താവിന് ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കുമെന്നാണ് വാഗ്ദാനം. കടബാധ്യതകൊണ്ടും വിലത്തകര്‍ച്ചകൊണ്ടും തരിപ്പണമായിക്കഴിഞ്ഞ ഇന്ത്യയുടെ കാര്‍ഷികമേഖല അതോടെ ശ്മശാനമൂകമാകും. അത് രാജ്യത്തെ കൊടിയ തൊഴിലില്ലായ്മയിലേക്കും ദാരിദ്ര്യത്തിലേക്കും ആത്മഹത്യ പരമ്പരയിലേക്കുമായിരിക്കും നയിക്കുക. ഇപ്പോള്‍തന്നെ ഗതിമുട്ടിയ കര്‍ഷകരുടെ സമരങ്ങള്‍കൊണ്ട് മുഖരിതമാണ് രാഷ്ട്രം. വൈദ്യുതി ഭേദഗതി ചട്ടങ്ങള്‍ രാജ്യത്തെ ആഴമേറിയ കുഴപ്പത്തിലേക്കും കലാപത്തിലേക്കുമായിരിക്കും നയിക്കുക. കോര്‍പ്പറേറ്റ് പ്രീണനം മാത്രം ലക്ഷ്യമാക്കിയുള്ള വൈദ്യുതി ഭേദഗതി ചട്ടങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായ ചെറുത്തുനില്‍പ് വളര്‍ന്നുവരണം.