Friday
06 Dec 2019

വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു

By: Web Desk | Monday 8 July 2019 11:10 PM IST


തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു. 2017 ഏപ്രിലിന് ശേഷമുള്ള ചാര്‍ജുകളില്‍നിന്നും ശരാശരി 6.8 ശതമാനത്തിന്റെ വര്‍ധനയാണ് 2019 -2022 കാലയളവിലേക്ക് വരുത്തിയിട്ടുള്ളത്. കെഎസ്ഇബി ലിമിറ്റഡ് നിര്‍ദ്ദേശിച്ചതിനേക്കാള്‍ വളരെ കുറഞ്ഞ നിരക്കില്‍, ഉപഭോക്താക്കള്‍ക്കുമേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കാത്ത രീതിയിലാണ് ഇപ്പോള്‍ വൈദ്യുതി ചാര്‍ജ്ജ് വര്‍ധിപ്പിച്ചിട്ടുള്ളത്. നിരക്ക് വര്‍ധന ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നതായി സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ചെയര്‍മാന്‍ പ്രേമന്‍ ദിനരാജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കാലാവസ്ഥമാറ്റത്തെ തുടര്‍ന്ന് ഉല്‍പാദനത്തില്‍ പ്രതിസന്ധിയുണ്ട്. സംസ്ഥാനത്തിനാവശ്യമായ വൈദ്യുതി ഇപ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നായി കേന്ദ്രപൂളിലൂടെ വന്‍തുകയ്ക്കാണ് വാങ്ങി വിതരണം ചെയ്തുവരുന്നത്. ഇതുണ്ടാക്കിയ ബാധ്യതകൂടി കണക്കിലെടുത്താണ് നിരക്ക് വര്‍ധന.
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഒരു യൂണിറ്റ് വൈദ്യുതി എത്തിക്കാന്‍ കെഎസ്ഇബി ലിമിറ്റഡിന് 6.10 രൂപ ചെലവ് വരുമ്പോള്‍ നിലവില്‍ ഈടാക്കിവന്നിരുന്നത് 4.15 രൂപയാണ്. പുതുക്കിയ വൈദ്യുതി നിരക്ക് പ്രകാരം ഇത് 4.61 രൂപ മാത്രമേ നല്‍കേണ്ടിവരൂ. 2018-19 മുതല്‍ 2021-22 വരെയുള്ള നാല് സാമ്പത്തിക വര്‍ഷത്തിലെ ചെലവുകളും വരുമാനവും റവന്യൂ കമ്മിയും അത് നികത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളും കെഎസ്ഇബി കേരള സംസ്ഥാന റെഗുലേറ്ററി കമ്മിഷന് സമര്‍പ്പിച്ചിരുന്നു. 2018-19 മുതല്‍ 2021-22 വരെയുള്ള കാലയളവില്‍ കെഎസ്ഇബി ലിമിറ്റഡിന് 800 കോടി മുതല്‍ 998 കോടിവരെ വരുമാന കമ്മി കമ്മിഷന്‍ അംഗീകരിച്ചു. ഇതേ കാലയളവില്‍ കെഎസ്ഇബി ലിമിറ്റഡ് യഥാക്രമം 1,400 മുതല്‍ 2,518 കോടിവരെ റവന്യൂ കമ്മിയാണ് നിര്‍ദ്ദേശിച്ചത്. ഈ വര്‍ധന അംഗീകരിക്കാന്‍ റഗുലേറ്ററി കമ്മിഷന്‍ തയാറായില്ല. 1,100 കോടിയുടെ പുതിയ ശുപാര്‍ശയില്‍ 900 കോടിയുടെ വര്‍ധനയാണ് റഗുലേറ്ററി കമ്മിഷന്‍ അംഗീകരിച്ചത്. റഗുലേറ്ററി കമ്മിഷന്‍ അംഗീകരിച്ച കണക്കു പ്രകാരം വൈദ്യുതി ബോര്‍ഡില്‍ മൊത്തം റവന്യൂ കമ്മി 6,686 കോടി രൂപയായി രേഖപ്പെടുത്തി.
40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ബിപിഎല്ലുകാരെ പുതുക്കിയ നിരക്കില്‍ നിന്നും ഫിക്‌സഡ് ചാര്‍ജ് വര്‍ധനയില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ട്.
ബിപിഎല്ലിന് താഴെയുള്ള 1000 വാട്ട് വരെ കണക്ടഡ് ലോഡുള്ള കുടുംബങ്ങളില്‍ ക്യാന്‍സര്‍ രോഗികളോ സ്ഥിരമായി അംഗവൈകല്യം ബാധിച്ചവരോ ഉണ്ടെങ്കില്‍ അത്തരം കുടുംബങ്ങള്‍ക്ക് പ്രതിമാസം 100 യൂണിറ്റ് വരെയും എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരില്‍ 150 യൂണിറ്റ് വരെയും ഉപയോഗിക്കുന്നവര്‍ യൂണിറ്റിന് 1.50 രൂപ നിരക്കില്‍ വൈദ്യുതി ചാര്‍ജ്ജ് നല്‍കിയാല്‍ മതിയാകും.

നിരക്ക് വര്‍ധന ഇങ്ങനെ

തിരുവനന്തപുരം: വൈദ്യുതി ചാര്‍ജുകള്‍ പുതുക്കി നിശ്ചയിച്ചതിനു പുറമേ ഫിക്‌സഡ് ചാര്‍ജ് 10 സ്ലാബുകളാക്കി വിഭജിച്ചു. നിലവില്‍ സിംഗിള്‍ ഫേസിന് 30 രൂപയും ത്രി ഫേസിന് 80 രൂപയുമായിരുന്നതിനെ പത്ത് സ്ലാബുകളായി തിരിച്ച് അഞ്ച് രൂപ മുതല്‍ 70 രൂപ വരെ ഫിക്‌സഡ് ചാര്‍ജില്‍ വര്‍ധന വരുത്തിയിട്ടുണ്ട്.
എനര്‍ജി ചാര്‍ജിനത്തില്‍ പൂജ്യം മുതല്‍ 50 യൂണിറ്റ് വരെയുള്ള വൈദ്യുതി ഉപയോഗത്തിന് യൂണിറ്റിന് 25 പൈസയും 50 മുതല്‍ മുകളിലേക്ക് 30 പൈസയും വര്‍ധിക്കും. എന്നാല്‍ 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താവ് പുതുക്കിയ നിരക്ക് പ്രകാരം 18 രൂപയും 100 യൂണിറ്റിന് 42 രൂപയും 200 യൂണിറ്റുവരെ ഉപയോഗിക്കുന്നവര്‍ 97 രൂപയും 300 യൂണിറ്റുകാര്‍ 110 രൂപയും 400 യൂണിറ്റുകാര്‍ 200 രൂപയും 500 യൂണിറ്റ് ഉപയോഗിച്ചാല്‍ 250 രൂപയും അധികം നല്‍കേണ്ടതായി വരും.
വൈദ്യുതി ബോര്‍ഡിന്റെ ഇപ്പോഴത്തെ ശേഷിയായ 2,232 മെഗാവാട്ടില്‍ 2,055 മെഗാവാട്ടും ജലവൈദ്യുതിയില്‍ നിന്നാണു ലഭിക്കുന്നത്. താപ വൈദ്യുതിയില്‍ നിന്നു 160 മെഗാവാട്ടും കാറ്റില്‍ നിന്ന് 2.025 മെഗാവാട്ടും സോളാറില്‍ നിന്ന് 14.7 മെഗാവാട്ടുമാണ് ലഭിക്കുന്നത്. 15 വന്‍കിട നിലയങ്ങള്‍ ഉള്‍പ്പെടെ 37 ജലവൈദ്യുതി നിലയങ്ങളില്‍ നിന്നാണ് കേന്ദ്രപൂളില്‍ ജലവൈദ്യുതി ലഭിക്കുന്നത്. വൈദ്യുതി നല്‍കിയ വകയില്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്ന് ബോര്‍ഡിന് കിട്ടാനുള്ളത് 937 കോടി രൂപയാണ്. ഇതില്‍ 408 കോടി രൂപയുടെ കുടിശിക പിരിച്ചെടുക്കുന്നത് സംബന്ധിച്ച കേസുകള്‍ വിവിധ കോടതികളില്‍ നടന്നുവരികയുമാണ്.

YOU MAY LIKE THIS VIDEO ALSO