എലിഫന്റാ ഗുഹകളില്‍ വൈദ്യുതിയെത്തി

Web Desk
Posted on February 23, 2018, 9:27 pm

മുംബൈ: സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷത്തിനു ശേഷം എലിഫന്റാ ഗുഹകളില്‍ വൈദ്യുതിയെത്തി. ഇവിടേയ്ക്ക് വൈദ്യുതിയെത്തിക്കാന്‍ 7.5 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ കേബിള്‍ കടലിനടിയിലൂടെയാണ് ഇട്ടിരിക്കുന്നത്.
രാജ് ബന്ദര്‍, മൊറ ബന്ദര്‍, ഷെട്ട് ബന്ദര്‍ എന്നീ മൂന്നു ഗ്രാമങ്ങള്‍ക്കും ഇത് മൂലം പ്രയോജനമുണ്ടാകുമെന്ന് ഊര്‍ജ്ജ മന്ത്രി ചന്ദ്രശേഖര്‍ ഭാവാങ്കുലെ അഭിപ്രായപ്പെട്ടു.
മാഹാരാഷ്ട്രയിലെ മുംബൈ തുറമുഖത്തിന് സമീപം അറബിക്കടലിലുള്ള ദ്വീപിലെ ഗുഹാക്ഷേത്രമാണ് എലിഫന്റാ ഗുഹകള്‍. ഘാരാപുരി ഗുഹകള്‍ എന്ന് ഇത് അറിയപ്പെടുന്നുണ്ട്. ശിവന്റെ ആരാധകരുടേതാണ് ഈ ശില്‍പ്പങ്ങള്‍. അര്‍ധനാരീശ്വര പ്രതിമ, കല്യാണസുന്ദര ശിവന്‍, കൈലാസം ഉയര്‍ത്തുന്ന രാവണന്‍, അണ്ഡകാരമൂര്‍ത്തി, നടരാജന്‍ എന്നീ ശില്പങ്ങളാണ് പ്രധാന ആകര്‍ഷണങ്ങള്‍. 1987ല്‍ എലിഫന്റാ ഗുഹകളെ യുനെസ്‌കോ ലോകപൈതൃകസ്ഥാനങ്ങളുടെ പട്ടികയില്‍പെടുത്തി.