മരട് ഫ്ലാറ്റിലേക്കുള്ള വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു

Web Desk
Posted on September 29, 2019, 12:40 pm

കൊച്ചി: മരട് ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചതിന് പിന്നാലെ ഫ്ലാറ്റിലേക്കുള്ള വൈദ്യുതി കണക്ഷനും കുടിവെള്ള വിതരണവും പുനരാരംഭിച്ചു. നഗരസഭാ സെക്രട്ടറി സ്‌നേഹില്‍ കുമാര്‍ സിങുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഫ്ലാറ്റില്‍ മൂന്ന് ദിവസത്തേക്ക് വൈദ്യുതിയും കുടിവെള്ളവും വിതരണം തിരികെ നല്‍കുവാന്‍ തീരുമാനമായത്. ഫ്ലാറ്റില്‍ നിന്ന് ഒഴിഞ്ഞ് പോകുന്നതിന് കുറച്ച് സമയം അനുവദിക്കണമെന്ന ഫ്ലാറ്റ് ഉടമകളുടെ ആവശ്യം പക്ഷെ അംഗീകരിച്ചിട്ടില്ല. ഉടന്‍ തന്നെ ഒഴിഞ്ഞ് പോകണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഒഴിയുന്നതിന് സഹായകരമായിട്ടാണ് വൈദ്യുതിയും കുടിവെള്ളവും തിരികെ നല്‍കിയത്. വ്യാഴാഴ്ച്ചക്കുള്ളില്‍ പൂര്‍ണമായും താമസക്കാരെ ഫ്ലാറ്റില്‍ നിന്ന് മാറ്റും. ഇന്ന് ബലപ്രയോഗം നടത്തില്ലെന്ന് നഗരസഭാ സെക്രട്ടറി നേരത്തെ വ്യക്തമാക്കിയിരുന്നു. ഒഴിപ്പക്കലിന്റെ ആദ്യഘട്ടമാണ് ഞായറാഴ്ച്ച നടത്തിയത്. ചില ഫ്ലാറ്റുകളില്‍ നിന്നുള്ള താമസക്കാര്‍ ഒഴിഞ്ഞ് തുടങ്ങിയിട്ടുമുണ്ട്. 40 ഓളം വരുന്ന ഉദ്യോഗസ്ഥരാണ് നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ആദ്യഘട്ടത്തില്‍ വിവരശേഖരണമാണ് നടത്തുന്നത്. അതേ സമയം മുന്‍ സെക്രട്ടറി ആരിഫ്ഖാന് മരട് നഗരസഭ സെക്രട്ടറി പദവി സര്‍ക്കാര്‍ തിരികെ നല്‍കിയിട്ടുണ്ട്.

മുന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തേക്കാണ് ആരിഫ്ഖാനെ മാറ്റിയത്. ഈ സ്ഥാനം വഹിച്ചുകൊണ്ട് തന്നെ അധികചുമതലയായിട്ടാണ് മരട് നഗരസഭാ സെക്രട്ടറി പദവിയും സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. നിലവിലുളള സെക്രട്ടറി സ്‌നേഹില്‍ കുമാര്‍ ഫ്ലാറ്റ് ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് മാത്രം പ്രവര്‍ത്തിക്കുന്ന സാഹചര്യത്തിലുണ്ടായ ഭരണ പ്രതിസന്ധി മറികടക്കുവാനാണ് ആരിഫ് ഖാനെ വീണ്ടും നിയമിച്ചത്.