റോഡിലെ വെള്ളക്കെട്ടില്‍ വൈദ്യുതലൈന്‍ പൊട്ടിവീണു; ഷോക്കേറ്റ് ബൈക്ക് യാത്രികനും രക്ഷക്കെത്തിയയാളും മരിച്ചു

Web Desk
Posted on July 23, 2019, 11:00 am

ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയിലെ ഫത്തേപൂര്‍ ബേരിയില്‍ വൈദ്യുതാഘാതമേറ്റ് രണ്ട് പേര്‍ മരിച്ചു. വൈദ്യുത ലൈന്‍ ബൈക്കില്‍ കുടുങ്ങിയതിനെത്തുടര്‍ന്ന് ഷോക്കേറ്റ മൊഹമ്മദ് സലീം (32), സലീമിനെ രക്ഷിക്കാനെത്തിയ ഹോഷിയാര്‍ സിങ് (54) എന്നിവരാണ് മരിച്ചത്.
ഇന്നലെ വൈകിട്ട് 4.30നാണ് സംഭവം.

ഫത്തേപൂരിലെ ജോനാപൂര്‍ സ്വദേശിയാണ് മൊഹമ്മദ് സലീം. ജോലി വിട്ട ഇദ്ദേഹം തനിക്ക് തരാനുണ്ടായിരുന്ന പണം വാങ്ങിയതിനുശേഷം വീട്ടിലേയ്ക്ക് തിരിച്ചുവരുന്ന വഴിയ്ക്കാണ് അപകടം നടന്നത്. കനത്ത മഴയെത്തുടര്‍ന്ന് വൈദ്യുത ലൈന്‍ പൊട്ടി വീണിരുന്നു. ഇതറിയാതെ ഇതുവഴി വന്ന മൊഹമ്മദിന്റെ ബൈക്കില്‍ ലൈന്‍ കുരുങ്ങുകയും വെള്ളിത്തില്‍ നിന്ന് ഷോക്കേല്‍ക്കുകയുമായിരുന്നുവെന്ന് മൊഹമ്മദിന്റെ സഹോദരന്‍ പറഞ്ഞു.

പ്ലമ്പറാണ് മൊഹമ്മദ്. ഏഴ് മാസം പ്രായമുള്ള ആണ്‍കുട്ടിയുള്‍പ്പെടെ മൂന്ന് മക്കളാണ് സലീമിനുള്ളത്.

ഇളയകുട്ടിയുടെ ജന്മദിനാഘോഷത്തിനായി വീട്ടിലേയ്ക്ക് തിരിക്കുകയായിരുന്നു ഹോഷിയാര്‍.
ബൈക്കില്‍ വരുകയായിരുന്ന സലീം വീഴുന്നത് കണ്ട് രക്ഷിക്കാന്‍ ചെന്നതായിരുന്നു ഹോഷിയാര്‍. വെള്ളത്തില്‍ ഷോക്കുള്ളതായി ഇയാള്‍ക്ക് അറിയുമായിരുന്നില്ലെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

മരപ്പണിക്കാരനായ സിങ്ങിന് മൂന്ന് കുട്ടികളാണുള്ളത്.

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയപ്പോഴേയ്ക്കും ഇരുവരും ബോധരഹിതരായി കിടക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
മഴക്കാലത്ത് വൈദ്യുതാഘാതമേറ്റുള്ള മരണങ്ങള്‍ പതിവാണ്. ഇത് ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെടുമെന്ന് പൊലീസ് അറിയിച്ചു. കേസില്‍ തുടര്‍ നടപടികള്‍ ആരംഭിച്ചതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.