ഒരു കിലോമീറ്ററിന് അമ്പത് പൈസയില്‍ താഴെ; കേരളത്തിന്‍റെ ഇലക്‌ട്രിക് ഓട്ടോ ഉടന്‍

Web Desk

തിരുവനന്തപുരം

Posted on December 17, 2018, 8:56 pm
ഒരു കിലോമീറ്ററിന് അമ്പത് പൈസയില്‍ താഴെ ചിലവില്‍ കേരളത്തിന്‍റെ സ്വന്തം ഇലക്ട്രിക് ഓട്ടോ ഉടന്‍ വിപണിയിലേക്ക്. അതിനായി നടപടിക്രമങ്ങള്‍ തുടങ്ങിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുമേഖലാ സ്ഥാപനമായ കേരളാ ഓട്ടോ മൊബൈല്‍ ലിമിറ്റഡ് നിര്‍മ്മിച്ച ഇ — ഓട്ടോ സിഎംവിആര്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചാല്‍ ഇ — ഓട്ടോ വിപണിയില്‍ എത്തിക്കും.
സംസ്ഥാന സര്‍ക്കാറിന്‍റെ ഇ — വെഹിക്കിള്‍ നയത്തിന്‍റെ അടിസ്ഥാനത്തിലാണ് വായു മലിനീകരണവും ശബ്ദമലിനീകരണവും കുറഞ്ഞ ഇ — ഓട്ടോയ്ക്ക് രൂപം നല്‍കിയത്. ഒരു കിലോ മീറ്ററിന് അമ്പത് പൈസയില്‍ താഴെ മാത്രമേ ചെലവു വരൂ എന്നതാണ് ഇ- ഓട്ടോയുടെ പ്രത്യേകത. ഒരു പ്രാവശ്യം പൂര്‍ണ്ണമായും ചാര്‍ജ്ജ് ചെയ്താല്‍ നൂറ് കിലോ മീറ്റര്‍ വരെ യാത്ര സാധ്യമാകും. മൂന്ന് മണിക്കൂര്‍ കൊണ്ട് ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ്ജ് ചെയ്യാനും സാധിക്കും. സ്റ്റാന്റുകളിലും മറ്റും ചാര്‍ജ്ജിംഗ് സംവിധാനം ഒരുക്കിയാല്‍ തടസങ്ങളില്ലാതെ ഓട്ടം സാധ്യമാക്കാം.