കെ കെ ജയേഷ്

കോഴിക്കോട്

February 11, 2021, 12:26 am

പുസ്തക വിൽപ്പനയിൽ നിന്ന് ഇളങ്കോ സിനിമയിലേക്ക്

Janayugom Online
ഇരുപത് വർഷങ്ങൾക്ക് മുമ്പാണ് തമിഴ്‌നാട് തഞ്ചാവൂർ സ്വദേശിയായ ഇളങ്കോ ഓടൈ കോഴിക്കോട്ടെത്തിയത്. പുസ്തകങ്ങളും സഞ്ചിയിലേന്തി വായനക്കാരെ തേടി അലയുമ്പോഴും സിനിമയായിരുന്നു ഇളങ്കോയുടെ സ്വപ്നം. പുസ്തകവിൽപ്പനയ്ക്കിടയിലും മലയാള സിനിമയ്ക്കുള്ള കഥകളുമായി ഇളങ്കോ സംവിധായകരെ തേടിപ്പോയി. കാത്തിരിപ്പിനൊടുവിൽ മലയാള സിനിമയെ സ്നേഹിക്കുന്ന തമിഴ്‌നാട്ടുകാരനായ ഇളങ്കോയുടെ രചനയിൽ ഒരു സിനിമ പുറത്തിറങ്ങുന്നു. സിനിമ പക്ഷെ മലയാളവും തമിഴുമല്ല. മറാത്തി ഭാഷയിൽ ചിത്രീകരിച്ച പ്രീതം എന്ന സിനിമ ഫെബ്രുവരി 19 ന് പുറത്തിറങ്ങുന്ന സന്തോഷത്തിലാണ് ഇളങ്കോ ഓടൈ. പ്രീതത്തിലെ പാട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. പശുവിനെ കറന്ന് പാല് വിറ്റ് ജീവിക്കുന്ന ഒരു സാധാരണക്കാരനായ യുവാവിന്റെ പ്രണയകഥയാണ് പ്രീതം പറയുന്നത്. നിരവധി ട്വസ്റ്റുകൾ നിറഞ്ഞ കഥയാണ് ഇതെന്ന് കോഴിക്കോട് റാം മോഹൻ റോഡിലെ ഹോസ്റ്റലിൽ വർഷങ്ങളായി വാടകയ്ക്ക് താമസിക്കുന്ന ഇളങ്കോ ഓടൈ ജനയുഗത്തോട് പറഞ്ഞു.
തഞ്ചാവൂരിൽ നിന്ന് അമ്പത് കിലോമീറ്റർ അകലെ കല്ല്യാണ ഓടൈ എന്ന ഗ്രാമത്തിലാണ് ഇളങ്കോ ഓടൈയുടെ ജനനം. കല്യാണ ഓടൈ ഇളങ്കോ എന്ന പേരിൽ കൽക്കി, റാണി, കുമുദം, കുങ്കുമം തുടങ്ങിയ തമിഴ് മാസികകളിലെല്ലാം കഥകൾ എഴുതാറുണ്ടായിരുന്നു. ജീവിതപ്രയാസങ്ങൾ ഇളങ്കോയെ കേരളത്തിലെത്തിച്ചു. ഹരിശ്രീ ബുക്സിലായിരുന്നു ആദ്യ ജോലി. പുസ്തകങ്ങൾ ആവശ്യക്കാർക്കെത്തിച്ചുകൊടുക്കുന്ന ഇളങ്കോ അതിനിടയിലും വായനയും എഴുത്തും ഒന്നും കൈവിട്ടില്ല. ഇന്ന് കോഴിക്കോട്ട് വായനയെ സ്നേഹിക്കുന്നവർക്കെല്ലാം സുപരിചിതനാണ് ഇളങ്കോ. ബാഗ് നിറയെ പുസ്തകങ്ങളുമായെത്തുന്ന ഇളങ്കോയ്ക്ക് മലയാളം, തമിഴ് സാഹിത്യത്തെക്കുറിച്ചും സിനിമയെക്കുറിച്ചുമെല്ലാം കൃത്യമായറിയാം. ആദ്യ സിനിമ മലയാളമായിരിക്കണമെന്നായിരുന്നു ഇളങ്കോയുടെ ആഗ്രഹം. അതിനിടയിലാണ് കണ്ണൂർ സ്വദേശി സിജോ റോക്കി ഇളങ്കോ എഴുതിയ കഥ സിനിമയാക്കാൻ ആഗ്രഹിച്ചത്. ആദ്യം മലയാളത്തിൽ ഒരുക്കിയ ശേഷം പിന്നീട് മറാത്തി ഭാഷയിലേക്ക് റീമേയ്ക്ക് ചെയ്യാനായിരുന്നു മറാത്തി സിനിമകളിൽ സംവിധാന സഹായിയായി ജോലി ചെയ്ത സിജോ റോക്കി ആഗ്രഹിച്ചത്. വിനയ് ഫോർട്ടിനെ നായകനായി നിശ്ചയിച്ചെങ്കിലും മലയാളത്തിൽ സിനിമ ഒരുക്കാനായില്ല. തുടർന്നാണ് പ്രീതം എന്ന പേരിൽ കഥ മറാത്തിയിൽ ഒരുക്കാൻ തീരുമാനിച്ചത്. കഥയും തിരക്കഥയും ഇളങ്കോ എഴുതിയെങ്കിലും മറാത്തി ഭാഷയ്ക്ക് വേണ്ടി കുറേ മാറ്റങ്ങൾ വരുത്തേണ്ടതിനാൽ ഗണേഷ് പണ്ഡിറ്റ്, മുംബൈ മലയാളിയായ സുജിത്ത് കുറുപ്പ് എന്നിവർ ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. പ്രണവ് രാവരാനെയും നക്ഷത്ര മെഥേക്കറുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ദേശീയ അവാർഡ് ജേതാവ് ഉപേന്ദ്ര ലിമായോ ചിത്രത്തിൽ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
കോവിഡ് കാലമായതുകൊണ്ട് പുസ്തക വിൽപ്പന കുറവായതിനാൽ സാമ്പത്തിക പ്രയാസങ്ങൾ വീർപ്പുമുട്ടിക്കുമ്പോഴും ഇളങ്കോ ശുഭാപ്തി വിശ്വാസത്തിലാണ്. സിജോ റോക്കി ഒരുക്കുന്ന മറ്റൊരു മറാത്തി ചിത്രത്തിന്റെ കഥയും തിരക്കഥയും രചിക്കുകയാണ് ഇളങ്കോ ഇപ്പോൾ. മലയാള സിനിമയാണ് സ്വപ്നമെന്നും ഈ വർഷം തന്നെ ഒരു മലയാള ചിത്രത്തിന് തിരക്കഥ രചിക്കുമെന്നും ഈ തമിഴ്‌നാട് സ്വദേശി പറയുന്നു. അച്ഛൻ കാളിമുത്തു മരിച്ചു. അമ്മ രാജേശ്വരിയാണ് വീട്ടിലുള്ളത്. ഇടയ്ക്കിടെ നാട്ടിൽ പോയിവരുമെങ്കിലും കേരളവും മലയാള ഭാഷയും പുസ്തകങ്ങളും സിനിമയുമാണ് ഇളങ്കോയുടെ ജീവിതം.