ജനവാസമേഖലയില്‍ കാട്ടാന തമ്പടിച്ചതോടെ ജനജീവിതം ദുരിതത്തിൽ

Web Desk
Posted on June 24, 2019, 8:50 pm

നെടുങ്കണ്ടം: ജനവാസമേഖലയില്‍ കാട്ടാന തമ്പടിച്ചതോടെ ജനജീവിതം ദുരിതത്തിലായി. ഉടുമ്പന്‍ചോല ആടുകിടന്താനിലെ മേഖലയിലെ ഏലത്തോട്ടങ്ങളും ക്യഷിയിടങ്ങളും ആനകള്‍ നശിപ്പിച്ചു. ചതുരംഗപ്പാറമെട്ടില്‍ നിന്നും ഇറങ്ങിയ മൂന്ന് കാട്ടാനകള്‍ കടന്ന് പോയ പ്രദേശത്തെ ഏലക്യഷിയാണ് നശിപ്പിച്ചത്.

ശാന്തരവി, നമരി, ചതുരംഗപ്പാറ എന്നി പ്രദേശങ്ങളിലെ ജനവാസമേഖലയിലാണ് ആനയിറങ്ങിയിരിക്കുന്നത്. ക്യഷിമേഖലയില്‍ ആനയിറങ്ങിയതോടെ പ്രദേശവാസികള്‍ ഭയത്തിലായിരിക്കുകയാണ്. പ്രദേശത്തെ നൂറ് കണക്കിന് കുടുംബാംഗങ്ങള്‍ രാത്രിയില്‍ ഉറക്കമില്ലാതെ ആനയെ പോടിച്ച് കഴിയുകയാണ്. പ്രദേശവാസികള്‍ ആനയെ ഓടിക്കുവാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷവും ആന ഇറങ്ങിയിരുന്നു. ആന ശല്യം രക്ഷിക്കണമെന്ന ആവശ്യം ഉന്നയിച്ച് നാട്ടുകാര്‍ മൂന്നാര്‍കുമളി സംസ്ഥാന പാത ഉപരോധിച്ചിരുന്നു. അന്ന് വനം വകുപ്പിന്റെ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് ഇറങ്ങി ആനയെ ഓടിക്കുവാനുള്ള ശ്രമം നടത്തിയിരുന്നു.
ഞായറാഴ്ച രാത്രി മുതലാണ് ആനയുടെ ശല്യം ഉണ്ടാകുവാന്‍ തുടങ്ങിയതെന്ന് നാട്ടുകാര്‍ പറയുന്നു. ഉയര്‍ന്നവില ലഭിക്കുന്ന സമയത്ത് കാട്ടാനകളുടെ ശല്യമൂലം ലക്ഷക്കണക്കിന് രൂപയുടെ ഏലമാണ് നശിച്ചിരിക്കുന്നത്. ഉടന്‍ തന്നെ വനം വകുപ്പ് ഇടപെട്ട് ആനയെ ഓടിക്കുവാനുള്ള നടപടി സ്വീകരണക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.