കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച മണിയുടെ ഭാര്യയ്ക്ക് ജോലി, പത്ത് ലക്ഷം രൂപ നഷ്ടപരിഹാരവും: പ്രതിഷേധം ഒത്തുതീര്‍പ്പായി

Web Desk
Posted on October 15, 2019, 5:34 pm

മാനന്തവാടി: തിരുനെല്ലി അപ്പപാറയില്‍ സിപിഎം നേതാവ് കെ.സി മണി കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധം താല്‍ക്കാലികമായി അവസാനിച്ചു. ഡി.എഫ്.ഒ രമേഷ് ബിഷ്‌ണോയിയുമായി നേതാക്കളും ജനപ്രതിനിധികളും നടത്തിയ ചര്‍ച്ചയിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്. മണിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരവും അടിയന്തിര ധനസഹായമായി 10000 രൂപയും ഭാര്യയ്ക്ക് ആദ്യം താല്‍ക്കാലിക ജോലിയും പിന്നീട് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയ ശേഷം സ്ഥിര ജോലിയും നല്‍കുമെന്ന് ചര്‍ച്ചയില്‍ തീരുമാനമായി. മണിയുടെ മൃതദേഹം ഇന്ന് വൈകീട്ട് 7 മണിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

നഷ്ടപരിഹാരതുകയില്‍ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് ഇന്നും, ബാക്കി അഞ്ച് ലക്ഷം മറ്റ് നടപടി ക്രമങ്ങള്‍ക്ക് ശേഷം 30 ദിവസത്തിനുള്ളിലും നല്‍കുമെന്ന് ഡിഎഫ്ഒ അറിയിച്ചു. സര്‍ക്കാര്‍ തീരുമാനമുണ്ടാകുന്നതിനനുസരിച്ച് പത്ത് ലക്ഷമെന്നത് പതിനഞ്ചാക്കുന്ന കാര്യവും പരിഗണിക്കും. കൂടാതെ ആരോപണ വിധേയരായ ബേഗൂര്‍ റെയിഞ്ച് ഓഫീസര്‍ അബ്ദുള്‍ സമദടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തി സിസിഎഫിന് റിപ്പോര്‍ട്ട് നല്‍കും. ഇന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുമായിട്ടുണ്ടായ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യില്ലെന്നും ഡിഎഫ്ഓ ഉറപ്പ് നല്‍കി.

വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് തിരുനെല്ലിയില്‍ തീര്‍പ്പാക്കാനുള്ള നഷ്ടപരിഹാര വിതരണമടക്കമുള്ള കാര്യങ്ങളില്‍ പെട്ടെന്ന് തന്നെ തീരുമാനം നടപ്പില്‍വരുത്തും. ഫെന്‍സിംഗ് കാര്യക്ഷമമാക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്നും, ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാനുള്ള ശുപാര്‍ശ നല്‍കുമെന്നും ഡിഎഫ്ഓ രമേഷ് ബിഷ്‌ണോയി ഉറപ്പ് നല്‍കി. ചര്‍ച്ചയില്‍ മാനന്തവാടി നഗരസഭ ചെയര്‍മാന്‍ വിആര്‍ പ്രവീജ്, തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മായാദേവി, എഎസ്പി വൈഭവ് സക്‌സേന, പി ഗഗാറിന്‍, കെ.വി മോഹനന്‍, പിവി സഹദേവന്‍, എഎന്‍ നിശാന്ത്, റഷീദ് തൃശിലേരി, തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.