കാട്ടാനയുടെ ആക്രമണത്തില്‍ വീടും കൃഷിടങ്ങളും തകര്‍ന്നു

Web Desk

നെടുങ്കണ്ടം

Posted on July 17, 2020, 9:21 pm

കാട്ടാനയുടെ ആക്രമണത്തില്‍ പുഷ്പകണ്ടം അണക്കരമെട്ടില്‍ ഒരു വീട് തകര്‍ന്നു.അണക്കരമെട്ട് സ്വദേശി ഗംഗാധരന്‍ പിള്ളയുടെ സിമന്റ് ഇഷ്ടിക കൊണ്ട് നിര്‍മ്മിച്ച ആസ്ബറ്റോസ് വീട് പൂര്‍ണമായും കാട്ടനകള്‍ അടിച്ചുതകര്‍ത്തു. അക്രമണം നടക്കുന്ന സമയം ഗംഗാധരന്‍ തന്റെ ചോറ്റുപാറയിലുള്ള വീട്ടിലായിരുന്നു. കഴിഞ്ഞദിവസം രാത്രിയിലാണ് കേരളാ — തമിഴ്നാട് അതിര്‍ത്തിയായ അണക്കരമെട്ടില്‍ കൂട്ടമായി എത്തിയ കാട്ടനകള്‍ നിരവധി ആളുകളുടെ കൃഷി ദേഹണ്ഡങ്ങളും വീടും നശിപ്പിച്ചത്.

തമിഴ്നാടിന്റെ വനപ്രദേശത്തുനിന്നുമാണ് കാട്ടാനകള്‍ കേരളത്തിലെത്തി നാശം വിതയ്ക്കുന്നത്. ഗംഗാധന്റെ അയല്‍വാസികളായ വിജരാജ്, സന്തോഷ്, അജീഷ്‌കുമാര്‍ എന്നിവരുടെ കൃഷി ദേഹണ്ഡങ്ങളും ആക്രമണത്തില്‍ നശിച്ചു. ഗംഗാധരന്റെ പുരയിടത്തിലെ നിരവധി വാഴകളും അറുപതോളം ഏലച്ചെടികളും നശിപ്പിച്ചു. വിജയരാജിന്റെ എഴുപതോളം ഏലച്ചെടികളും ഇവിടെ പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്ന എഴുകുംവയല്‍ സ്വദേശിയായ സന്തോഷിന്റെ എണ്‍പതോളം ഏലച്ചെടികളും നശിപ്പിക്കപ്പെട്ടു.

അജീഷ് കുമാറിന്റെ പുരയിടത്തിലെത്തിയ കാട്ടാനകള്‍ പ്ലാവില്‍ നിന്നും ചക്കകള്‍ പറിച്ചുതിന്നതിന് ശേഷമാണ് സമീപത്തെ കൃഷിയിടങ്ങളിലേക്ക് കടന്നത്. ആറ് മാസം മുമ്പ് അജീഷ്‌കുമാറിന്റെ വീട് കാട്ടാനകള്‍ തകര്‍ത്തിരുന്നു. അണക്കരമെട്ടില്‍ കാട്ടാന ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് കല്ലാര്‍ ഫോറസ്റ്റര്‍ ഇ.വി പ്രസാദ്ി, സെക്ഷന്‍ ഓഫീസര്‍മാരായ വൈ സജീവ്, ജി.ആര്‍ സുധീഷ് എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലവിയിരുത്തി. കാട്ടനകളുടെ ആക്രമണം പ്രതിരോധിക്കുന്നതിനായി പ്രദേശത്ത് വൈദ്യുതി വേലി സ്ഥാപിക്കണമെന്ന് തമിഴ്നാട് വനംവകുപ്പിനോട് ആവശ്യപ്പെട്ടുകൊണ്ടുള്ള റിപ്പോര്‍ട്ട് നല്‍കുമെന്ന് കല്ലാര്‍ ഫോറസ്റ്റര്‍ പറഞ്ഞു.
Eng­lish sum­ma­ry; Ele­phant  attack in iduk­ki