Wednesday
24 Jul 2019

ഗജരാജ മുത്തശ്ശി ദാക്ഷായണി ചരിഞ്ഞു

By: Web Desk | Tuesday 5 February 2019 10:19 PM IST


തിരുവനന്തപുരം: ഗിന്നസ് റെക്കോര്‍ഡില്‍ ഇടംനേടിയ ഏഷ്യയിലെ ഏറ്റവും പ്രായംകൂടിയ പിടിയാന ഗജരാജ മുത്തശ്ശി ദാക്ഷായണി ചരിഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആനകളില്‍ ഏറ്റവും പ്രായം കൂടി ആനയാണ് 88 വയസ്സുള്ള ദാക്ഷായണി. ഗജരാജമുത്തശ്ശി പട്ടം നേടിയ ദാക്ഷായണി തിരുവനന്തപുരം ചെങ്കള്ളൂര്‍ മഹാദേവ ക്ഷേത്രത്തിലെ ആനയാണ്.

പാപ്പനംകോട് സത്യന്‍ നഗറിലെ ആനക്കൊട്ടിലിലാണ് ഇന്നലെ ആനചരിഞ്ഞത്.
2016ല്‍ ആണ് ദാക്ഷായണിക്ക് ഗജരാജ പട്ടവും ഗിന്നസ് ബുക്കില്‍ സ്ഥാനവും ലഭിച്ചത്. തിരുവിതാംകൂര്‍ ദേവസ്വത്തിനുകീഴില്‍ ഏറ്റവും കൂടുതല്‍ എഴുന്നള്ളത്ത് നടത്തിയിട്ടുള്ള ആനയെന്ന പദവിയും ദാക്ഷായണിക്കു സ്വന്തം. അരനൂറ്റാണ്ടിലേറെ ശംഖുംമുഖത്ത് ദേവിയെ എഴുന്നള്ളിച്ചിട്ടുണ്ട്.

2016 ജൂലൈ മാസത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ദാക്ഷായണിക്ക് ഗജരാജ പട്ടം നല്‍കിയപ്പോള്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ സുമംഗലി ഓഡിറ്റോറിയത്തിന് മുന്നില്‍ വച്ച് ദാക്ഷായണിയെ ആദരിച്ചിരുന്നു. മന്ത്രിമാരായ കെ രാജുവും കടകം പള്ളി സുരേന്ദ്രനും ചടങ്ങില്‍ സംബന്ധിച്ചിരുന്നു. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആനയുടെ ചിത്രത്തില്‍ പോസ്റ്റ് കവറും പുറത്തിറക്കിയിരുന്നു.