കേരളത്തിലെ ആദ്യത്തെ ആന പ്രതിരോധ വേലി ബത്തേരിയില്‍ ഒരുങ്ങുന്നു

Web Desk
Posted on July 22, 2019, 8:35 pm

സുല്‍ത്താന്‍ ബത്തേരി: കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരമായി ആന പ്രതിരോധ വേലി ഒരുങ്ങുന്നു. സംസ്ഥാനത്ത് ആദ്യമായി നടപ്പിലാക്കുന്ന ഈ വേലി കുറിച്യാട് റേഞ്ചിന്റെ കീഴിലുള്ള കുപ്പാടി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലുള്ള 10 കിലോമീറ്റര്‍ സ്ഥലത്താണ് പ്രാവര്‍ത്തികമാക്കുന്നത്. പഴുപ്പത്തൂര്‍ കക്കടം ചപ്പക്കൊല്ലി ഭാഗത്ത് നിന്ന് ആരംഭിച്ച് വാകേരി ചുറ്റി ബത്തേരി കെ.എസ്ആര്‍ടിസി ഗ്യാരേജിന് സമിപം അവസാനിക്കുന്ന തരത്തിലാണ് ആന പ്രതിരോധ വേലി.

കര്‍ണാടകയിലും മറ്റും പരീക്ഷിച്ച് വിജയിച്ച റെയില്‍ പാത്തിയാണ് ആനപ്രതിരോധ വേലിയായി കെട്ടിയുയര്‍ത്തുന്നത്. വനാതിര്‍ത്തിയില്‍ കോണ്‍ക്രീറ്റ് ഫില്ലര്‍ കെട്ടിയുണ്ടാക്കി അതില്‍ റെയില്‍ പാത്തി വെല്‍ഡ് ചെയ്ത് പിടിപ്പിക്കുകയാണ് ചെയ്യുന്നത്. ഒരാള്‍ പൊക്കത്തിലാണ് വേലി നിര്‍മിച്ചിരിക്കുന്നത്. ഫില്ലര്‍ വാര്‍ത്ത് അതില്‍ റെയില്‍ പാളയം ഫിറ്റ് ചെയ്തതിനാല്‍ ഒരു കാരണവശാലും ആന വന്ന് കുത്തിയാല്‍ ഇത് മറിഞ്ഞ് വീഴുകയില്ല. 15 കോടി രൂപ ചെലവില്‍ കല്‍ക്കട്ട കമ്പനിയാണ് വേലിയുടെ ജോലി കരാര്‍ എടുത്തിരിക്കുന്നത്. മൂന്ന് മാസം കൊണ്ട് പണി തീര്‍ക്കാനായിരുന്നു കരാര്‍. എന്നാല്‍ പ്രതികൂല കാലാവസ്ഥയും റെയില്‍ പാത്തി കിട്ടാനില്ലാതെ വന്നതും പണിയെ ബാധിച്ചു. പാത്തിയുടെ ക്ഷാമം പരിഹരിച്ചതോടെ പണി തുടങ്ങി. 500 മീറ്റര്‍ ഭാഗത്തെ വേലിയുടെ നിര്‍മാണം പൂര്‍ത്തീകരിച്ചുകഴിഞ്ഞു. അഞ്ച് കിലോമീറ്ററോളം ഭാഗത്ത് ഫില്ലറിന്റെ പണിയും പൂര്‍ത്തികരിച്ചു. വേലിയുടെ പണി ഇനി മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് കമ്പനി പ്രതിനിധി വ്യക്തമാക്കിയത്. വേലിയുടെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതോടെ ജനവാസ കേന്ദ്രങ്ങളിലേക്കുള്ള ആനയുടെ വരവ് തടയപ്പെടും.

സ്ഥിരമായി ആന ജനവാസകേന്ദ്രത്തിലേക്ക് ഇറങ്ങുന്ന ഭാഗത്ത് റെയില്‍ പാളത്തിന്റെ വേലി വന്നതോടെ ആനയുടെ പുറത്തേക്കുള്ള വരവ് തടസപ്പെട്ടിരിക്കുന്നു. ഈ ഭാഗത്തുകൂടെ ആന കര്‍ഷകരുടെ കൃഷിയിടത്തിലേക്ക് ഇറങ്ങാനുള്ള ശ്രമം നടത്തിയെങ്കിലും വേലിക്ക് മുന്നില്‍ ആനയുടെ മുന്നോട്ടുള്ള പ്രയാണം തടസപ്പെട്ടതിന്റെ ലക്ഷണം വേലിക്കപ്പുറത്ത് കാണാന്‍ കഴിയുന്നുണ്ട്. റെയില്‍ വേലി ഫലപ്രദമാണെന്ന് കര്‍ണാടകം തെളിയിച്ചെങ്കിലും കേരളത്തിലെ ആദ്യ സംരഭമായതിനാല്‍ ജനങ്ങള്‍ക്ക് ആശങ്കയായിരുന്നു. എന്നാല്‍ നിര്‍മാണം തുടങ്ങിയതോടെ ആശങ്ക ഇല്ലാതായി. ആനയെ മാത്രമാണ് ഇപ്പോള്‍ നിര്‍മിച്ച വേലികൊണ്ട് തടയാനാവുകയുള്ളു. വേലിയില്‍ ഇരുമ്പിന്റെ നെറ്റ് കൂടി അടിക്കുകയാണെങ്കില്‍ പന്നി, മാന്‍ തുടങ്ങിയ ഒരു മൃഗങ്ങളും വനത്തില്‍ നിന്ന് പുറത്ത് കടക്കുകയില്ല. വേലിയുടെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതോടെ ആനശല്യത്തിന് ശാശ്വത പരിഹാരമാകും. ഇവിടെ പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ ഈ വേലി ജനവാസകേന്ദ്രങ്ങളോടു ചേര്‍ന്ന സംസ്ഥാനത്തെ മറ്റ് വനമേഖലകളില്‍ കൂടി നിര്‍മ്മിക്കാനുള്ള നീക്കത്തിലാണ് വനം വകുപ്പ്.