കുട്ടിയാനയുടെ ജഡവും തുമ്പിക്കൈയ്യിലേറ്റി ആനക്കൂട്ടത്തിന്‍റെ വിലാപയാത്ര; കരളലിയിക്കുന്ന കാഴ്ച

Web Desk
Posted on June 11, 2019, 11:36 am

ന്യൂഡല്‍ഹി: ‘തീര്‍ച്ചയായും ഇത് നിങ്ങളുടെ മനസ്സലിയിക്കും’ എന്ന അടിക്കുറിപ്പോടെയാണ് പ്രവീണ്‍ ഈ വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. അതെ ഏവരുടെയും കണ്ണുനനയിക്കുന്ന രംഗം തന്നെയാണിത്. തങ്ങളുടെ കൂട്ടത്തിലൊരാള്‍ നഷ്ടപ്പെട്ടുപോകുമ്പോള്‍ ആനകള്‍ക്കും അത് സഹിക്കാവുന്നതിനപ്പുറമാണ്. കുട്ടിയാനയുടെ ജഡവും തുമ്പിക്കൈയ്യിലേറ്റി ആനക്കൂട്ടത്തിന്‍റെ വിലാപയാത്ര… ഏവരുടെയും കണ്ണുനനയിക്കുന്ന ഈ രംഗം പകര്‍ത്തിയത് ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് ഉദ്യോഗസ്ഥനായ പ്രവീണ്‍ കസ്വാന്‍ ആണ്.

റോഡിനു കുറുകെ കുട്ടിയാനയുടെ മൃതശരീരവും തുമ്പിക്കൈയ്യിലേറ്റി വരുന്നു ഒരാന. റോഡിന്‍റെ മറുവശത്തെത്തുമ്പോള്‍ തുമ്പിക്കൈയ്യില്‍നിന്നും ജഡം ഊര്‍ന്നുവീഴുന്നു. വീണ്ടും കുട്ടിയാനയെയും വഹിച്ചുകൊണ്ട് നീങ്ങുന്ന ആനകള്‍. പിറകെ വരിവരിയായെത്തുന്ന കാട്ടാനക്കൂട്ടം. സ്ഥലത്തെ കുറിച്ച് പ്രവീണ്‍ ഒന്നും സൂചിപ്പിക്കാത്തത് കൊണ്ട് അക്കാര്യം വ്യക്തമല്ല.

ജീവനില്ലെങ്കിലും മൃതശരീരം ഉപേക്ഷിക്കാനാവാതെ അത് വീണ്ടുമെടുത്ത് നീങ്ങുന്ന ആനക്കൂട്ടം ഒരു നിമിഷമെങ്കിലും ഏതൊരാളുടെ ഹൃദയവും കീഴടിക്കാണുമെന്നതു തീര്‍ച്ച.