24 April 2024, Wednesday

മുതുമല വന്യജീവി സങ്കേതത്തില്‍ ആന സവാരി തുടങ്ങി

വയനാട് ബ്യൂറോ
കല്‍പറ്റ
September 6, 2021 7:10 pm

ദക്ഷിണേന്ത്യയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മുതുമല വന്യജീവി സങ്കേതത്തില്‍ ആന സവാരി തുടങ്ങി. ഇന്നലെ മുതലാണ് സവാരി ആരംഭിച്ചത്. കൊവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ നാല് മാസത്തിലേറെയായി സങ്കേതം അടച്ചിട്ടിരിക്കുകയായിരുന്നു. നീലഗിരിയില്‍ രണ്ടാം സീസണ്‍ ആരംഭിച്ചതോടെയാണ് മുതുമല വന്യജീവി സങ്കേതം തുറന്നതും ആന സവാരി ആരംഭിച്ചതും. ആഘോഷവേളകളിലും അവധി ദിവസങ്ങളിലും ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് ഇവിടെയെത്തുന്നത്.  റോഡോരങ്ങളില്‍ മേയുന്ന കാട്ടാനക്കൂട്ടങ്ങളെയും, മാന്‍ കൂട്ടങ്ങളെയും സഞ്ചാരികള്‍ക്ക് കാണാനാകുന്നുണ്ട്. കാട്ടാനക്കൂട്ടമാണ് മുതുമലയിലെ പ്രധാന ആകര്‍ഷണം. സമീപത്തെ കര്‍ണാടകയിലെ ബന്ധിപ്പൂര്‍ വനമേഖലയില്‍ നിന്നും ധാരാളം കാട്ടാനകള്‍ മുതുമല വന്യജീവി സങ്കേതത്തിലെത്തുന്നുണ്ട്. കുട്ടികളുമായി നടന്നു നീങ്ങുന്ന കാട്ടാനക്കൂട്ടങ്ങള്‍ സഞ്ചാരികളുടെ മനംകവരുകയാണ്. കൂടാതെ കാട്ടുപോത്തുകള്‍, കടുവകള്‍, പുള്ളിമാനുകള്‍, കടമാനുകള്‍, മയിലുകള്‍, കരടികള്‍, വാനരന്മാര്‍ തുടങ്ങിയ ഒട്ടേറെ വന്യമൃഗങ്ങളും സങ്കേതത്തിലുണ്ട്. 

പാതയോരങ്ങളില്‍ മാനുകള്‍ കൂട്ടമായി മേയുന്ന കാഴ്ച സഞ്ചാരികള്‍ക്ക് കൗതുക കാഴ്ചയായിട്ടുണ്ട്. ദക്ഷിണേന്ത്യയിലെ ആദ്യത്തെ കടുവാസംരക്ഷണ കേന്ദ്രമാണ് മുതുമല. കടുവകളെ അപൂര്‍വമായെ കാണാറുള്ളുവെങ്കിലും ഉള്‍വനങ്ങളില്‍ ഒറ്റയായും കൂട്ടമായും കടുവകള്‍ മേയുന്ന കാഴ്ചകളും കാണാം. കഴിഞ്ഞ കാലങ്ങളില്‍ ഈ മേഖലയില്‍ നിരവധി കടുവകള്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. കാനന ഭംഗി ആസ്വദിക്കാനായി നിരവധി വിദേശ സഞ്ചാരികളും ഇവിടെയെത്താറുണ്ട്. മുതുമലയില്‍ 28 വളര്‍ത്താനകളാണ് ഉള്ളത്. നാട്ടിന്‍ പുറങ്ങളില്‍ നാശം വിതക്കുന്ന കാട്ടാനകളെ വനത്തിലേക്ക് തുരത്താന്‍ പ്രത്യേകം പരിശീലനം ലഭിച്ച താപ്പാനകളും ഇവിടെയുണ്ട്. ആനസവാരിയാണ് സഞ്ചാരികള്‍ ഏറെ ഇഷ്ടപ്പെടുന്നത്. ആനപ്പുറത്തേറി വനത്തിനുള്ളില്‍ ചുറ്റി സഞ്ചരിച്ച് വന്യജീവികളെ കാണാം. കുടുംബത്തിലെ നാല് പേര്‍ക്ക് ഒന്നിച്ച് സഞ്ചരിക്കാം. ആന സവാരിക്ക് നാല് പേര്‍ക്ക് ഒരു മണിക്കൂര്‍ സമയത്തിന് 1140 രൂപയാണ് ചാര്‍ജ് ഈടാക്കുന്നത്. വിദേശ സഞ്ചാരികള്‍ക്ക് 11, 600 രൂപയാണ് ചാര്‍ജ്. വാഹന സവാരിക്ക് ഒരാള്‍ക്ക് 340 രൂപയാണ് ചാര്‍ജ് ഈടാക്കുന്നത്. 

ആന സവാരി കൂടാതെ ഇവിടെ വാഹന സവാരി കൂടിയുണ്ട്. വാഹന സവാരിക്ക് മൊത്തം എട്ട് വാഹനങ്ങളും ആന സവാരിക്ക് മൂന്ന് ആനകളെയും ഇവിടെ തയ്യാറാക്കിയിട്ടുണ്ട്. രാവിലെ ഏഴ് മുതല്‍ 8.30 വരെയും വൈകുന്നേരം 4 മണി മുതല്‍ 5.30 വരെയുമാണ് ആന സവാരിയുടെയും വാഹന സവാരിയുടെയും സമയം. 1910 മുതലാണ് മുതുമല വന്യജീവി സങ്കേതത്തില്‍ ആന സവാരി ആരംഭിച്ചത്. രാവിലെയും വൈകുന്നേര സമയങ്ങളിലുമാണ് വന്യമൃഗങ്ങള്‍ പാതയോരങ്ങളിലെത്തുക. വിദേശികള്‍ ദിവസങ്ങളോളം തങ്ങിയാണ് കാനനഭംഗി ആസ്വദിക്കുന്നത്. മുതുമലയില്‍ സഞ്ചാരികളെ കാഴ്ചകളുടെ ലോകത്തേക്ക് എത്തിക്കുന്നതിന് ആവശ്യത്തിന് ടൂറിസ്റ്റ് ഗൈഡുകളുമുണ്ട്. അതേസമയം വനത്തിനുള്ളില്‍ അനധികൃതമായി പ്രവേശിക്കുന്നതിനും വന്യജീവികളുടെ ഫോട്ടോയെടുക്കുന്നതിനും വനംവകുപ്പ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വന്യജീവികളെ ശല്യം ചെയ്യുന്നത് തടയാനാണിത്. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരമണ് ആന സവാരിക്കും, വാഹന സവാരിക്കും അനുമതി നല്‍കുന്നത്.
eng­lish summary;elephant ride start­ed at the Mudu­malai Wildlife Sanctuary
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.