‘ആനയെഴുന്നെള്ളിപ്പ്‌ ആചാരത്തിന്റെ ഭാഗമല്ല’

Web Desk
Posted on December 19, 2017, 2:51 pm

തൃശൂര്‍: ക്ഷേത്രങ്ങളില്‍ ഉത്സവാഘോഷ വേളകളിലെ ആനയെഴുന്നെള്ളിപ്പ്‌ ആചാരത്തിന്റെ ഭാഗമല്ലെന്നു തന്ത്രിമാര്‍. തിടമ്പ്‌ ആനപ്പുറത്ത്‌ എഴുന്നെള്ളിക്കണമെന്നു തന്ത്രസമുച്ചയം അടക്കമുള്ള താന്ത്രികഗ്രന്ഥങ്ങളിലോ മറ്റു പ്രാമാണിക ഗ്രന്ഥങ്ങളിലോ കാണുന്നില്ലെന്ന്‌ പ്രമുഖ തന്ത്രിമാര്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനെ അറിയിച്ചു.

തിടമ്പേന്താന്‍ ആനകളെ ഉപയോഗിക്കുന്നതു സംബന്ധിച്ച തീരുമാനം ബോര്‍ഡിന്റെ ഇഷ്‌ടത്തിനു വിടുകയാണെന്നു ചില തന്ത്രിമാര്‍ പറയുന്നു.

ആറാട്ടുപുഴ ക്ഷേത്രത്തില്‍ ശാസ്‌താവിനെ ആനപ്പുറത്തു പുറത്തേക്കെഴുന്നെള്ളിക്കുന്നത്‌ പുരാതന ആചാരമാണെന്നും അതു തുടരണമെന്നുമാണ്‌ ക്ഷേത്രം തന്ത്രി കെ.പി. ഉണ്ണി നമ്പൂതിരിപ്പാടിന്റെ അഭിപ്രായം.

ആനയെ ഉപയോഗിച്ചാല്‍ ഭക്‌തരുടെ ശ്രദ്ധ തിടമ്പില്‍ കേന്ദ്രീകരിക്കുമെന്ന്‌ തൃപ്രയാര്‍ ക്ഷേത്രം തന്ത്രി തരണനെല്ലൂര്‍ പടിഞ്ഞാറേമന പദ്‌മനാഭന്‍ നമ്പൂതിരിപ്പാട്‌ പറയുന്നു.

തൃപ്രയാറില്‍ ഏകാദശി ദിവസം തിടമ്പേന്തുന്ന ആനയുടെ ഇരുവശവും അഞ്ചാനകളെ വീതം അണിനിരത്തണമെന്നു പറയുന്നതിന്റെ താന്ത്രികകാരണം അദ്ദേഹം വ്യക്‌തമാക്കിയിട്ടുമില്ല.

ഉത്സവത്തിലെ ആനയെഴുന്നെള്ളിപ്പ്‌ സംസ്‌കാരത്തിന്റെയും ക്ഷേത്രാചാരങ്ങളുടെയും സംരക്ഷണത്തിന്‌ അനിവാര്യമാണെന്ന്‌ ചില സംഘടനകളും വ്യക്‌തികളും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന്‌ തൃശൂരിലെ ഹെറിറ്റേജ്‌ അനിമല്‍ ടാസ്‌ക്‌ ഫോഴ്‌സ്‌ ഭാരവാഹികള്‍ പറഞ്ഞു.