Friday
22 Feb 2019

നാട്ടാനകള്‍ക്ക് പീഡനകാലം

By: Web Desk | Monday 5 February 2018 9:50 PM IST

കൊല്ലം ജില്ലയില്‍ തഴുത്തല ഗണപതി ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് സാമൂഹ്യവിരുദ്ധര്‍ ആനയോട് കാണിച്ച ക്രൂരതകള്‍ സോഷ്യല്‍ മീഡിയകളിലടക്കം പ്രചരിക്കപ്പെട്ടത് കണ്ടാല്‍ ഈ മിണ്ടാപ്രാണികളോട് മനുഷ്യന്‍ കാണിക്കുന്നത് മാപ്പര്‍ഹിക്കാത്ത കൊടുംക്രൂരതകളാണെന്ന് മനസിലാകും.
പാപ്പാനെ സ്വാധീനിച്ച് ആനയ്ക്ക് മദ്യം നല്‍കുകയും മത്ത് പിടിച്ച ആന കാണിക്കുന്ന വിക്രിയകള്‍ കണ്ട് രസിക്കുകയും ആനയുടെ വാലില്‍ത്തൂങ്ങി പീഡിപ്പിക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ സാക്ഷരതയില്‍ മുന്നില്‍ നില്‍ക്കുന്ന നമ്മള്‍ ലജ്ജിച്ച് തല താഴ്‌ത്തേണ്ടിവരും.
ഉത്സവകാലമായതിനാല്‍ ഇനി ആന എഴുന്നള്ളത്തിന്റെ കാലമാണ്. തങ്ങളുടെ പ്രൗഢികാണിക്കാന്‍ ഉത്സവ കമ്മിറ്റിക്കാര്‍ തമ്മില്‍ കൊടും മത്സരമാണ്. ഇത് സംഗതി കൂടുതല്‍ വഷളാക്കുകയും ചെയ്യുന്നു.

കേരളത്തില്‍ എല്ലാ ജാതിമതസ്ഥരുടേതുമായി ചുരുങ്ങിയത് ഇരുപത്തി അയ്യായിരത്തോളം ഉത്സവങ്ങളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇവയില്‍ ബഹുഭൂരിപക്ഷത്തിലും ആനയെ എഴുന്നള്ളിക്കുന്നതാണ്. അമ്പതും അറുപതും ആനകളെ അണിനിരത്തുന്ന ഉത്സവങ്ങളുണ്ട്. തൃശൂര്‍ പൂരത്തിന് മാത്രം നൂറോളം ആനകള്‍ വേണം.

കാട്ടില്‍ നിന്ന് ആനകളെ പിടികൂടുന്നത് നിരോധിച്ചിട്ടുള്ളതുകൊണ്ടും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ആനകളെ കൊണ്ടുവരാന്‍ നിയമതടസമുള്ളതുകൊണ്ടും കേരളത്തില്‍ നാട്ടാനകള്‍ക്ക് ക്ഷാമമുണ്ട്. അതിനാല്‍ ഉള്ള ആനകളെക്കൊണ്ട് ഉത്സവസീസണുകളില്‍ അമിത ജോലി ചെയ്യിപ്പിക്കുകയാണ്. എണ്‍പതു മുതല്‍ നൂറുവരെ ഉത്സവങ്ങളിലാണ് പ്രതിവര്‍ഷം ഒരു നാട്ടാന പങ്കെടുക്കുന്നത്. വിശ്രമമില്ലാതെ ആവശ്യത്തിന് ഭക്ഷണമില്ലാതെ, ഉറങ്ങാന്‍ കഴിയാതെ ആനകള്‍ നാടാകെ സഞ്ചാരത്തിലാണ്. കഠിനാധ്വാനം, ജനങ്ങളുടെ മോശമായ പെരുമാറ്റം ഇവ ആനകളെ കോപിഷ്ഠരാക്കുന്നു. ആനകള്‍ വിരളുന്നതിന് കാരണമിതാണ്. ശാസ്ത്രീയ പരിശീലനം ലഭിക്കാത്ത പാപ്പാന്മാരും ആനകള്‍ വിരണ്ടോടുന്നതിന് കാരണമാകുന്നു. കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയില്‍ ക്ഷുഭിതരായ ആനകളുടെ ആക്രമണത്തില്‍ 350 ഓളം പേര്‍ മരിച്ചിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്. ഇതില്‍ 277 പേരും പാപ്പാന്മാരാണ്. ദിവസവും കുറഞ്ഞത് ആറ് മണിക്കൂര്‍ ആനയ്ക്ക് ഉറക്കം ആവശ്യമാണ്. ഇത് പലപ്പോഴും കിട്ടാത്തതും ആനപ്പകയ്ക്ക് കാരണമാകുന്നു.

കഠിനമായ പ്രയത്‌നം ആനയുടെ ആയുസിനെയും പ്രതികൂലമായി ബാധിക്കുന്നു. കേരളത്തില്‍ എഴുന്നൂറോളം നാട്ടാനകള്‍ ഉള്ളതായാണ് കണക്കാക്കപ്പെടുന്നത്. ഓരോ വര്‍ഷവും ഇരുപത് നാട്ടാനകളെങ്കിലും ചരിയുന്നുണ്ട്. നാട്ടാനകളുടെ ആയുസ് എണ്‍പത് വയസ് വരെ ആണെങ്കിലും അമ്പപത് വയസ് എത്തുന്നതിന് മുമ്പേ ചെരിയുകയാണ്. ഇതില്‍ത്തന്നെ പകുതിയോളം മുപ്പത് വയസ് കഴിയുന്നില്ല. വിവിധ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ആന പരിപാലനത്തെക്കുറിച്ചുള്ള ശാസ്ത്രീയ പരിശീലനം ഇല്ലാത്തതാണ് നാട്ടാനകള്‍ മൂപ്പെത്തുന്നതിന് മുന്‍പേ ചെരിയുന്നതിന് കാരണമെന്നാണ്. ആന പാപ്പാന്മാര്‍ക്ക് യാതൊരുവിധ ശാസ്ത്രീയ അറിവുകളും ആനയെക്കുറിച്ച് ഇല്ലയെന്നതാണ് വിചിത്രം.

കേരളത്തില്‍ ആനയുടെ ജനനം മുതല്‍ മരണംവരെയുള്ള കാര്യങ്ങള്‍ നിയന്ത്രിക്കുന്ന ചട്ടങ്ങളുണ്ട്. പ്രസവശുശ്രൂഷ മുതല്‍ പോസ്റ്റുമോര്‍ട്ടം വരെ എങ്ങനെ വേണമെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് ഈ നിയമങ്ങള്‍. നാട്ടാന പരിപാലന ചട്ടങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നത് വന്യജീവി പരിപാലന നിയമത്തിലുള്ള വ്യവസ്ഥകള്‍ക്കനുസരിച്ചാണ്. 2003 ല്‍ നിലവില്‍ വന്ന ചട്ടങ്ങള്‍ 2012 ല്‍ ചില മാറ്റങ്ങളോടെ പുതുക്കി വിജ്ഞാപനം ചെയ്തു.
നാട്ടാനയെ ചട്ടം പറയുന്ന രീതിയില്‍ പരിപാലിക്കാതെ വെറും ലാഭത്തിനുവേണ്ടി കൊല്ലാക്കൊല ചെയ്യുകയാണെങ്കില്‍ ഉടമയ്ക്ക് തടവുശിക്ഷ ഉള്‍പ്പെടെ നല്‍കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്.

ആനയുടെ ആരോഗ്യം

ആനയ്ക്ക് ഭക്ഷണം നല്‍കുന്നത് സംബന്ധിച്ച് ചട്ടങ്ങളില്‍ വ്യക്തമായി പറയുന്നുണ്ട്. ഉയരം അനുസരിച്ച് നല്‍കേണ്ട ഭക്ഷണത്തിന്റെ പട്ടികയുമുണ്ട്. രണ്ടേകാല്‍ മീറ്ററിലേറെ ഉയരമുള്ള വലിയ ആനയ്ക്ക് 250 കിലോ പച്ചത്തീറ്റ നല്‍കണം. ഒന്നര മീറ്ററില്‍ താഴെ പ്രായമുള്ള കുട്ടിയാനയ്ക്ക് 100 കിലോയില്‍ കുറയാതെ തീറ്റകൊടുക്കണം. ചൂട് കാലത്ത് തണുത്ത ഭക്ഷണവും ഉറപ്പാക്കണം. ആവശ്യത്തിന് വെള്ളം പുഴയില്‍ നിന്നോ മറ്റോ ലഭ്യമാക്കണം.
ഒന്നര മീറ്റര്‍വരെ ഉയരമുള്ള ആനയെക്കൊണ്ട് ഭാരം എടുപ്പിക്കരുത്. ഒന്നര മീറ്റര്‍ മുതല്‍ 1.8 മീറ്റര്‍ വരെ പാപ്പാനെയും ഭക്ഷണവും ചുമക്കാം. 2.26 മീറ്റര്‍ മുതല്‍ 2.55 മീറ്റര്‍ വരെയാണ് ഉയരമെങ്കില്‍ പരമാവധി 300 കിലോ ചുമടെടുപ്പിക്കാം. തടി വലിക്കുന്നതിനും വ്യക്തമായ നിയമമുണ്ട്. 12 മാസം ഗര്‍ഭമുള്ള ആനയെയും ആറ് മാസത്തില്‍ താഴെ പ്രായമുള്ള കുട്ടിയുള്ള ആനയെയും കൊണ്ട് ജോലി എടുപ്പിക്കരുത്.

മുപ്പത് കിലോമീറ്ററില്‍ കൂടുതല്‍ ഒരു ദിവസം ആനയെ നടത്തിക്കരുത്. വാഹനങ്ങളില്‍ കൊണ്ടുപോകുമ്പോള്‍ 12 അടിയില്‍ കുറഞ്ഞ നീളമുള്ള ട്രക്കില്‍ മുതിര്‍ന്ന ആനയെ കയറ്റാന്‍ പാടില്ല. ആനയെ എന്നും കുളിപ്പിക്കുന്നുണ്ട് എന്ന് ഉറപ്പാക്കണം. പരിക്കോ, അസുഖമോ, ഗര്‍ഭമോ ഉണ്ടെങ്കില്‍ പാപ്പാന്‍ ഉടമയെ അറിയിക്കണം. ഉടമ മൃഗ ഡോക്ടര്‍മാരുടെ സഹായം തേടണം. ആനയ്ക്ക് മാരകമായ എന്തെങ്കിലും രോഗം വന്നാല്‍ 24 മണിക്കൂറിനകം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനേയോ അദ്ദേഹം ചുമതലപ്പെടുത്തിയ ആളിനേയോ അറിയിക്കണം.
മുന്‍കൂട്ടി അനുവാദമില്ലാതെ ആനയ്ക്ക് ഒരു തരത്തിലുള്ള വന്ധ്യംകരണ ശസ്ത്രക്രിയയും നടത്തരുത്. മദപ്പാട് കണ്ടാല്‍ മൃഗഡോക്ടറെ കാണിക്കണം. ഡോക്ടര്‍ എഴുതിതരാതെ ഒരമരുന്നും മദം തടയാനായി നല്‍കരുത്. ആനയ്ക്ക് വിശ്രമിക്കാന്‍ വൃത്തിയുള്ള കൂട് (തൊഴുത്ത്) വേണം. ആനയുടെ പഠിപ്പമനുസരിച്ചായിരിക്കണം കൂടിന്റെ വിസ്താരം. മുതിര്‍ന്ന ആനയ്ക്ക് ഒന്‍പത് മീറ്റര്‍ നീളവും ആറ് മീറ്റര്‍ വീതിയുമുള്ള കൂടാണ് വേണ്ടത്. അടച്ചുകെട്ടിയ ഷെഡാണെങ്കില്‍ അഞ്ച് മീറ്ററെങ്കിലും ഉയരം വേണം.
ആനയ്ക്ക് 65 വയസായാല്‍ വിരമിക്കാന്‍ അനുവദിക്കണം. പിന്നെ സാധാരണ ജോലിയില്‍ നിന്നും ഒഴിവാക്കണം.

ആനയും പാപ്പാനും

ആനയുടമ ആനയെ പരിപാലിക്കാന്‍ മൂന്ന് വര്‍ഷമെങ്കിലും പ്രവൃത്തി പരിചയമുള്ള പാപ്പാനെ നിയമിക്കണമെന്നാണ് ചട്ടത്തിലുള്ളത്. പാപ്പാന്റെ പ്രവൃത്തിപരിചയത്തിന് സര്‍ട്ടിഫിക്കറ്റ് ഉണ്ടാകണം. വനം വകുപ്പ് നല്‍കുന്ന പരിശീലനം പാപ്പാന്മാര്‍ക്ക് ലഭിക്കുന്നുവെന്ന് ഉടമ ഉറപ്പ് വരുത്തണം. പാപ്പാന് സഹായി ആയി ഒരാളെങ്കിലും ആനയുടമ നിയമിക്കണം.
പാപ്പാനെ രണ്ട് വര്‍ഷത്തിലൊരിക്കല്‍ ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കണം. ആനയിലേക്ക് പകരാനിടയുള്ള രോഗങ്ങള്‍ പാപ്പാനില്ലെന്ന് ഉറപ്പാക്കണം.

ആനയും ഉത്സവങ്ങളും

ഉത്സവത്തിന് ആനയെ കൊണ്ടുപോകുമ്പോള്‍ സംഘാടകര്‍ പരിപാടിയുടെ വിശദാംശങ്ങള്‍ അധികൃതര്‍ക്ക് എഴുതി നല്‍കണം. പകല്‍ 11നും 3.30നും ഇടയിലുള്ള സമയം ആനയെ എഴുന്നെള്ളിക്കാന്‍ പാടില്ല. ദിവസവും ആറ് മണിക്കൂറില്‍ കൂടുതല്‍ തുടര്‍ച്ചയായി എഴുന്നെള്ളിപ്പിന് ഉപയോഗിച്ച ആനയെ പിറ്റേദിവസം പകല്‍ വീണ്ടും എഴുന്നെള്ളിപ്പിന് ഉപയോഗിക്കരുത്.

ആനയെ ഉപയോഗിച്ചുള്ള പുതിയ പൂരങ്ങള്‍ക്ക് അനുവാദമില്ല. 2012 ന് ശേഷുള്ള പുതിയ ഉത്സവങ്ങള്‍ക്ക് ആനയെ ഉപയോഗിക്കരുത്. നിലവിലുള്ള എഴുന്നെള്ളിപ്പിന് ആനയുടെ എണ്ണം കൂട്ടരുത്. ഇരുപത്തി അഞ്ച് വര്‍ഷം മുന്‍പ് ആനയോട്ടം പോലുള്ള ചടങ്ങുകള്‍ക്ക് ആനയെ ഉപയോഗിച്ചിരുന്നിടത്തല്ലാതെ ഒരിടത്തും ഇത്തരം ചടങ്ങുകള്‍ പാടില്ല.
പഴയ പൂരങ്ങള്‍ക്കാണെങ്കിലും 15ല്‍ കൂടുതല്‍ ആനയെ ഉപയോഗിച്ചുള്ള ഉത്സവങ്ങള്‍ക്ക് സ്ഥലസൗകര്യമുണ്ടോയെന്ന് മോണിറ്ററി കമ്മിറ്റി സാക്ഷ്യപ്പെടുത്തണം. മൂന്നില്‍ കൂടുതല്‍ ആനയെ ക്ഷേത്രത്തിനുള്ളില്‍ പ്രവേശിപ്പിക്കരുത്. ആന പാപ്പാന്മാര്‍ അല്ലാതെ ആരും ആനയെ സ്പര്‍ശിക്കരുത്. പാപ്പാന്‍ മദ്യപിച്ചിട്ടുണ്ടെങ്കില്‍ ജോലി ചെയ്യാന്‍ അനുവദിക്കരുത്. പൊതുജനങ്ങള്‍ ആനയില്‍ നിന്നും മൂന്ന് മീറ്റര്‍ അകലെ മാത്രമേ നില്‍ക്കാവു.

Related News